തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ്ചന്ദ്രശേഖര്‍ ഇന്നലെ തീരദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. പൊഴിയൂരില്‍ കടലാക്രമണത്തിനിരയാകുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രിയെ തീരദേശ ജനത ആവേശത്തോടെയാണ് സ്വീകരിച്ചത്. തീരം കടലെടുക്കുന്നതുമൂലം അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ ജനങ്ങള്‍ മന്ത്രിക്കുമുന്നില്‍ വിവരിച്ചു. തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപിച്ച പോലെ തീരത്ത് പുലിമുട്ടുകള്‍ സ്ഥാപിച്ച് കടലേറ്റം തടയണമെന്നും അവര്‍ മന്ത്രിയോടഭ്യര്‍ത്ഥിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും വിഷയം താന്‍ മുന്‍കൈയെടുത്ത് പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്കി. മന്ത്രിയുടെ ഉറപ്പ് കൈയടികളോടെയാണ് തീരദേശ ജനത സ്വീകരിച്ചത്.
തുടര്‍ന്ന് പൊഴിയൂര്‍ പള്ളിയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ ഇടവക സഹവികാരി ഫാ. പ്രജോഷ് ജേക്കബ്, ഫിനാന്‍സ് സെക്രട്ടറി രാജു.എസ്., ട്രഷറര്‍ ഇ.ഡേവിഡ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തീരദേശത്തെ ജനതയുടെ ദുരിതത്തെക്കുറിച്ചായിരുന്നു അവര്‍ക്കും മന്ത്രിയോട് പറയാനുണ്ടായിരുന്നത്. കേന്ദ്ര ഫിഷറീസ് മന്ത്രിയുമായി സംസാരിച്ച ശേഷം തിങ്കളാഴ്ച തന്നെ ഉദ്യോഗസ്ഥരെ പൊഴിയൂരിലെത്തിച്ച് വേണ്ടത് ചെയ്യാമെന്ന് മന്ത്രി അവര്‍ക്ക് ഉറപ്പു നല്കി. തുടര്‍ന്ന് പൊഴിയൂര്‍ ബീച്ചിലെത്തി അവിടത്തെ ജനങ്ങളുമായി സംസാരിച്ചു. പരുത്തിയൂര്‍ പളളി വികാരി ജേക്കബും മന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. അര മണിക്കൂറോളം പൊഴിയൂരില്‍ ചിലവഴിച്ച മന്ത്രി രാത്രി 7.30 ന് ഡല്‍ഹിക്ക് മടങ്ങി. തിങ്കളാഴ്ച്ച രാവിലെ തിരികെയെത്തും. പൊഴിയൂരില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ശിവകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ശ്രീകുമാര്‍, വിമല്‍കുമാര്‍, വൈസ് പ്രസിഡന്റ് മോഹനന്, സെക്രട്ടറി കോമളന് തുടങ്ങിയവര്‍ ചേര്‍ന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരനെ സ്വീകരിച്ചു.
വെള്ളയമ്പലത്തെ എസ്എന്‍ഡിപി യോഗം ഡോ.പി.പല്‍പ്പു സ്മാരക യൂണിയന് ഓഫീസിലെത്തി സെക്രട്ടറി അനീഷ് ദേവനെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രി പൊഴിയൂരിലേക്ക് പോയത്. കേന്ദ്രമന്ത്രിയോടൊപ്പം ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, ജനറല്‍ സെക്രട്ടറി അഡ്വ.വി.ജി.ഗിരി എന്നിവരും ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: