കരുനാഗപ്പള്ളി: കെഎസ്ആര്‍ടിസിയിലെ പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതമായി 2023 നവംബര്‍ വരെ അടയ്ക്കാനുള്ളത് 307.81 കോടിരൂപ. ആകെ ജീവനക്കാരില്‍ മൂന്നിലൊന്ന് പേര് പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ്.
ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് രൂപീകരിക്കുന്ന ഫണ്ടില്‍ നിന്ന് പെന്ഷന് നല്‍കുന്നതാണ് പങ്കാളിത്ത പെന്ഷന് പദ്ധതി. ഈ പദ്ധതി പ്രകാരം ജീവനക്കാരില്‍ നിന്ന് ഈടാക്കിയ തുകയും സര്‍ക്കാര്‍ വിഹിതവും ഉള്‍പ്പെടെ 2023 നവംബര്‍ മാസം വരെ 307.81 കോടി രൂപ പെന്ഷന് ഫണ്ടില്‍ ഒടുക്കാതെ കുടിശികയാണ്.
2004ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പെന്ഷന് പദ്ധതിയാണ് എന്‍പിഎസ് (നാഷണല്‍ പെന്ഷന് സിസ്റ്റം) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പങ്കാളിത്ത പെന്ഷന് പദ്ധതി. പെന്ഷന് ഫണ്ട് റഗുലേറ്ററി ഡവലപ്പ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) യാണ് പങ്കാളിത്ത പെന്ഷന് കൈകാര്യം ചെയ്യുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം ചേരാന്‍ സാധിക്കുമായിരുന്ന ഈ പദ്ധതി 2009ല്‍ പ്രൈവറ്റ് സെക്ടറില്‍ ജോലി ചെയ്യുന്നവര്‍ക്കും, 18 വയസിനും 65 വയസിനുമിടയ്ക്ക് പ്രായമുള്ള ഏതൊരു വ്യക്തിക്കും ചേരാവുന്ന തരത്തില്‍ വിപുലീകരിച്ചു. 2013 സപ്തംബര്‍ 18ന് പിഎഫ്ആര്‍ഡിഎ നിയമം പാര്‍ലമെന്റില്‍ പാസാക്കി. 2014 ആഗസ്ത് മുതല്‍ കെഎസ്ആര്‍ടിസിയില്‍ എന്‍പിഎസ് നടപ്പാക്കുകയും ചെയ്തു.
പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരില്‍ നിന്ന് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനം എന്‍പിഎസ് വിഹിതമായി അതതു മാസം ഈടാക്കുന്നത് ഫണ്ട് കൈകാര്യം ചെയ്യുന്ന ഏജന്‍സിയില്‍ (എന്എസ്ഡിഎല്) ഒടുക്കാത്തതു കാരണം ജീവനക്കാരന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അന്യമാവുന്നു.
എന്‍പിഎസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പിഎഫ് ബാധകമല്ലാത്തതിനാല്‍ ജീവനക്കാരന് പെന്‍ഷനാവുമ്പോള്‍ ഒരു രൂപ പോലും ലഭിക്കാത്ത അതിദയനീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. തുടര്‍ച്ചയായ കുടിശിക കാരണം പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ പദ്ധതിയില്‍ നിന്ന് പുറത്താവുകയും വിരമിക്കുമ്പോള്‍ പെന്ഷന് ഉള്‍പ്പെടെ ഒരു ആനുകൂല്യവും ലഭിക്കാത്ത അവസ്ഥയാണുള്ളത്.
ദീര്‍ഘകാലം പണിയെടുത്ത ജീവനക്കാരെ വാര്‍ധക്യകാലത്ത് വറുതിയിലാക്കുന്ന തരത്തിലുള്ള നയമാണ് സര്‍ക്കാരിന്റേത് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്ന് എന്‍പിഎസ് വിഹിതമായി ഈടാക്കിയ തുക പലിശ സഹിതം മടക്കി നല്‍കുകയും, ജീവനക്കാരെ പഴയ പെന്ഷന് പദ്ധതിയിലേക്ക് മാറ്റണമെന്നുമാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: