ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളാണ് ചിലര്‍ പ്രചരിപ്പിച്ചത്. പൗരത്വം നല്‍കാനുള്ള നിയമമാണിത്. ഒരു ഭാരത പൗരന്റെയും പൗരത്വം നിയമം മൂലം എടുത്തുകളയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
നിയമം നിലവില്‍ വന്നതിലൂടെ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളില്പെട്ടവരുടെ പുനരധിവാസത്തിനും പൗരത്വത്തിനുമുള്ള നിയമപരമായ തടസങ്ങള്‍ നീങ്ങും. 2014 ഡിസംബര്‍ 31ന് മുമ്പ് ഭാരതത്തില്‍ അഭയം തേടിയവര്‍ക്കാണ് പൗരത്വം ലഭിക്കുക.
പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് മാന്യമായ ജീവിതം നല്കാന് ഇത് സഹായിക്കും. പൗരത്വ അവകാശം അഭയാര്‍ത്ഥികളുടെ സാംസ്കാരികവും ഭാഷാപരവും സാമൂഹികവുമായ സ്വത്വത്തെ സംരക്ഷിക്കും. സാമ്പത്തിക, വാണിജ്യ, സ്വതന്ത്ര സഞ്ചാര, വസ്തു വാങ്ങല്‍ അവകാശങ്ങളും ഉറപ്പാക്കും.
ഈ നിയമം വര്‍ഷങ്ങളായി പീഡനം അനുഭവിക്കുകയും ഭാരതമല്ലാതെ ലോകത്ത് മറ്റൊരു അഭയകേന്ദ്രവുമില്ലാത്തവര്ക്കു വേണ്ടിയുള്ളതാണ്. മതപീഡനത്തിനിരയായ അഭയാര്‍ത്ഥികള്‍ക്ക് മൗലികാവകാശങ്ങള്‍ നല്‍കാനും മാനുഷിക കാഴ്ചപ്പാടില്‍ പൗരത്വം നല്‍കാനുമുള്ള അവകാശം ഭാരതത്തിന്റെ ഭരണഘടന നല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: