തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കിന്റെ കാര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തെപ്പോലും വെട്ടിച്ച് മുന്നേറുകയാണ് അദാനിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം. ഇപ്പോള്‍ ഈ വിമാനത്താവളത്തിന്റെ പുതിയ വികസന പദ്ധികള്‍ക്ക് പിണറായി സര്‍ക്കാര്‍ പച്ചക്കൊടി വീശിയിരിക്കുകയാണ്. ഇതോടെ 4000 കോടിയുടെ പുതിയ വികസന പദ്ധതികളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അദാനി നടപ്പാക്കുക. അതോടെ ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ വിമാനത്താവളങ്ങളില്‍ ഒന്നായി തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം മാറും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തൊട്ടടുത്ത് 240 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ പണിയാനുള്ള അനുമതി പിണറായി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ചാക്കയിലെ ടെര്‍മിനലിന് വലതുഭാഗത്താണ് പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കുക. 660 പേര്‍ക്ക് ഇവിടെ ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. വിമാനത്താവളത്തിലേക്കുള്ള ഫ്ലൈ ഓവര്‍ ഇറങ്ങുന്നതിനടുത്താണ് ഹോട്ടല്‍ വരിക. ഒബറോയ് പോലുള്ള വലിയ ഗ്രൂപ്പാണ് ഹോട്ടല്‍ നിര്മ്മാണത്തിനെത്തുക. അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്നും ഹോട്ടലിലേക്ക് 150 മീറ്റര്‍ മാത്രം അകലെയാണ്.
പണ്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിയ്ക്ക് നല്കുന്നതില് വലിയ കുണ്ഠിതമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും. ഒടുവില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് കിട്ടിയപ്പോള്‍ അതിനെതിരെ സമരം നടത്തുകപോലും ചെയ്തു സിപിഎം. പക്ഷെ അതിവേഗത്തിലായിരുന്നു ഈ വിമാനത്താവളത്തിന്റെ കുതിപ്പ്.
റണ്‍വേ വികസനത്തിന് വിഎസ്എസ് സിക്ക് അടുത്തുള്ള ഭൂമി വിട്ടുനല്‍കണമെന്ന അദാനിയുടെ ആവശ്യപ്രകാരം എയര്‍പോര്‍ട്ട് അതോറിറ്റി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
2070 വരെയുള്ള ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ളവികസനമാണ് നടപ്പാക്കുക. അന്താരാഷ്ട്ര ടെര്‍മിനല്‍ കൂടുതല്‍ സൗകര്യത്തോടെ പുതുക്കിപ്പണിയും.
അദാനിയുടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2023ല്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലായിരുന്നു. ഇത് പുതിയ ഒരു റെക്കോഡായിരുന്നു. കാരണം കേരളത്തിലെ വിമാനത്താവളങ്ങളില്‍ പൊതുവേ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ആഭ്യന്തരയാത്രക്കാരേക്കാള് എപ്പോഴും കൂടി നില്‍ക്കുകയാണ് പതിവ്. ഈ പതിവ് അദാനിയുടെ ഏറ്റെടുക്കലിന് ശേഷം തിരുവനന്തപുരം വിമാനത്താവളം തെറ്റിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന കൂടുതല്‍ ഫ്ളൈറ്റുകള്‍ ആരംഭിച്ചതാണ് ഇവിടുത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുതിച്ചുയരാന്‍ കാരണമായത്. 2023ല്‍ ഇവിടെ 22 ലക്ഷത്തോളം ആഭ്യന്തരയാത്രികരാണ് തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിച്ചത്. എന്നാല്‍ ഇവിടെ നിന്നും പറന്ന അന്താരാഷ്ട്ര യാത്രികരുടെ എണ്ണമാകട്ടെ 19 ലക്ഷം മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: