കണ്ണൂര്‍: ആയോധനകലാരംഗത്ത് വടക്കന്‍ കേരളത്തിന്റെ കളരിച്ചുവടുകളുടെ ആചാര്യനായിരുന്ന അവേര ഭാസ്കരന് ഗുരുക്കള്‍ക്ക് (90) നാടിന്റെ അന്ത്യാഞ്ജലി. തോട്ടട അവേരയില്‍ ശിവോദയ കളരി സംഘം സ്ഥാപിച്ച് നിരവധി പേര്‍ക്ക് കളരി വിദ്യ പകര്‍ന്നു നല്കിയ നവതിയിലെത്തിയ ഭാസ്കരന് ഗുരുക്കളെ കേരള ഫോക്ലോര് അക്കാദമി കഴിഞ്ഞവര്‍ഷം ഗുരുപൂജ പുരസ്കാരം നല്കി ആദരിച്ചിരുന്നു.
കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന് രക്ഷാധികാരിയായിരുന്ന ഭാസ്കരന് ഗുരുക്കള്‍ 1960-70 കാലഘട്ടത്തില്‍ മലബാറിലെങ്ങും അറിയപ്പെട്ട കളരിപ്പയറ്റ് ആചാര്യനായിരുന്നു. കണ്ണൂര്‍ എസ്എന്‍ കോളജിലടക്കം നിരവധി ഗുസ്തി താരങ്ങളെ വളര്‍ത്തിയെടുക്കാനും ഗുരുക്കള്‍ മുന്‍കൈ എടുത്തു. കളരി വിദ്യയെക്കുറിച്ച് നിരവധി പണ്ഡിതന്മാരുമായി സംവാദവും വെല്ലുവിളിയും നടത്തി കളരിപ്പയറ്റ് മത്സരം നടത്തിയിട്ടുണ്ട്.
വളപട്ടണം ശ്രീഭാരത് കളരി സ്ഥാപകനും പ്രസിദ്ധ കളരിപ്പയറ്റ് ആചാര്യനും ഗ്രന്ഥകാരനുമായിരുന്ന ചിറക്കല്‍ ടി. ശ്രീധരന് നായരുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന ഗുരുക്കള്‍ അദ്ദേഹവുമായി നടത്തിയ കളരിപ്പയറ്റ് മത്സരം 1970 കളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആയോധനകലകളെക്കുറിച്ച് ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ ശേഖരത്തിന്നുടമയായിരുന്നു ഗുരുക്കള്‍. വിദേശ ഗവേഷകരടക്കം നിരവധി പേര് ഭാസ്കരന് ഗുരുക്കളുടെ അവേര ശിവോദയം കളരിയിലെത്തിയിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. ഭാര്യ: പദ്മാവതി. മക്കള്‍: ഷൈമ, ഷൈനോജ്, ഷാജി, ഷൈജ. സഹോദരങ്ങള്‍: പരേതരായ കുമാരന്, കണ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: