ലണ്ടന്‍: പെനല്‍റ്റി ഷൂടൗട്ട് വരെ നീണ്ട രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനൊടുവില്‍ ജയത്തോടെ ആഴ്സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. പോര്‍ചുഗല്‍ ക്ലബ്ബ് എഫ്സി പോര്‍ട്ടോയെ ആണ് ആഴ്സണല്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 1-1(4-2). ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിയെ രണ്ടാം പാദത്തില്‍ തകര്‍ത്ത് സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സിലോണയും പ്രീക്വാര്‍ട്ടര്‍ കടന്നു. രണ്ടാം പകുതിയില്‍ നാപ്പോളിക്കെതിരെ 3-1ന്റെ ജയമാണ് ബാഴ്സ സ്വന്തമാക്കിയത്.
ആദ്യപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ട്ടോയുമായി തോല്‍വി പണഞ്ഞ ആഴ്സണല്‍ ഇന്നലെ കളി തുടങ്ങുമ്പോള്‍ 1-0ന് പുറകിലായിരുന്നു. ആദ്യ പകുതിയില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് നേടിയ ഗോളില്‍ 41-ാം മിനിറ്റില്‍ ആഴ്സണല്‍ ഒപ്പമെത്തി. പിന്നീട് പലകുറി അവര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നുപോലും ഗോളാക്കാനായില്ല. ഒടുവില്‍ ഗോളില്ലാതെ അധികസമയ മത്സരവും തീര്‍ന്നതോടെ വിജയിയെ നിര്ണായിക്കാന് പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. ആഴ്സണല്‍ തൊടുത്ത നാല് സ്പോട്ട് കിക്കുകളും വലയിലെത്തിച്ചു. പോര്‍ട്ടോയുടെ ഷോട്ടുകളില്‍ രണ്ടെണ്ണം സേവ് ചെയ്തുകൊണ്ട് ഗോളി ഡേവിഡ് റായാ ആഴ്സണലിനെ രക്ഷിച്ചു.
നാപ്പോളിക്കെതിരായ ബാഴ്സയുടെ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരം ഓരോ ഗോള്‍ സമനിലയില്‍ കലാശിച്ചിരുന്നു. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന കളിയില്‍ നാപ്പോളിയുടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടിക്കൊണ്ടാണ് ബാഴ്സ ജയിച്ചത്. രണ്ട് പാദങ്ങളിലുമായി 4-2നാണ് ബാഴ്സയുടെ വിജയം.
15-ാം മിനിറ്റില്‍ ഫിര്‍മിന്‍ ലോപ്പസും രണ്ട് മിനിറ്റിനകം യോഹോ കാന്‍സെലോയും നേടിയ ഗോളുകളില്‍ ബാഴ്സ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. 30-ാം മിനിറ്റില്‍ ബാഴ്സയെ ഞെട്ടിച്ച് നാപ്പോളി കരുത്തുകാട്ടി. പിന്നീട് രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡേവ്സ്കി നേടിയ ഗോളോടെ ബാഴ്സ വിജയം ഉറപ്പാക്കുകയായിരുന്നു. മത്സരത്തിന്റെ 83-ാം മിനിറ്റിലാണ് ബാഴ്സ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: