പത്തനംതിട്ട: ആഗ്നേയ ഗ്രഹമായ ചൊവ്വ വായുതത്വ പ്രധാനമായ ശനി നില്ക്കുന്ന കുംഭരാശിയിലേക്ക് എത്തുന്ന മാര്‍ച്ച് 15ന് (വെള്ളി) അഗ്നിമാരുത യോഗത്തിനു തുടക്കമാകുമെന്ന് ജ്യോതിഷികള്‍ പറയുന്നു. വെള്ളി വൈകിട്ട് 5.28നാണ് ചൊവ്വ ശനിയുടെ സ്വക്ഷേത്രമായ കുംഭത്തിലേക്ക് എത്തുക. ഏപ്രില്‍ 23നു രാവിലെ 8.12 വരെ ചൊവ്വ ഈ രാശിയില്‍ തുടരും. ചൊവ്വ കുംഭത്തില്‍ നില്ക്കുന്ന 40 ദിവസമാണ് അഗ്നിമാരുത യോഗം മൂലമുള്ള ദോഷഫലങ്ങള്‍ അനുഭവപ്പെടുക.
ചൊവ്വയും ശനിയും ഒരേ രാശിയില്‍ നില്‍ക്കുമ്പോഴോ, പരസ്പരം നോക്കുമ്പോഴോ ആണ് അഗ്നിമാരുത യോഗം സംഭവിക്കുക. വിഷവാതകങ്ങള്‍ നിറഞ്ഞ അന്തരീക്ഷമുള്ള ശനിയെ ജ്യോതിഷത്തില്‍ വായുതത്വ പ്രതീകമായാണ് കണക്കാക്കുന്നത്. തീജ്വാല പോലെ ചുവന്നു കാണുന്നതിനാലാണ് ചൊവ്വയെ ആഗ്നേയ ഗ്രഹമായി കരുതുന്നത്.
തീയുള്ളിടത്ത് കാറ്റടിച്ചാലുള്ള അവസ്ഥയാണ് അഗ്നിമാരുത യോഗത്തില്‍ ഉണ്ടാവുക. വേനലിനു കാഠിന്യം കൂട്ടുകയും അഗ്നിബാധകള്‍ മൂലമുള്ള അപകടങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നതിനു പുറമേ അഗ്നിപര്‍വത സ്ഫോടനം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും യുദ്ധക്കെടുതികള്‍ക്കും യോഗം കാരണമാകും.
രാജ്യങ്ങളും രാഷ്ടത്തലവന്മാരും തമ്മില്‍ സംഘര്‍ഷം രൂക്ഷമാവുക, അധികാരികള്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടുക, സാംക്രമിക രോഗങ്ങള്‍ കൂടുക, ജല-ആകാശ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ അപകടം വര്‍ധിക്കുക എന്നിവയൊക്കെ ഈ ദോഷസന്ധിയില് സംഭവിക്കാം. വ്യക്തി തലത്തിലേക്കു വന്നാല്‍, അമിതക്ഷോഭം, നൈരാശ്യം, കുടുംബകലഹം, ആത്മഹത്യ, കൊലപാതക പ്രേരണ എന്നിങ്ങനെ ആവും ദോഷാനുഭവങ്ങള്‍.
എന്നാല്‍ ഇത്തവണ അഗ്നിമാരുത യോഗം വരുന്നത് ശനിക്ഷേത്രമായ കുംഭത്തില്‍ ആണെന്നതിനാല്‍ ദോഷകാഠിന്യം അല്പം കുറഞ്ഞിരിക്കും. ശനിയുടെ സ്വക്ഷേത്രങ്ങളിലും (മകരം, കുംഭം) ഉച്ചക്ഷേത്രമായ തുലാത്തിലും ചൊവ്വയുടെ സ്വക്ഷേത്രങ്ങളായ വൃശ്ചികം, മേടം, ഉച്ചക്ഷേത്രമായ മകരം എന്നിവയില്‍ ഏതിലെങ്കിലുമാണ് ഈ യോഗം വരുന്നതെങ്കില്‍ കാഠിന്യം കുറയും. എന്നാല്‍ ദോഷം പൂര്‍ണമായി ഇല്ലാതാവുകയില്ല.
വ്യക്തിതലത്തില്‍ ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി എന്നിവ ഉള്ളവര്‍ക്കും ശനിദശയില്‍ ചൊവ്വയുടെ അപഹാരവും ചൊവ്വാദശയില്‍ ശനിയുടെ അപഹാരവും ഉള്ളവര്‍ക്കും ഈ 40 ദിവസം താരതമ്യേന കഠിനമായിരിക്കും. ഇതിനു മുമ്പ് അഗ്നിമാരുത യോഗം വന്നത് 2022 ഏപ്രില്‍ 28 മുതല്‍ മേയ് 17 വരെ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: