കാലിഫോര്‍ണിയ: ഇന്ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ വെല്‍സ് ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്മാറി. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ താന്‍ സജ്ജനായിട്ടില്ലെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ പിന്മാറ്റം. ആദ്യ റൗണ്ട് മത്സരത്തില്‍ മിലോസ് റാവോനിച്ചുമായുള്ള പോരാട്ടത്തിന് 24 മണിക്കുറുള്ളപ്പോഴാണ് നദാല്‍ പിന്മാറുന്നതായി അറിയിച്ചത്.
ടൂര്‍ണമെന്റ് നടക്കുന്ന കാലിഫോര്‍ണിയയില്‍ വളരെ നേരത്തെ എത്തി പരിശീലനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു നദാല്‍. ഞായറാഴ്ച്ച ഇവിടെ നടന്ന പ്രദര്‍ശനത്തില്‍ സ്വന്തം നാട്ടുകാരനായ കാര്‍ലോസ് അല്കരാസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഈ മത്സരത്തിന് ശേഷമാണ് നദാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായത്. ഇതിന് മുമ്പ് മൂന്ന് തവണ ഈ സ്പാനിഷ് താരം ഇന്ത്യന്‍ വെല്‍സ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
ഇത്രയും നല്ലൊരു ടൂര്‍ണമെന്റില്‍ നിന്നും പിന്മാറേണ്ടി വരുന്നത് വലിയ സങ്കടകരമാണ്. പക്ഷെ ഇത്രയും വലിയൊരു വേദിയില്‍ മത്സരിക്കാന്‍ മാത്രം സജ്ജനായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ തീരുമാനമാണ്, പക്ഷെ എനിക്ക് എന്നോട് തന്നെ കള്ളം പറയാനാകില്ല, പിന്നെ ആയിരക്കണക്കിന് വരുന്ന ആരാധകരെയും പറ്റിക്കാന്‍ സാധിക്കില്ല. കളി ആസ്വാദകരെ വലിയ തോതില്‍ എനിക്ക് നഷ്ടമാകും, പക്ഷെ ടൂര്‍ണമെന്റ് ഭംഗിയായി നടക്കണം- നദാല്‍ എക്സില്‍ കുറിച്ചു.
പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന താരം ഇക്കഴിഞ്ഞ ജനുവരിയില്‍ ബ്രിസ്ബേന്‍ ഇന്റര്‍നാഷണലിലൂടെയാണ് തിരിച്ചെത്തിയത്. പക്ഷെ രണ്ടാം റൗണ്ട് മത്സരത്തോടെ വീണ്ടും പരിക്ക് പ്രശ്നമായി. തുടര്‍ന്ന് താരത്തെ ഉള്‍പ്പെടുത്തി ഫിക്സര്‍ തയ്യാറാക്കിയ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പൊളിച്ചടുക്കേണ്ടിവന്നു. സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന് രണ്ട് ദിവസമുള്ളപ്പോഴാണ് താരം പിന്മാറിയത്.
വരുന്ന മെയില്‍ ഫ്രഞ്ച് ഓപ്പണ്‍ കടന്നുവരുന്നുണ്ട്. നദാലിന്റെ കരിയറിലെ പ്രധാന വേദിയാണ് കളിമണ്‍ കോര്‍ട്ട്. പാരിസിലെ കളിമണ്‍ തട്ടില്‍ നിന്നും 11 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ് നദാല്‍ നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: