ഇടുക്കി: മൂന്നാറിലെ കാട്ടാന പടയപ്പ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കാൻ വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. പടയപ്പ ജനവാസ മേഖലകളിലെത്താതെ ശ്രദ്ധിക്കുകയാണ് സ്പെഷ്യൽ ടീമിന്റെ ചുമതല.
വന്യമൃഗ ആക്രമണം തടയാൻ നിലവിൽ പത്ത് RRT യും, രണ്ട് സ്പെഷ്യൽ ടീം ഉണ്ട്. ഇത് കൂടുതൽ വിപുലീകരിക്കും. ആനയ്‌ക്ക് വനത്തിനുള്ളില്‍ ആഹാരവും വെള്ളവും ഉറപ്പാക്കാന്‍ പദ്ധതികള്‍ നടപ്പാക്കും. കൂടുതൽ സ്ഥലങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്തും. നഷ്ടപരിഹാരം കൊടുക്കുന്നതിൽ കാലതാമസം ഉണ്ടാകില്ല. ഫെൻസിങിന് അടിയന്തര അറ്റകുറ്റ പണി നടത്താൻ പഞ്ചായത്തുകൾ ഫണ്ട് മാറ്റി വക്കും.
വന്യ ജീവി ആക്രമണം തടയാൻ കൂടുതൽ പരിപാടികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തുമെന്നും സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. അതേസമയം പടയപ്പ മദപ്പാടിലാണെന്നും ജാഗ്രത വേണമെന്നും വനം വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ ആന കൂടുതൽ ആക്രമണകാരിയാകാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: