തൃശൂർ: പ്രവര്‍ത്തകരോട് ക്ഷോഭിച്ചതില്‍ വിശദീകരണവുമായി തൃശൂർ ലോക് സഭാ മണ്ഡലം സ്ഥാനാർത്ഥി സുരേഷ് ഗോപി. വനവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേര്‍ക്കാത്തതിലാണ് പ്രവര്‍ത്തകരെ ശാസിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രവര്‍ത്തകരെ ശാസിക്കാനും തലോടാനുമുള്ള അവകാശം തനിക്കുണ്ടെന്നും അതിനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കുപ്രചരണങ്ങളില്‍ തളരില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ശാസ്താംപൂവ്വം വനവാസി കോളനിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സുരേഷ് ഗോപി പ്രവര്‍ത്തകരോടും നേതാക്കളോടും ക്ഷുഭിതനായത്. വോട്ടര്‍പട്ടികയില്‍ 25 പേരുടെ പേര് ഇനിയും ചേര്‍ക്കാന്‍ ഉണ്ടെന്ന് വിവരം അറിഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. ഇങ്ങനെയാണെല്‍ മത്സരത്തിനില്ലെന്നും തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും നേതാക്കളോടും പ്രവര്‍ത്തകരോടും സുരേഷ് ഗോപി പറഞ്ഞു.
നാളെ ജയിച്ചു കഴിഞ്ഞാലും പ്രവർത്തകരാണ് ജനങ്ങൾകിടയിൽ ഇറങ്ങിച്ചെന്ന് ഓരോ പ്രശ്നങ്ങൾ എന്നെ അറിയിക്കേണ്ടത്. ഇതുപോലെ ഇനിയും ആവർത്തിച്ചാൽ ഇനിയും വഴക്ക് പറയും. അതിന്റെ സൂചനയാണ് നൽകിയത്. പ്രവർത്തകർ ചെയ്യാനുള്ള ജോലികൾ ചെയ്യണം. അല്ലെങ്കിൽ എനിക്കെന്റെ ജോലി ചെയ്യാൻ സാധിക്കില്ല. അവരെ തലോടാനും വഴക്കു പറയാനുമുള്ള അവകാശം എനിക്കുണ്ട്. വോട്ടുകൾ ചേർത്തിട്ടില്ലെന്ന് വനവാസികൾ എന്റെ മുന്നിൽ വച്ചാണ് പറയുന്നത്. അപ്പോൾ എന്റെ പ്രവർത്തകരെ ഞാൻ വഴക്ക് പറയും. അതിനുള്ള അവകാശം എനിക്കുണ്ട് – സുരേഷ് ഗോപി പറഞ്ഞു.
ആ പരിപാടിയിൽ എത്ര പേരുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പു റത്തു വിടുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങൾ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങൾ സഹായിച്ചില്ലെങ്കിൽ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേയ്‌ക്ക് പോകും. അവിടെ രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവർത്തിച്ചുകൊള്ളാമെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രവർത്തകരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: