ആലുവ: ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി പതിനായിരങ്ങള്‍. ശിവരാത്രി ആഘോഷങ്ങളില്‍ ഭക്തിസാന്ദ്രമായ ആലുവ മണപ്പുറത്ത് രാത്രി പന്ത്രണ്ട് മണിയോടെ ബലിതര്‍പ്പണം ആരംഭിച്ചു. ഞായറാഴ്ച വരെ ബലിതര്‍പ്പണം നടത്താം. ശിവരാത്രിയില്‍ പുലരുവോളം ഭക്തരുടെ ഒഴുക്കായിരുന്നു മണപ്പുറത്തേക്ക്.
പുഴയോരത്തെ ബലിത്തറകളില്‍ തര്‍പ്പണം നേരത്തെ തുടങ്ങിയെങ്കിലും അര്‍ധരാത്രി മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി വിളക്കും എഴുന്നള്ളിപ്പിനും ശേഷമാണ് ഔപചാരികമായി ബലി തര്‍പ്പണം ആരംഭിച്ചത്. ദീപാരാധന സമയത്തും ആയിരക്കണക്കിന് ഭക്തരെത്തിയിരുന്നു. 116 ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്. 1200 പോലീസുകാരെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിരുന്നു. ആലുവ നഗരത്തിലും പറവൂര്‍ കവല, തോട്ടക്കാട്ടുകര ഭാഗത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്തരുടെ സേവനത്തിനായി സേവാഭാരതിയുടെ പ്രവര്‍ത്തകരും സജീവമായിരുന്നു.
കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും പ്രത്യേക സര്‍വീസുകളും ഒരുക്കി. ഇന്നലെ രാവിലെ മഹാപരിക്രമ നടന്നു. അദൈ്വതാശ്രമത്തില്‍ നിന്നും ആരംഭിച്ച പരിക്രമ മണപ്പുറത്ത് അവസാനിച്ചു. ആലുവ കേശവസ്മൃതിയില്‍ ശിവരാത്രി സംഗീതോത്സവം നടന്നു. കുട്ടികളടക്കം നിരവധി പേരാണ് സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തത്. ആലുവ അദൈ്വതാശ്രമത്തിലും ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: