ധര്‍മശാല: ഭാരതം-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം. ധര്‍മ്മശാലയില്‍ ആരംഭിക്കുന്ന ഇന്നത്തെ ടെസ്റ്റ് തീരുന്നതോടെ ഇംഗ്ലണ്ടിന്റെ ഭാരത പര്യടനം പൂര്‍ത്തിയാകും. പരമ്പര 3-1ന് സ്വന്തമാക്കിയ ഭാരതത്തിന് ഇന്ന് തുടങ്ങുന്ന അഞ്ചാം ടെസ്റ്റില്‍ തോറ്റാലും പ്രശ്നമില്ല. പക്ഷെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ മുന്നിലെത്താന്‍ പരമാവധി പോയിന്റ് നേടിയെടുക്കേണ്ടതിനാല് മത്സരത്തെ നിസ്സാരമായി കാണാനാകില്ല.
അവസാന മത്സരത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിലെത്തിയ ഭാരത നായകന് രോഹിത് ശര്‍മ ഏറെ സന്തുഷ്ടനായാണ് കാണപ്പെട്ടത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഹൈദരാബാദില്‍ പരാജയപ്പെട്ടിടത്ത് നിന്ന് ഗംഭീര തിരിച്ചുവരവ് നടക്കാനായതായിരുന്നു നായകന്റെ സംപ്രീതിക്കു കാരണം. ജീവിതം തന്നെ ബുദ്ധിമുട്ടിലായ തോന്നലാണ് ആദ്യ മത്സര ശേഷം അനുഭവപ്പെട്ടതെന്ന് നായകന് അറിയിച്ചു. അതിനെ അതിജീവിച്ചതിന്റെ തൃപ്തിയാണിപ്പോഴുള്ളത്. അവസാനത്തേത് ഉള്‍പ്പെടെ ഒരു മത്സരം പോലും അത്ര നിസ്സാരമോ എളുപ്പമുള്ളതോ ആയിരുന്നില്ല. ടീമിനെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലാണ് എതിരാളികള്‍ കരുത്താര്ജ്ജിച്ചുകൊണ്ടിരുന്നത്. പക്ഷെ തന്നോടൊപ്പുള്ള ടീമിലെ ഓരോരുത്തരും പ്രതിസന്ധി ഘട്ടങ്ങളില്‍ ഉഴറാതെ ക്ഷമയോടെ ശാന്തമായി നേരിടാനാണ് തീരുമാനിച്ചത്.
താനടക്കം ടീമിലെ ഓരോരുത്തരും പക്വമായി നിലകൊണ്ടപ്പോള്‍ എതിരെ പയറ്റിയ സമ്മര്‍ദ്ദങ്ങള്‍ തിരികെ ഇരട്ടിവീര്യത്തോടെ എതിരാളികള്‍ക്ക് നേരേ തിരിഞ്ഞു. അതോടെ മത്സരങ്ങളില്‍ വിജയം നേടാനും തുടങ്ങി. മത്സരങ്ങളില്‍ പല ദിവസങ്ങളും ഇംഗ്ലണ്ട് അവരുടെ സര്‍വ്വശക്തിയും പ്രയോജനപ്പെടുത്തി മത്സരം ഏറെ കാഠിന്യമാക്കിമാറ്റാന് ശ്രമിക്കും. തളരാതെ അതിനെ അതിജീവിക്കാന്‍ തുനിഞ്ഞു നിന്നപ്പോള്‍ വിജയം കൂടെ പോന്നു- രോഹിത് തുടര്‍ന്നു. താന്‍ വലിയ വിദ്യാഭ്യാസമുള്ള ആളല്ല. പക്ഷെ ക്രിക്കറ്റില്‍ എതിര് ടീമിനെ പഠിക്കാന്‍ സമയം ചിലവഴിക്കാറുണ്ട്. ഒരു ക്രിക്കറ്ററെന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും എതിര് ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങളെ നിരന്തരം വീക്ഷിച്ചുകൊണ്ട് അതിനനുസരിച്ചാണ് കളി ആസൂത്രണം ചെയ്യുന്നത്. അത്തരം തീരുമാനത്തിനൊപ്പം നല്ക്കാന് താരങ്ങള്‍ തയ്യാറായ ഇടത്താണ് വിജയമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ടെസ്റ്റിന്റെ തുടക്കം മുതല്‍ പല വമ്പന്‍ താരങ്ങളെയും ലഭിച്ചില്ല. ഇടയ്ക്ക് വച്ച് ചിലരെയെല്ലാം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. പക്ഷെ പകച്ചുപോകാതെ പ്രകടനത്തെ ഭദ്രമാക്കാന്‍ ടീമിലെ യുവനിരയ്ക്ക് സാധിച്ചത് വലിയ കാര്യമാണെന്നും രോഹിത് പറഞ്ഞു.
ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഭാരതത്തെ ഇംഗ്ലണ്ട് 28 റണ്‍സിന് തോല്‍പ്പിച്ചു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന് വിജയിച്ചുകൊണ്ട് ഭാരതം ഒപ്പമെത്തി. രാജ് കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 434 റണ്‍സിന്റെ വിജയം ആഘോഷിച്ച് ഭാരതം മുന്നില്‍ കടന്നു. റാഞ്ചിയില്‍ നടന്ന നാലം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് ജയിച്ച് ഭാരതം വിജയലീഡ് 3-1 ആയി ഉയര്‍ത്തിക്കൊണ്ട് പരമ്പര ഉറപ്പിച്ചു.
ഇന്നത്തെ മത്സരത്തിനുള്ള ഭാരതത്തിന്റെ അന്തിമ ഇലവനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജസ്പ്രീത് സിങ് ബുംറ തിരികെയെത്തും. ഭാരതത്തിന്റെ സാധ്യതാ ഇലവനില്‍ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും കുല്‍ദീപ് യാദവിനെ ഒഴിവാക്കിയാണ് ബുംറയെ തിരിച്ചെടുത്തിരിക്കുന്നത്.
ഇംഗ്ലണ്ട് ഇലവനെ തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ ടെസറ്റില്‍ ടീമിലെത്തിയ പേസ് ബൗളര്‍ ഒല്ലീ റോബിന്‍സണിനെ ഒഴിവാക്കി. പകരം മാര്‍ക്ക് വുഡിനെ തിരികെ വിളിച്ചു.
ഇംഗ്ലണ്ടിന്റെ ഫൈനല്‍ ഇലവന്: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഓല്ലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്(ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്(വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്ട്ലി, ഷോയിബ് ബാഷിര്‍, ജെയിംസ് ആന്ഡേഴ്സണ്, മാര്‍ക്ക് വുഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: