ഭാഗവതത്തിലെ അഷ്ടമസ്‌കന്ധത്തില്‍ 18 മുതല്‍ 23 വരെയുള്ള ആറ് അദ്ധ്യായങ്ങളിലായാണ് വാമനാവതാരകഥ വര്‍ണിച്ചിട്ടുള്ളത്. ഇതുപോലെ സ്‌കന്ദപുരാണം, വായുപുരാണം, നാരദ പുരാണം, കൂര്‍മ്മപുരാണം ഇവയിലെല്ലാം ഈ കഥ പരാമൃഷ്ടമായിട്ടുണ്ട്. തന്നെയല്ല വാമനന്റെ പേരില്‍ത്തന്നെ മറ്റൊരു മഹാപുരാണവും (വാമനപുരാണം) ഉണ്ട്. മൂന്നടിയില്‍ ലോകം മുഴുവന്‍ അളന്നെടുക്കുന്നതിന് ത്രിവിക്രമസ്വരൂപിയായി വളര്‍ന്ന ഭഗവാന്റെ കഥ ഋഗ്വേദത്തിലും സൂചിതമായിട്ടുണ്ട്. ഭാഗവതത്തിലാകട്ടെ പൂര്‍ണാവതാരമെന്ന നിലയില്‍ വര്‍ണിക്കപ്പെടുന്ന ശ്രീകൃഷ്ണന്റെ അവതാരകഥപോലെ തന്നെയാണ് വാമനാവതാരവും വര്‍ണിക്ക പ്പെട്ടിട്ടുള്ളത്. അവിടേയും ചതുര്‍ബാഹുരൂപത്തിലാണ് ഭഗവാന്റെ ആവിര്‍ഭാവം.
തന്നെയല്ല, താന്‍ ആദ്യം പൃശ്‌നിഗര്‍ഭനായും വാമന നായും അവതരിച്ചിരുന്നു, എന്ന് ഭഗവാന്‍ ദേവകീവസുദേവന്മാരോട് പറയുകയും ചെയ്യുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ കഥയ്‌ക്ക് വളരെയധികം മഹത്ത്വവും പ്രാധാന്യവും നല്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ കഥ വളരെ അനുചിതമായ രീതിയിലാണ് ലോക ത്തില്‍ പ്രചരിക്കപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ഇത് അധര്‍മ്മത്തിന്റേയും അനീതിയുടേയും കഥയായാണ് മനസ്സിലാക്കപ്പെടുന്നത്. എന്തുകൊണ്ട് പുരാണങ്ങളില്‍ അനീതിയുടേതായി ധരിക്കപ്പെടുന്ന ഇങ്ങനെ ഒരു കഥ വര്‍ണിക്കപ്പെട്ടിരിക്കുന്നു എന്നതിന് സമാധാനമായി, സാധാരണയായി പറഞ്ഞുവരുന്നത് മഹാബലിക്ക് താന്‍ ലോകേശ്വരനാണെന്ന അഹങ്കാരമുണ്ടായിരുന്നു, അത് തീര്‍ക്കുന്നതിനാണ് ഭഗവാന്റെ വാമനാവതാരം, ആ ദൃഷ്ട്ടിയില്‍ ഇതില്‍ അനീതിയില്ല, എന്നാണ്. ഈ വ്യാഖ്യാനം വളരെ ദുര്‍ബലമാണെന്നു പറയാതെ വയ്യ. പുരാണങ്ങള്‍ ഇത്ര പ്രാധാന്യം നല്കിപ്പറഞ്ഞിട്ടുള്ള കഥയ്‌ക്ക് മറ്റൊരു തരത്തിലുള്ള വ്യാഖ്യാനമാണ് ഇവിടെ സംഗതമായിട്ടുള്ളത്.
പുരാണ സങ്കല്പം
വാസ്തവത്തില്‍ ലോകവ്യവസ്ഥയെപ്പറ്റിയുള്ള പുരാണ സങ്കല്പം ശരിക്കും മനസ്സിലാക്കുമ്പോഴേ ഈ കഥയുടെ ധാര്‍മ്മിക മൂല്യം ധരിക്കാനാവുകയുള്ളൂ. പുരാണസങ്കല്പമനുസരിച്ച് ത്രിമൂര്‍ ത്തികളായ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനുമാണ് ലോകത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് യഥാക്രമം ചുമതലപ്പെട്ടിട്ടുള്ളത്. ഇതില്‍ സ്ഥിതി, അതായത് വ്യവസ്ഥ, അഥവാ വ്യവസ്ഥയോടെയുള്ള ഭരണം വിഷ്ണുവിന്റെ ജോലിയാണ്. വിഷ്ണു അതു നിര്‍വഹിക്കുന്നത് ധര്‍മ്മം എന്ന ഭരണഘടനയനുസരിച്ചാണ്. ആ ഭരണഘടനയനുസരിച്ച് നൂറു ദിവ്യവര്‍ഷമാണ് ഇന്ദ്രനു വിധിച്ചിരി ക്കുന്നത്. (ബ്രഹ്മാവിനും നൂറു ബ്രഹ്മവര്‍ഷമാണ്. മനുഷ്യനും നൂറു മനുഷ്യവര്‍ഷമാണ്. എല്ലാ ജീവജാലങ്ങള്‍ക്കും നൂറുവര്‍ഷം വീതമാണ്. എന്നാല്‍ ഈ വര്‍ഷ ങ്ങളുടെ ദൈര്‍ഘ്യം ആപേക്ഷികമാണ്. ജീവചൈതന്യത്തിന്റെ കൂടുതല്‍ കുറവനുസരിച്ച് വര്‍ഷങ്ങളുടെ ദൈര്‍ഘ്യം ആപേക്ഷികമായി വ്യത്യാസപ്പെട്ടിരിക്കും). ഇന്ദ്രനും ഭരണം നൂറുദേവവര്‍ഷക്കാലമാണെന്നു പറഞ്ഞുവല്ലോ.
ഭഗവാന്‍ വിഷ്ണു തനിക്കുവേണ്ടി ഭരണം നടത്താന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് ഇന്ദ്രനെയാണ്. ആ ഇന്ദ്രന്റെ കീഴിലാണ് സൂര്യചന്ദ്രന്മാരും വരുണനും വായുവുമെല്ലാം. ആ നിലയ്‌ക്ക് ആ ഇന്ദ്രനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ആര്‍ക്കുമധികാരമില്ല. അങ്ങനെ ചെയ്താല്‍ വിശ്വത്തിന്റെ ഭരണഘടന ലംഘിക്കപ്പെടും. അത് ലോകവ്യവസ്ഥയെ തന്നെ തകിടം മറിക്കുകയാകും. തന്നിമിത്തമാണ് പലപ്പോഴും ഇന്ദ്രന്റെ രക്ഷയ്‌ക്ക് മഹാവിഷ്ണു അവതാരമെടുത്തോ മറ്റു തരത്തിലോ ഓടിയെത്തുന്നതായി വര്‍ണിച്ചിരിക്കുന്നത്. ഇന്ദ്രന്‍ പലപ്പോഴും തെറ്റു ചെയ്യുന്നവനോ അധാര്‍മ്മികനോ ഒക്കെ ആയി കാണപ്പെടാറുണ്ട്. അധികാരം ആരെയാണ് മത്തുപിടിപ്പിക്കാത്തത്? അധീശാധികാരം ആരെയും ദുഷിപ്പിക്കും. ഇന്ദ്രനേയും ദുഷിപ്പിക്കും. എങ്കിലും അയാളുടെ ഭരണം കഴിയുന്നതുവരെ മറ്റാര്‍ക്കും എത്ര തന്നെ ജനസമ്മതനും പ്രിയപ്പെട്ടവനും ആയാല്‍ക്കൂടി ഇന്ദ്രനെ പിടിച്ചുമാറ്റി അയാളുടെ സ്ഥാനം അപഹരിക്കാന്‍ അവകാശമില്ല. ലോകരാജ്യങ്ങളിലെ ഭരണവ്യവസ്ഥ ഇവിടെ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്.
മഹാബലിയുടെ കഥയില്‍ ധര്‍മ്മത്തിന്റെ (ഭരണഘടനയുടെ) ഈ അലംഘനീയതയാണ് പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുള്ളത്. മഹാബലി വളരെ യോഗ്യനായിരുന്നു; തന്നെയല്ല അദ്ദേഹം പ്രഹ്ലാദന്റെ പൗത്രന്‍ (കൊച്ചുമകന്‍) കൂടിയായിരുന്നു.
പ്രഹ്ലാദനാണെങ്കില്‍ വിഷ്ണുവിന് വളരെ പ്രിയപ്പെട്ടവനുമായിരുന്നു. ദൈത്യന്മാരില്‍ ഞാന്‍ പ്രഹ്ലാദനാകുന്നു. പ്രഹ്ലാദശ്ചാസ്മിദൈത്യാനാം (വിഭൂതിയോഗം) എങ്കിലും മഹാബലി ചെയ്തത് വിശ്വഭരണക്രമത്തിന്റെ ലംഘനമാണ്. അതിനുള്ള ശിക്ഷയാണ് അദ്ദേഹത്തിന് നല്കപ്പെട്ടത്. വ്യവസ്ഥയെ (ധര്‍മ്മത്തെ) രക്ഷിക്കുന്ന കാര്യ ത്തില്‍ മറ്റു യോഗ്യതകളോ സ്വജനഭാവമോ ഒന്നും വിലങ്ങുതടി യാവില്ല, ആയിക്കൂടാ എന്ന് ഉദാഹരിച്ചിരിക്കുകയാണിവിടെ. നിയമ ത്തിന്റെ ഒരു വരിക്ക്, ഇന്ത്യന്‍ പ്രസിഡന്റിന്റെ ഒറ്റ വാക്കിലുള്ള ഒരു ഓര്‍ഡറിന് മുഖ്യമന്ത്രിയുടെ കാര്യത്തിലുള്ള അര്‍ത്ഥവ്യാപ്തിയുടെ പ്രതീകമെന്നോണമാണ് കൊച്ചുകുട്ടിയുടെ രൂപത്തിലുള്ള വാമനന്റെ അവതരണവും മൂന്നടി മണ്ണിന്റെ യാചനയും. ഈ അര്‍ത്ഥത്തില്‍ ഈ കഥ വളരെ അര്‍ത്ഥഗര്‍ഭമായി മാറുന്നു. കൂടെത്തന്നെ ഈ അവതാരകഥയുടെ ധാര്‍മ്മികമൂല്യവും സ്പഷ്ടമാകുന്നു. ചുരുക്കത്തില്‍ ധര്‍മ്മസംസ്ഥാപനം തന്നെയാണ് ഈ കഥയില്‍ സാധിച്ചി രിക്കുന്നത് എന്നു കാണാതിരുന്നുകൂടാ.
തെറ്റിനു ശിക്ഷയും യോഗ്യതയ്‌ക്ക് അംഗീകാരവും
ഈ കഥയിലെങ്ങും, തെറ്റുചെയ്തതിനുള്ള ശിക്ഷ എന്ന നിലയില്‍ വരുണപാശം കൊണ്ടു ബന്ധിക്കുന്നുണ്ടെങ്കിലും മഹാ ബലിയുടെ മറ്റു തരത്തിലുള്ള യോഗ്യതകളെയും കുറച്ചു കാണിച്ചി ട്ടില്ല. തന്നെയല്ല, അദ്ദേഹത്തിന്റെ ശ്രേഷ്ഠത കൊണ്ട് സുതലത്തിലും സ്വര്‍ഗ്ഗതുല്യം സുഖാനുഭവങ്ങള്‍ നല്കിയിട്ടുമുണ്ട്. അവിടെ ഭഗവാന്‍ മഹാബലിയുടെ കാവല്‍ക്കാരനായി സ്വയം വര്‍ത്തിക്കുമെന്നും അനുഗ്രഹിക്കുന്നുണ്ട്. മാത്രമല്ല, അടുത്ത മന്വന്തരത്തില്‍ അദ്ദേഹമായിരിക്കും ഇന്ദ്രന്‍ എന്നും വിഷ്ണു അദ്ദേഹത്തെ അനു ഗ്രഹിക്കുന്നുമുണ്ട്. പുരാണകഥയുടെ ധാര്‍മ്മികമൂല്യം മനസ്സിലാക്കുന്നതിന് ഈ കാഴ്ചപ്പാടിലാണ് നോക്കിക്കാണേണ്ടത്. ഭാഗവതത്തില്‍ ഈ കഥ ഉപസംഹരിച്ചുകൊണ്ടുള്ള ശ്ലോകത്തിലും ഭഗവാന്‍ ഇന്ദ്രന് ത്രിവിഷ്ടപം തിരികെ നല്കിക്കൊണ്ട് സകല ലോകങ്ങളേയും ഭരിച്ചുപോന്നു, എന്നു പറഞ്ഞിരിക്കുന്നതില്‍ നിന്നും ഈ താത്പര്യം കൂടുതല്‍ വ്യക്തമാകുന്നുമുണ്ട്:
‘‘ഏവമിന്ദ്രായ ഭഗവാന്‍
പ്രത്യാനീയ ത്രിവിഷ്ടപം
പുരയിത്വാ ള ദിതേഃ
കാമമശാസത് സകലം ജഗത്’
ഇവിടെ ‘അശാസത്’ (ഭരിച്ചുപോന്നു) എന്ന ക്രിയയുടെ കര്‍ത്താവ് ‘ഭഗവാന്‍’ തന്നെയാണെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഉയര്‍ന്ന പദവി നല്കി തന്റെ ആള്‍പ്പേരായി ഭരണം നടത്താന്‍ നിയുക്തനായ വ്യക്തി മാത്രമാണ് ഇന്ദ്രന്‍ എന്നാണ് ഭഗവാന്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ദ്രനെ ചിലയിടത്തെല്ലാം മഹാവിഷ്ണു (പരമാത്മാവ്) തന്നെയായി പറയപ്പെട്ടിട്ടുള്ളത്.
ഉദാ:
‘ഇന്ദ്രോ മായാഭിഃ പുരുരൂപ ഈയതേ’
(ബൃഹദാരണ്യകോപനിഷദ്)
പരമാത്മാവ് മായാവൈഭവം കൊണ്ട് അനേകം രൂപങ്ങളില്‍ കാണപ്പെടുന്നു.
(പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തത്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: