ഭോപാല്‍: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് പച്ചൗരിയും ബിജെപിയില്‍ ചേര്‍ന്നു. ഭോപാലിലെ ബിജെപി ആസ്ഥാനത്ത് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, മുഖ്യമന്ത്രി മോഹന്‍ യാദവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ, കൈലാഷ് വിജയ് വര്‍ഗ്യ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
മുന്‍ എംഎല്‍എമാരായ സഞ്ജയ് ശുക്ല, അര്ജുന് പാലിയ, വിശാല്‍ പട്ടേല്‍, മുന്‍ എംപി രാജു ഖേഡി എന്നിവരും അദ്ദേഹത്തോടൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസില്‍ രാജീവിന്റെ വലംകൈ എന്ന് അറിയപ്പെട്ടിരുന്ന പച്ചൗരി നാല് തവണ രാജ്യസഭാംഗമായിരുന്നു.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ബഹിഷ്കരിച്ച കോണ്‍ഗ്രസിന്റെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പച്ചൗരി പറഞ്ഞു. കോണ്‍ഗ്രസ് ദേശീയതയ്ക്ക് വേണ്ടിയല്ല വിഘടനവാദത്തിന് വേണ്ടിയാണ് ഇപ്പോള്‍ കൊടിപിടിക്കുന്നത്. രാമക്ഷേത്രത്തെ മാത്രമല്ല ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തെപ്പോലും അവര്‍ അപമാനിക്കുന്നു, പച്ചൗരി പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വന്നത് സമൂഹത്തെയും രാജ്യത്തെയും സേവിക്കാനാണ്. ജാതീയതയും മതവര്ഗീയതയുമാണ് ഇന്ന് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. അത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് മൂലം ഹൈക്കമാന്‍ഡിന് എതിര്‍പ്പുണ്ടായിരുന്നുവെന്ന് പച്ചൗരി പറഞ്ഞു.
ഭഗവാന് രാമനെ മാനിക്കാത്തവര്ക്കൊപ്പം നില്‍ക്കാനാകില്ല. അയോദ്ധ്യയിലെ രാമക്ഷേത്രം എന്ന തലമുറകളുടെ സ്വപ്നം സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു. അധികാരമോ പദവിയോ മോഹിച്ചല്ല ഞാന്‍ ബിജെപിയോട് ചേരുന്നത്. നാടിന്റെ സ്പന്ദനം ഇപ്പോള്‍ ബിജെപിക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് അതിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നും നയങ്ങളില്‍ നിന്നും അകന്നുപോയി. അത് പൊതുജനങ്ങളില്‍ നിന്ന് അകന്നു, മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.
സോണിയാ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പച്ചൗരി, പി.വി. നരസിംഹറാവു, മന്മോഹന് സിങ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു. പ്രതിരോധ സഹമന്ത്രി, പേഴ്സണല്‍കാര്യ സഹമന്ത്രി, പാര്‍ലമെന്ററി കാര്യസഹമന്ത്രി എന്നീ സ്ഥാനങ്ങളായിരുന്നു വഹിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: