തിരുവനന്തപുരം: കെ. കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തോടെ കോൺഗ്രസിന്റെ പതനം ആരംഭിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്രമോദിയുടെ ഭരണത്തിൽ ആകൃഷ്ടരായി പലരും ബിജെപിയിലെത്തുന്നുണ്ട്. നേരത്തെ കോൺഗ്രസ് നേതാവ് എ. കെ ആൻ്റണിയുടെ മകൻ വന്നു. ഇപ്പോൾ കേരളത്തിന്റെ ലീഡർ കരുണാകരന്റെ മകൾ തന്നെ പാർട്ടിയിലെത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും വർഗീയ കക്ഷികളുമായി ചേർന്നുള്ള പ്രവർത്തനത്തെ എതിർക്കാൻ ഇവിടെ ബിജെപി മാത്രമേയുള്ളൂവെന്ന സ്ഥിതി വരാൻ പോവുകയാണ്.
നാമാവശേഷമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന് ജീവൻ നൽകാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇ.ഡിയെ പേടിച്ചാണ് പത്മജ ബിജെപിയിൽ പോകുന്നതെന്ന് വിമർശിച്ചയാൾ മുമ്പ് ബിജെപിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അഭിമന്യു കൊലക്കേസ് വിചാരണയ്ക്ക് എടുക്കാൻ ഇരിക്കെ പ്രധാനമായ തെളിവുകളും അപ്രത്യക്ഷമാത് യാദൃശ്ചികമല്ല. ഇതിന് പിന്നിൽ ഉന്നത സിപി എം നേതൃത്വത്തിന്റെ ഇടപെടലുകളുണ്ട്. പ്രധാന പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നു. പ്രധാന പ്രതികളെ കടന്നു കളയാൻ സഹായിച്ചത് അന്നത്തെ പോലീസ് ആയിരുന്നു. ഉദ്യോഗസ്ഥലത്തിലെ കളികൾ മാത്രമല്ല രാഷ്ട്രീയ തലത്തിലെ കളികളുമുണ്ട്.
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടും സിപിഐഎമ്മും തമ്മിൽ ശക്തമായ ധാരണയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. സിദ്ധാർത്ഥിന്റെ കൊലപാതകത്തിലും ഈ ആളുകളുമായി ബന്ധമുള്ളവർ പ്രതികളായിട്ടുണ്ട്. പിഎഫ്ഐയുടെ കേരളത്തിലെ രാഷ്ട്രീയ മുഖമായി സിപിഎമ്മും എസ്എഫ്ഐയും മാറി. അഭിമന്യു കേസിലെ തെളിവുകൾ നഷ്ടമായത് എങ്ങനെയെന്ന് ആഭ്യന്തര വകുപ്പ് മറുപടി പറയണം.മുഖ്യമന്ത്രി മറുപടി പറയണം.മതതീവ്രവാദികൾക്ക് കോടതിമുറിയിൽ കയറിയിറങ്ങാൻ എങ്ങനെ സാധിച്ചു എന്ന് മറുപടി പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: