ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ ഇനിയും ദുരൂഹതകളേറെ. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ ഇന്നും പരിശോധന തുടരും. രാവിലെ ഒമ്പത് മണിക്ക് വീടിനോട് ചേർന്നുള്ള തൊഴുത്ത് കുഴിച്ച് വീണ്ടും പരിശോധന തുടരും. കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെ ഇന്ന് കസ്റ്റഡിയിൽ എടുത്തേക്കും. പ്രതി നിതീഷ് ആദ്യം പറഞ്ഞ മൊഴികൾ മാറ്റി പറഞ്ഞിരുന്നു.
നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് പ്രതി മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കുഴിച്ചിട്ടെന്ന് പ്രതി പറയുന്ന വീടിന് സമീപമുള്ള തൊഴുത്തിൽ പരിശോധന നടത്തുന്നത്. ഇന്നലെ നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. എന്നാൽ ഇതിനിടെ പ്രതി മൊഴിമാറ്റി. തൊഴുത്തിന് സമീപത്തല്ല മറ്റൊരു സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതെന്ന് പ്രതി പറഞ്ഞു. എന്നാൽ ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. ആദ്യം പറഞ്ഞമൊഴിയിൽ തന്നെ പോലീസ് പരിശോധന നടത്തും.
കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛൻ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു. മോഷണത്തിന് പിടികൂടിയ പ്രതികൾ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: