നെടുമങ്ങാട്: കേരളത്തിലെ കലാലയങ്ങളിലെ ഇടിമുറികളും പരസ്യവിചാരണകളും വിദ്യാര്‍ത്ഥി സംഘടനയുടെ കോടതിമുറികളും ഉണ്ടാകുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥന്റെ വീട്ടിലെത്തി രക്ഷകര്‍ത്താക്കളെ കണ്ടതിനുശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
കേരളത്തിലെ ഒരു കലാലയത്തിലും ഇതേ പോലുള്ള ദുരിതം ഉണ്ടാകരുതെന്നും എസ്എഫ്ഐ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടകളുടെ കൈകളില്‍ വിദ്യാര്ത്ഥികള്പ്പെട്ടുപോകുന്ന അവസ്ഥ ഇല്ലാതാകണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. എല്ലാ കലാലയത്തിലെ ഹോസ്റ്റലുകളിലും കോളജു മുറികളിലും വളരെ ശക്തമായ അന്വേഷണം നടത്തണം. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്ന് വിട്ട് പല ഹോസ്റ്റലുകളിലും നിന്നു പഠിക്കുന്ന കാലമാണ്. കലാലയങ്ങളില്‍ ഇടിമുറികളും പരസ്യവിചാരണകളും നടക്കുന്നുണ്ടോയെന്നും വിദ്യാര്‍ത്ഥി സംഘടനകളുടെ കോടതിമുറികള്‍ ഉണ്ടോയെന്നും അന്വേഷിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണം.
സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിന്റെ അന്വേഷത്തില്‍ തുടക്കം മുതല്‍ തന്നെ പോലീസിന്റെ ഭാഗത്തുനിന്നും പ്രതികളെ രക്ഷിക്കാനുള്ള നീക്കം മനസിലാക്കിയിരുന്നു. അപ്പോഴെല്ലാം അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടതാണ്. കൊലപാതകം നടന്ന് ഇരുപത്തി ഒന്നാം ദിവസമായപ്പോള്‍ സിദ്ധാര്‍ത്ഥന്റെ രക്ഷകര്‍ത്താക്കള്‍ക്ക് നീതി ഉറപ്പാക്കാന്‍ സിബിഐ ഈ കേസ് അന്വേഷണം ഏറ്റെടുത്തത് വളരെ സ്വാഗതാര്‍ഹമെന്നും ടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി പി. ബാബു, സംസ്ഥാന ട്രഷറര്‍ പി.ജ്യോതീന്ദ്രകുമാര്‍, സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: