ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ആലപ്പുഴ നഗരം വികസന കുതിപ്പില്‍. അമൃത് പദ്ധതിയില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ഇരുമ്പുപാലം നടപ്പാലം ഇന്ന് ഉദ്ഘാടനം ചെയ്യും.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് നടപ്പാലം നിര്‍മ്മിച്ചത്. കല്ലുപാലം ഇരുമ്പുപാലം റോഡില്‍ വാണിജ്യകനാലിന്റെ ഇരുകരകളെയും ബന്ധിപ്പിച്ചാണ് പുതിയ നടപ്പാലം ഒരുങ്ങുന്നത്. പഴകി ദ്രവിച്ച പഴയ നടപ്പാലത്തിന്റെ പത്ത് മീറ്റര്‍ കിഴക്കോട്ടു മാറിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ നടപ്പാലം നിര്‍മ്മിച്ചത്. എസിപി ഷീറ്റ്, ക്യാമറയും എഫ്എം റേഡിയോയും, ലൈറ്റിങ് സംവിധാനങ്ങള്‍ എന്നിവ മറ്റൊരു പ്രത്യേകതയാണ്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടി ലക്ഷ്യമിട്ട് നിര്‍മിച്ച നടപ്പാലത്തില്‍ സെല്‍ഫി പോയിന്റ് അടക്കം സജ്ജീകരിക്കും. കനാലിന്റെ ഇരുകരകളില്‍ നിന്നും ഇരുവശത്ത് കൂടിയും കയറാന്‍ തക്കവിധം വിശാലമായ പടിക്കെട്ടുകളോടെയാണ് പാലം നിര്‍മിച്ചിട്ടുള്ളത്. വെലോസിറ്റിഗ്രഫി എന്ന സ്ഥാപനമാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ‘ആര്‍ട്സ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍’ കമ്പനിയാണ് പാലത്തിന്റെ രൂപകല്പന നിര്വഹിച്ചിരിത്. വാണിജ്യ തോടിന്റെ തെക്കും വടക്കും കരകളില്‍ നിന്നും പാലത്തിലേക്ക് കയറുന്ന ഭാഗത്ത് രണ്ടു ഹൗസ് ബോട്ടുകളുടെ മാതൃകയിലാണ് പാലത്തിന്റെ മേല്‍ക്കൂര. ഇതിനുള്ളില്‍ കുറെ നേരം തങ്ങാനുള്ള സ്ഥലം ഉണ്ടാകും.
ഇവിടെ നിന്നും നഗരദൃശ്യങ്ങളും സൂര്യാസ്തമയവും കാണാം. നഗര ഹൃദയത്തിലെ പ്രധാന പാലമായ ഇരുമ്പുപാലത്തിന്റെ സമാന്തരമായി നേരത്തെ ഉണ്ടായിരുന്ന നടപ്പാലം അടച്ചിട്ട് മാസങ്ങളായി. പാലം ദ്രവിച്ചതിനെ തുടര്‍ന്ന് അപകടം സംഭവിക്കും എന്നതായിരുന്നു കാരണം. ഇതോടെയാണ് കേന്ദ്രപദ്ധതിയില്‍ പുതിയ നടപ്പാലം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: