മ്യൂണിക്: തകര്‍പ്പന്‍ ജയത്തോടെ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്നും(പിഎസ്ജി) യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാംപാദ മത്സരത്തില്‍ ഇരുടീമുകളുടെയും സൂപ്പര്‍ താരങ്ങള്‍ ഇരട്ട ഗോളുകള്‍ നേടിയതാണ് മത്സരങ്ങളുടെ ഹൈലൈറ്റ്. ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയെ സ്വന്തം തട്ടകത്തില്‍ തോല്‍പ്പിച്ചാണ് ബയേണിന്റെ കുതിപ്പ്. എതിരാളിയുടെ ഗ്രൗണ്ടിലും വിജയത്തോടെ പൂര്‍ത്തിയാക്കിയാണ് പിഎസ്ജിയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
ആദ്യപാദ മത്സരത്തില്‍ ലാസിയോയ്ക്ക് മുന്നില്‍ ഏകപക്ഷീയ മായ ഒരു ഗോളിന് പരാജയപ്പെട്ട ബയേണ്‍ മ്യൂണിക് ഇന്നലെ സ്വന്തം ഗ്രൗണ്ടില്‍ വന്‍ ആധിപത്യത്തോടെ പകരംവീട്ടുകയായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകളാണ് ബയേണ്‍ ഇന്നലെ ലാസിയോ വലയില്‍ അടിച്ചുകൂട്ടിയത്. രണ്ട് പാദങ്ങളിലുമായി 3-1ന്റെ ജയത്തോടെയാണ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
കളിയില്‍ ഇറ്റാലിയന്‍ ക്ലബ്ബിന് മികച്ചൊരു നീക്കം നടത്താനുള്ള അവസരം പോലും ബയേണ്‍ കൊടുത്തില്ല. നിരന്തരം നടത്തിയ മുന്നേറ്റത്തിന്റെ ഫലമായി സൂപ്പര്‍താരം ഹാരി കെയ്ന്‍ 39-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് അത്യുഗ്രന്‍ ഒരു കണക്ടിങ് ഗെയിമില്‍ ഹെഡ്ഡറിലൂടെ തോസ് മുള്ളര്‍ ബയേണ്‍ ലീഡ് ഇരട്ടിയാക്കി. എതിരില്ലാത്ത രണ്ട് ഗോളിന്റെ ലീഡുമായി രണ്ടാം പകുതിയിലേക്ക് മുന്നേറിയ മത്സരത്തില്‍ ഹാരി കെയന്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. കളിക്ക് 66 മിനിറ്റെത്തിയപ്പോഴാണ് റീബൗണ്ടായെത്തിയ പന്ത് സൂപ്പര്‍ താരം ഗോളാക്കിമാറ്റിയത്. ടോട്ടനത്തില്‍ നിന്നും ബയേണിലെത്തിയ ഹാരി കെയ്ന്‍ വിവിധ ടൂര്‍ണമെന്റുകളിലായി 33 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ തികച്ച ദിവസം കൂടിയായിരുന്നു ഇന്നലെ.
പിഎസ്ജിയുടെ കരുത്തിന് മുന്നില്‍ സ്വന്തം തട്ടകത്ത് ഒരാശ്വാസ ഗോള്‍ മടക്കുകയല്ലാതെ റയല്‍ സൊസേഡാഡിന് ഒന്നും ചെയ്യാനുണ്ടായില്ല. കളിയില്‍ നിറഞ്ഞാടിയ കിലിയന്‍ എംബാപ്പെ ഇരട്ടഗോളുമായി തിളങ്ങി. താരത്തിന്റെ ഗോളുകളുടെ ബലത്തിലാണ് ഇന്നലെ നടന്ന രണ്ടാംപാദ മത്സരത്തില്‍ ടീമിന് ആധിപത്യം പുലര്‍ത്താന്‍ സാധിച്ചത്. പാരിസിലെ സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ച പിഎസ്ജി ഇന്നലെ നേടിയ വിജയത്തോടെ ആകെ ഗോള്‍ നേട്ടം 4-1ആയി ഉയര്‍ത്തിക്കൊണ്ടാണ് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.
മത്സരത്തിന്റെ 15, 56 മിനിറ്റുകളിലാണ് എംബാപ്പെയുടെ അത്യുഗ്രന്‍ ക്ലാസിക് ഗോളുകള്‍ റയല്‍ സൊസേഡാഡ് വലയിലേത്തിയത്. സൊസേഡാഡിന്റെ ആശ്വാസ ഗോള്‍ 89-ാം മിനിറ്റില്‍ സ്പാനിഷ് താരം മികേല്‍ മെറീനോ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: