കണ്ണൂര്‍: ഉത്തര മലബാറിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്.
പൊതുമരാത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ തലശ്ശേരി ചോനാടത്ത് ഒരുക്കിയ വേദിയില്‍ സന്നിഹിതരായി. ബൈപ്പാസിന്റെ പാലത്തിനടിയിലാണ് വേദി ഒരുക്കിയത്. ആയിരത്തിലേറെ പേരാണ് ഇവിടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി എത്തിയത്. ബൈപ്പാസ് ഉദ്ഘാടനത്തിന് മാറ്റേകി വിവിധ കലാപരിപാടികളും അരങ്ങേറി.
ഇനി മാഹി, തലശേരി പട്ടണങ്ങളില്‍ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ 20 മിനിറ്റ് കൊണ്ട് വാഹനങ്ങള്‍ക്ക് എത്തിച്ചേരാം. തലശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍പ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാം. ട്രയൽ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു.
45 മീറ്റർ വീതിയിൽ 18.6 കിലോ മീറ്റർ നീളത്തിൽ ബൈപ്പാസ് പൂർത്തിയായത്. 1977ൽ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 2018ലാണ് തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ അഴിയൂർ മുതൽ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കണ്ണൂരിലെ സ്ഥാനാർഥി സി രഘുനാഥും ബൈപ്പാസിലൂടെ റോഡ് ഷോ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: