ന്യൂദല്‍ഹി: ചൈനയുമായി അതിര്‍ത്തി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി 15ന് ഭാരതത്തിലെത്തും.
പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക വിദേശ യാത്രയാണിത്. ജനുവരി 28 ന് ആണ് ടോബ്ഗേ രണ്ടാം തവണയും പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഭൂട്ടാന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഉത്തേജക പദ്ധതിയെക്കുറിച്ചും ടോബ്ഗേ ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഭാരതത്തിലെ ഉന്നതനേതൃത്വവുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ഭൂട്ടാന്റെ സാമ്പത്തിക വെല്ലുവിളികളുടെയും ചൈന ഉള്‍പ്പെടുന്ന ജിയോപൊളിറ്റിക്കല്‍ ഡൈനാമിക്സിന്റെയും പശ്ചാത്തലത്തില്‍ ടോബ്ഗേയുടെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
ഭൂട്ടാന്റെ പ്രാഥമിക വികസന പങ്കാളി എന്ന നിലയില്‍ ഭൂട്ടാന്റെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ നിര്‍ണായക പങ്ക് ഭാരതം വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ പഞ്ചവത്സര പദ്ധതികളില്‍ ഗണ്യമായ സംഭാവന നല്‍കുകയും രാജ്യത്തെ 600ലധികം പദ്ധതികളെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.
ടോബ്ഗേയുടെ നേതൃത്വത്തില്‍ ഭൂട്ടാന് സര്‍ക്കാര്‍ അടുത്തിടെ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനും ടൂറിസം, സാങ്കേതികവിദ്യ, ചെറുകിട ബിസിനസുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുമായി ഭാരതത്തിന്റെ പിന്തുണയോടെ 15 ബില്യണ്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഭാരതവുമായുള്ള ബന്ധം ശക്തമാക്കുന്നതിനും മേഖലയിലെ സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കുന്നതിനും അതിന്റെ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭൂട്ടാന് അവസരമൊരുക്കുന്നു.
ഭാരത വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര അടുത്തിടെ ഭൂട്ടാന് സന്ദര്‍ശിച്ചിരുന്നു. വികസന പങ്കാളിത്തം, ബഹിരാകാശം, ഊര്‍ജം, വ്യാപാരം, സാങ്കേതികവിദ്യ, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ ബഹുമുഖ സഹകരണത്തിന് ഊന്നല്‍ നല്കി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: