ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസില്‍ പ്രതിയുടെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. സ്ഫോടനം നടന്ന മാര്‍ച്ച് ഒന്നിന് രാത്രിയുള്ള സിസിടിവി ദൃശ്യങ്ങളാണിവ. പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോയാണ് പുറത്തുവിട്ടിട്ടുള്ളത്.
ബെംഗളൂരുവില്‍ നിന്ന് തുമകുരു വഴി ഇയാള്‍ ബസ് യാത്ര നടത്തിയതിന്റെ ദൃശ്യങ്ങളും എന്‍ഐഎ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിനാണ് കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയില്‍ സ്ഫോടനം ഉണ്ടാകുന്നത്. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇയാള്‍ കഫേയില്‍ നിന്ന് നൂറ് മീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പില്‍ ബസ് ഇറങ്ങുന്നതും ശേഷം കഫേയിലേക്ക് വരുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവായത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സ്ഫോടനം നടത്തിയ പ്രതിയുടെ റൂട്ട് മാപ്പ് പോലീസ് തയ്യാറാക്കിയിട്ടുണ്ട്. സ്ഫോടനത്തിന്റെ അമ്പതോളം സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: