ന്യൂദല്‍ഹി: ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. രാഷ്‌ട്രപതിയുടെ പ്രതിനിധി എന്ന നിലയിലാണ് സുധാമൂര്‍ത്തി രാജ്യസഭയില്‍ എത്തുക.
നാരീശക്തി പ്രകടിപ്പിക്കാന്‍ കഴിയുന്ന സഭയിലേക്ക് സുധാമൂര്‍ത്തി എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ സ്ത്രീകളുടെ കരുത്തും സാധ്യതയും ഉപയോഗപ്പെടുത്തുന്നതിനെയാണ് നാരീശക്തി എന്ന് മോദി വിശേഷിപ്പിക്കുന്നത്. വനിതാദിനത്തില്‍ ഒരു ആശ്ചര്യമെന്ന നിലയിലാണ് രാജ്യസഭാംഗമെന്ന് നിലയില്‍ സുധാമൂര്‍ത്തിയുടെ പേര് രാഷ്‌ട്രപതി വെളിപ്പെടുത്തിയത്. “സാമൂഹ്യപ്രവര്‍ത്തനം, വിദ്യാഭ്യാസരംഗം, സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കുമായുള്ള ജീവകാരുണ്യപ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കുന്ന വ്യക്തിയാണ് സുധാമൂര്‍ത്തി. രാജ്യസഭയിലെ അവരുടെ പ്രവര്‍ത്തനം നാരീശക്തിയ്‌ക്ക് ഉദാഹരണമായി നിലകൊള്ളും. “- പ്രധാനമന്ത്രി മോദി പറഞ്ഞു.
കല, സാഹിത്യം, സാമൂഹ്യസേവനം, ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രമുഖരായ 12 പേരെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതിയ്‌ക്ക് നാമിര്‍ദേശം ചെയ്യാം. വനിതാ ദിനത്തില്‍ എനിക്ക് ലഭിച്ച സമ്മാനമാണ് ഈ അംഗീകാരമെന്ന് സുധാമൂര്‍ത്തി പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും സുധാമൂര്‍ത്തി അഭിനന്ദിച്ചു.
ആരാണ് സുധാമൂര്‍ത്തി?
ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ ഭാര്യ കൂടിയാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധാമൂര്‍ത്തി. ഇവരുടെ മകള്‍ അക്ഷതാമൂര്‍ത്തിയുടെ ഭര്‍ത്താവ് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. സമ്പന്നതയുടെ പശ്ചാത്തലം ഉണ്ടെങ്കിലും വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് സുധാമൂര്‍ത്തി. ഇപ്പോള്‍ സ്വന്തമായി സോഫ്റ്റ് വെയര്‍ കമ്പനി നടത്തുന്ന രോഹന്‍ മൂര്‍ത്തിയാണ് മകന്‍.
കര്‍ണ്ണാടകയിലെ ഹാവേരി ജില്ലയില്‍ ഷിഗ്ഗോണില്‍ ജനിച്ച സുധാമൂര്‍ത്തി എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. വിവാഹശേഷം ഒരാള്‍ ജോലിക്ക് പോയാല്‍ മതിയെന്നും മറ്റൊരാള്‍ വീടു നോക്കണമെന്നും ഉള്ള നാരായണമൂര്‍ത്തിയുടെ തീരുമാനപ്രകാരം വീട്ടുകാരിയുടെ ചുമതലയിലേക്ക് ഒതുങ്ങുകയായിരുന്നു സുധാമൂര്‍ത്തി. 25 വര്‍ഷത്തോലം വീട്ടമ്മയായി ഒതുങ്ങി ജീവിച്ച ശേഷമാണ് അവര്‍ സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. ഇതിനകം 450 കോടി രൂപയോളം സാമൂഹ്യസേവനത്തിന് ചെലവഴിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ അധ്യക്ഷകൂടിയാണ് സുധാമൂര്‍ത്തി. സാമൂഹ്യസേവനത്തിന്റെ ഭാഗമായി ജമ്മു കശ്മീരില്‍ ഉള്‍പ്പെടെ വിദ്യഭ്യാസസ്ഥാപനങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പുസ്തകം, യാത്രാവിവരണം, നോവല്‍ എന്നിവ ഉള്‍പ്പെടെ 30ഓളം പുസ്തകങ്ങള്‍ രചിച്ചു. ഗ്രാമീണ വികസനം ലക്ഷ്യമാക്കി നിരവധി അനാഥശാലകള്‍ ആരംഭിച്ചു. ബില്‍ഗേറ്റ്സിന്റെ ജീവകാരുണ്യ സ്ഥാപനമായ ഗേറ്റ് സ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിരവധി ലൈബ്രറികളും കമ്പ്യൂട്ടര്‍ സൗകര്യങ്ങളും സ്ഥാപിച്ചു.
സാമൂഹ്യസേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ലോകമെമ്പാടും സുധാമൂര്‍ത്തി യാത്ര ചെയ്യുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. 2006ല്‍ പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും നല്‍കി.
സുധാമൂര്‍ത്തിയെ വിമര്‍ശിച്ച് സമരജീവികള്‍
സമരം ചെയ്യുന്നതിലും വിമര്‍ശിക്കുന്നതിലും മാത്രം ആനന്ദം കണ്ടെത്തുന്നവരെയാണ് സമരജീവികള്‍ എന്ന് മോദി വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ സുധാമൂര്‍ത്തിയുടെ രാജ്യസഭയിലേക്കുള്ള വരവിലെ സ്ക്രോള്‍, ദി വൈര്‍ തുടങ്ങിയ മാസികകള്‍ വിമര്‍ശനമുയര്‍ത്തുകയാണ്. സ്ഥിരം മോദി വിരുദ്ധശബ്ദങ്ങളാണ് മാധ്യമങ്ങള്‍. സുധാമൂര്‍ത്തി 5600 കോടി ആസ്തിയുള്ള ഒരു കുടുംബത്തിലെ അംഗമാണെന്നാണ് ഒരു വിമര്‍ശനം. നാരായണമൂര്‍ത്തിയുടെ ഇന്‍ഫോസിസിലുള്ള ഓഹരികളുടെ വിലയാണ് 5600 കോടി രൂപ. സാമൂഹ്യസേവനത്തിലും പുസ്തകമെഴുത്തിലും ലളിതജീവിതത്തിലും സംതൃപ്തി കണ്ടെത്തുന്ന സുധാമൂര്‍ത്തിയെ ഇന്‍ഫോസിലെ സ്വത്തിന്റെ പേരില്‍ വിമര്‍ശിക്കാനും ഈ മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകര്‍ മടികാട്ടുന്നില്ല.
സമൂഹത്തിലെ മുത്തെല്ലാം വാരിയെടുത്ത് മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹത്തിലെ മുത്തുകള്‍ വാരിയെടുക്കുന്നതില്‍ മിടുക്കനാണ്. ഇപ്പോള്‍ സുധാമൂര്‍ത്തിയെ രാജ്യസഭയില്‍ എത്തിക്കുന്നതിലും രാഷ്‌ട്രപതിയുടെ തീരുമാനമെങ്കിലും മോദിയ്‌ക്കും പങ്കുണ്ട്. സമൂഹത്തിന് നന്മ നല്‍കാന്‍ കഴിയുന്ന, വളര്‍ത്താന്‍ കഴിയുന്ന മിടുക്കരെ കണ്ടെത്തിയാല്‍ അവരെ രാഷ്‌ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാക്കുക എന്നത് മോദിയുടെ ശൈലിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: