കൊല്‍ക്കത്ത: തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ എല്ലാം കോടതിമുറിയില്‍ വെളിപ്പെടുത്താന്‍ സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ക്കുവേണ്ടി പൊതുതാല്പര്യ ഹര്‍ജി നല്കിയ ബിജെപി നേതാവ് പ്രിയങ്ക തിബ്രെവാള്‍.
ഇരകളുടെ പരാതികള്‍ അനുബന്ധ സത്യവാങ്മൂലമായി രേഖപ്പെടുത്തി പൊതുതാല്പര്യ ഹര്‍ജിയോടൊപ്പം ഹാജരാക്കാന്‍ പ്രിയങ്കയോട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് സന്ദേശ്ഖാലിയില്‍ നിന്നുള്ള 80 സ്ത്രീകള്‍ക്ക് വനിതാ അഭിഭാഷക മുഖേന അപേക്ഷകളോ സത്യവാങ്മൂലമോ നല്കി പരാതികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്കി. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
ബരാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയപ്പോള്‍ സന്ദേശ്ഖാലിയെ അമ്മമാര്‍ അദ്ദേഹത്തോട് മനസ് തുറന്നുവെന്ന് ഞാന്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. അവര്‍ക്ക് കോടതിയോട് എല്ലാം തുറന്നുപറയണമെന്നുണ്ട്. സന്ദേശ്ഖാലിയില്‍ എന്താണ് സംഭവിച്ചതെന്നും ഈ കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തികള്‍ ആരാണെന്നും വെളിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. വസ്തുതകള്‍ ഹൈക്കോടതിയുടെ മുമ്പാകെ കൊണ്ടുവരാനും അവര്‍ ആഗ്രഹിക്കുന്നു, തിബ്രേവാള്‍ പറഞ്ഞു.
സംഭവങ്ങളെ ബംഗാള്‍ സര്‍ക്കാര്‍ നിസാരവല്ക്കരിക്കാന് ശ്രമിച്ചതിനാല്‍ അവര്‍ അനുഭവിച്ച ഭീകരത ജനങ്ങളും അറിയേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഞാന്‍ കോടതിയെ സമീപിച്ചത്. എല്ലാം രേഖപ്പെടുത്താന്‍ കഴിയുമോ എന്ന് ചോദിച്ചു. പരാതികള്‍ അപേക്ഷയിലൂടെയോ അല്ലെങ്കില്‍ പൊതുതാല്പര്യ സത്യവാങ്മൂലത്തിലൂടെയോ കൊണ്ടുവരാന്‍ ഹൈക്കോടതി അനുമതി നല്കി. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണം, പ്രിയങ്ക തിബ്രേവാള്‍ പറഞ്ഞു.
രാജ്യത്ത് ഏറ്റവും സുരക്ഷിതമായ സ്ത്രീകളാണ് സംസ്ഥാനത്തുള്ളതെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അക്രമം നടന്നപ്പോഴും അവര്‍ ഇതുതന്നെയാണ് പറഞ്ഞിരുന്നത്. സന്ദേശ്ഖാലിയില്‍ സംഭവിച്ചത് ഞങ്ങള്‍ തെളിയിക്കും, പ്രിയങ്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: