വിള സംരക്ഷിക്കാനും, കന്നുകാലികളെ കാക്കാനും കടുവയെ ആരാധിക്കുന്നൊരു വനവാസി സമൂഹമുണ്ട് മഹാരാഷ്ട്രയില്‍. പൂനെ, അഹമ്മദ്നഗര്‍, നാസിക് ജില്ലകളിലായി അധിവസിക്കുന്ന ‘കോലി മഹാദേവ് ‘ഗോത്രമാണ് വര്‍ഷത്തിലൊരിക്കല്‍, ഗ്രാമക്ഷേത്രത്തില്‍ ഒത്തുകൂടി, കടുവപ്രീതിക്കായി, ‘വാഘ് ബാരസ് ഉത്സവം’ നടത്തുന്നത്. പ്രകൃതി ആരാധന ഗോത്രവര്‍ഗ ജനതയ്ക്ക് ജീവിതചര്യയുടെ ഭാഗമാണ്. വെള്ളവും വനവും ഭൂമിയുമെല്ലാം അവരുടെ വിശ്വാസാചാരങ്ങളുടെ ഭാഗമാകുന്നു. പ്രകൃതിയുമായി സമന്വയിക്കുന്ന അത്തരമൊരു പാരമ്പര്യത്തിന്റെ പിന്മുറക്കാരാണ് സഹ്യാദ്രിയുടെ താഴ്വരയില് തലമുറകളായി വസിക്കുന്ന കോലി മഹാദേവ് ഗോത്രം.
കടുവയുടെ കൊച്ചു ബിംബം സ്ഥാപിച്ച തറകളാണ് അവരുടെ ആരാധനാലയം. വാഘ്ബാരസിന്റെ പ്രധാന ആഘോഷം സംഘടിപ്പിക്കുന്നത് ഇവിടെയാണെങ്കിലും വീടുകളിലും പ്രത്യേകം പൂജകളുണ്ടാകും. അതിനായി പ്രത്യേകം സജ്ജീകരിച്ച ഒരിടത്ത് വൃത്തിയായി കഴുകിയെടുത്ത ഒരു കല്ല് സ്ഥാപിക്കുന്നു. സിന്ദൂരം ഉപയോഗിച്ച് കല്ലില്‍ കടുവയുടെ ചിത്രം വരയ്ക്കുന്നു. ചിത്രത്തിന് മുന്നില്‍ ഒരു മരത്തിന്റെ അഞ്ച് ഇലകള്‍ വച്ച,് അതില്‍ പുതുതായി വിളവെടുത്ത അരിയില്‍ നിന്ന് ഉണ്ടാക്കുന്ന ഖീര്‍ (പായസം) വിളമ്പുന്നു. ധൂപവും വിളക്കും കത്തിക്കുന്നു. ഇത് പ്രധാനമായും ഇടയന്മാരുടെ ആഘോഷമാണ്. തങ്ങളുടെ കന്നുകാലികളെ സംരക്ഷിക്കണേയെന്ന പ്രാര്‍ഥനയോടെയാണ് കടുവയെ ഇടയന്മാര് ആരാധിക്കുന്നത്. എല്ലാ വര്‍ഷവും കാര്‍ത്തിക ഏകാദശിയുടെ രണ്ടാം ദിവസത്തിലാണ് ആഘോഷം. ഈ അനുഷ്ഠാനത്തില്‍ പ്രാദേശികമായ മാറ്റങ്ങള്‍ കാണാം. വിളകളും കന്നുകാലികളും അഭിവൃദ്ധി പ്രാപിക്കുന്നതിന് പ്രകൃതിയുടെ അനുഗ്രഹം ഉണ്ടാകണമെന്നതാണ് ആരാധനയുടെ അടിസ്ഥാനം.
വാഗ്ബാരസിന്റെ പ്രധാന ആഘോഷത്തിന് എല്ലാവരും ഗ്രാമകവാടത്തിലെത്തി കടുവാ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലേക്കു പോകും. അന്ന് രാവിലെ ഇടയന്മാര് എല്ലാ വീടുകളിലും നടന്ന് അരിയും ശര്‍ക്കരയും പണവുമെല്ലാം ശേഖരിക്കും. സമൂഹസദ്യയ്ക്ക് വേണ്ടിയാണിത്. ക്ഷേത്രത്തിനു ചുറ്റും ചാണകം തളിച്ച് വൃത്തിയാക്കി, പാട്ടുപാടിയാണ് ആഘോഷങ്ങള്‍ക്കു തുടക്കമിടുക. ഞങ്ങളുടെ വിളകള്‍ കാക്കണേ.. അവ നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ അകറ്റണേ… രോഗബാധകളില്ലാതെ കാക്കണേ…എന്നു തുടങ്ങുന്ന പ്രാര്ഥനാഗീതങ്ങളാണവ. ആവശ്യങ്ങളെല്ലാം പാട്ടിലൂടെ കടുവയെ ആറിയിക്കുന്നതായാണ് സങ്കല്പം. എല്ലാ വീടുകളുടെയും തൊഴുത്തിനു പുറത്ത് അന്ന് രംഗോലിയിട്ട് നെയ്വിളക്ക് കത്തിച്ചു വയ്ക്കും.
പ്രകൃതി ആരാധനയുടെ ഉത്സവമേളങ്ങള് ഇവര്‍ വാഘ് ബരാസില് മാത്രമൊതുക്കുന്നില്ല. ചുറ്റിലുമുള്ള മരങ്ങളും ഇവര്‍ക്ക് ദേവതകളാണ്. കല്മജമാത, വാര്സുവായ്, ഘോരപദദേവി, കല്സുവായ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ‘മരദേവതകള്’ക്കായും പൂജയും ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. ‘ബെയില്‍ പോള’യാണ് കോലി മഹാദേവ് ഗോത്രത്തിന്റെ മറ്റൊരു പ്രധാന ആഘോഷം. കാളകളെ അലങ്കരിച്ച് പാട്ടും കൊട്ടുമായി നടത്തുന്ന ആചാരാനുഷ്ഠാനങ്ങളാണ് ‘ബെയില്‍ പോള’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: