തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന് ആരോപണം. മാര്‍ഗംകളിയുടെ വിധികര്‍ത്താക്കളും ഇടനിലക്കാരും പരിശീകലരും ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.
കണ്ണൂര്‍ ചൊവ്വ സ്വദേശിയും വിധി കര്‍ത്താവുമായ ഷാജി (52), നൃത്ത പരിശീലകനും ഇടനിലക്കാരനുമായ കാസര്‍കോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂര്‍ സ്വദേശി സി. സൂരജ് (33) കൊല്ലം ചവറ സ്വദേശി സോനു ശ്രീകുമാര്‍ (35) എന്നിവരെയാണ്് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റുചെയ്തത്. കോഴ ആരോപണത്തെ തുടര്‍ന്ന് കലോത്സവം 12 മണിക്കൂറോളം നിര്‍ത്തിവച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് മാര്‍ഗംകളി മത്സരം അവസാനിച്ചത്. എന്നാല്‍ ഫലപ്രഖ്യാപനം വന്നതോടെ തര്‍ക്കം ഉണ്ടായി. മുന്‍കൂട്ടി ഫലം നിശ്ചയിച്ചാണ് വിധികര്‍ത്താക്കള്‍ എത്തിയതെന്ന് ആരോപണം ഉയര്‍ന്നു. ഇവരുടെ മൊബൈല്‍ഫോണ്‍ പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നു. ഇതോടെ സംഘാടകര്‍ വെട്ടിലായി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ പി.എന്‍. ഷാജിയുടെ ഫോണിലേക്ക് നിരന്തരം വന്ന കോളുകള്‍ കണ്ടെത്തി. വിളിച്ചത് ഇടനിലക്കാര്‍ ആണെന്നും വ്യക്തമായി. ഇതോടെ സംഘാടകര്‍ കുരുക്കിലായി. സംഘാടകര്‍ അവരെ കൂടി വിളിച്ചുവരുത്തി തടഞ്ഞുവച്ചു. പിന്നാലെ പൊലീസ് എത്തി ചോദ്യംചെയ്ത് ഉച്ചയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരാതികളെ തുടര്‍ന്ന് എല്ലാ മത്സരങ്ങളും നിര്‍ത്തിവച്ചു.
ഒത്തുതീര്‍പ്പിന്റെ ഭാഗമായി മാര്‍ഗംകളി മത്സരം തിങ്കളാഴ്ച വീണ്ടും നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് മത്സരം പുനരാരംഭിച്ചത്. വ്യാഴാഴ്ച നടന്ന തിരുവാതിര മത്സരവും സംഘര്‍ഷത്തിലാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: