മാറനല്ലൂര്‍: മണ്മറയുന്ന കൊയ്ത്ത് പാട്ടിന്റെ ഈരടിത്താളം വാനോളം ഉയര്‍ത്തി ആര്‍പ്പോ വിളികളുടെ ആവേശത്തിമിര്‍പ്പില്‍ ഒരു സ്കൂള്‍ കൊയ്ത്തുത്സവം. വെളിയന്നൂര്‍ പി.എസ്. നടരാജപിള്ള മെമ്മോറിയല്‍ യുപി സ്കൂളിലെ കുട്ടികള്‍ വിദ്യാലയ മുറ്റത്തെ പത്ത് സെന്റില്‍ ആരംഭിച്ച കരനെല്‍ കൃഷി വിളവെടുപ്പാണ് കൊയ്ത്തുത്സവമാക്കി ആഘോഷിച്ചത്. കൊയ്ത്തുത്സവം വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ കര്‍ഷകവേഷം ധരിച്ച് കൊയ്ത്തുപാട്ടുകള്‍ പാടി പാടത്തേക്കിറങ്ങി നെല്ല് കൊയ്തു.
സ്കൂളിലെ കുട്ടികളുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയത്തിലെ സംസ്കൃത അധ്യാപകനും ബിജെപി ടീച്ചേഴ്സ് സെല്‍ ജില്ലാ കണ്‍വീനറുമായ പൂവച്ചല്‍ ആദര്‍ശിന്റെ പിന്ബലവുമുണ്ടായിരുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സ്കൂള്‍ നടത്തുന്നതെന്ന് പ്രധാനാധ്യാപിക ശ്രീലേഖ പറഞ്ഞു. നെല്‍കൃഷിക്ക് പുറമെ വാഴ, മരച്ചീനി, പച്ചക്കറികള്‍, ചെറുധാന്യങ്ങള്‍ എന്നിവയും പരിസ്ഥിതി ക്ലബ് കണ്‍വീനറായ അധ്യാപകന് ആദര്‍ശിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ കൃഷി ചെയ്തു വരുന്നു.
കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ പതിനായിരം രൂപ ധനസഹായം അടുത്തിടെ സ്കൂളിന് ലഭിച്ചു. കവയത്രി സുഗതകുമാരിയുടെ ഓര്‍മയ്ക്ക് ‘സുഗതവനം’ എന്ന പേരില്‍ വിവിധങ്ങളായ ഫലവൃക്ഷങ്ങളും സ്കൂളില്‍ പരിപാലിക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠന്, വാര്‍ഡ് മെമ്പര്‍ ആശാമോള്‍, കൃഷി ഓഫീസര്‍ ഉല്ലാസ് റ്റി.ജി., മാനേജര്‍ പ്രദീപ് നാരായണ്‍, പിടിഎ പ്രസിഡന്റ് ഹരിഹരന്, മുതിര്‍ന്ന കര്ഷകന് മണികണ്ഠന് നായര്‍, ക്ലബ് കോര്‍ഡിനേറ്റര്‍ ആദര്‍ശ് എം.എം., ക്ലബ്ബംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: