ആലപ്പുഴ: സിപിഎം പരിപാടികള്‍ വിജയിപ്പിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നു. കഞ്ഞിക്കുഴിയില്‍ സിപിഎം പിബി അംഗം വൃന്ദ കാരാട്ട് പങ്കെടുക്കുന്ന പരിപാടിയില്‍ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരിപാടിയിലാണ് ഇന്ന് വൃന്ദ കാരാട്ട് പങ്കെടുക്കുന്നത്. കഞ്ഞിക്കുഴി ഇല്ലത്തുകാവില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ നിര്‍ബന്ധമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നാണ് സിഡിഎസ് ചെയര്‍പേഴ്സണ്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മഹിളാ അസോസിയേഷന്റെ പരിപാടിയാണിതെന്നുള്ള തരത്തിലുള്ള നിര്‍ദ്ദേശമല്ല കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇവര്‍ നല്‍കിയിരിക്കുന്നത്. പകരം വനിതാദിന പരിപാടി എന്നാണ് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള അറിയിപ്പില്‍ പറയുന്നത്. എല്ലാവരും പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. വൃന്ദയ്ക്കു പുറമേ സിപിഎം നേതാക്കളായ പി.കെ. ശ്രീമതി, സി.എസ്. സുജാത എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കുടുംബശ്രീ കഞ്ഞിക്കുഴിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് സിഡിഎസ് ചെയര്‍പേഴ്സണ്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്.
സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് കഞ്ഞിക്കുഴിയില്‍ വനിതാ നേതാക്കള്‍ അടക്കം പാര്‍ട്ടി വിട്ട സാഹചര്യത്തിലാണ് എങ്ങിനെയും പരിപാടി വിജയിപ്പിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി പാര്‍ട്ടിയും സിഡിഎസ് ഭാരവാഹികളും രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി കഴിഞ്ഞ കുറെ നാളുകളായി സിപിഎം പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
സിപിഎം നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഫൈന്‍ ചുമത്തുന്നതായും ആനൂകുല്യങ്ങള്‍ നിഷേധിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചാണ് പകവീട്ടുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നതിനും ഇത്തരത്തില്‍ കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും പങ്കെടുപ്പിക്കാനുള്ള ശ്രമം വ്യാപകമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: