തിരുവനന്തപുരം :അർദ്ധചാലക മേഖലയിൽ യുവാക്കളെ കാത്തിരിക്കുന്നത് വൻ തൊഴിൽ അവസരങ്ങളാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഈ മേഖലയിൽ 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെൻ്ററിൽ ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതിക്ക് കീഴിലുള്ള നാലാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്റർ തിരുവനന്തപുരം വലിയമലയിലുള്ള ഐഐഎസ്ടി ക്യാമ്പസിൽ സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർയൂണിവേഴ്‌സിറ്റി മൈക്രോ ഇലക്‌ട്രോണിക്‌സ് സെൻ്റർ (ഐഎംഇസി), യുഎസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), തായ്‌വാനിലെ ഇൻഡസ്ട്രിയൽ ടെക്‌നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിആർഐ) എന്നിവയ്‌ക്കൊപ്പം നിൽക്കുന്ന സ്ഥാപനമായിരിക്കും ഈ ഗവേഷണ കേന്ദ്രം.
അർദ്ധചാലക ഗവേഷണ മേഖലയിൽ ലോകത്തിലെ അഞ്ചാമത്തെ സ്ഥാപനമായിരിക്കും ബിഎസ്ആർസിയെന്നും അദ്ദേഹം പറഞ്ഞു. സെമി കണ്ടക്ടർ മേഖലയിൽ രാജ്യം അതിവേഗം മുന്നേറുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വരാനിരിക്കുന്ന ഭാരത് സെമികണ്ടക്ടർ ഗവേഷണ കേന്ദ്രത്തിന് തിരുവനന്തപുരത്തെ ഐഐഎസ്‌ടിയിൽ ഒരു പ്രാദേശിക കേന്ദ്രം വന്നു കൂടായ്‌കയില്ല. അത് നഗരത്തിലെ സ്റ്റാർട്ടപ്പിനെയും ടെക് ആവാസ വ്യവസ്ഥയേയും കൂടുതൽ ഉത്തേജിപ്പിക്കും. ഇന്ത്യ, ലോകത്തിന്റെ സെമികോൺ ഹബ്ബ് ആകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഭാവിയിൽ അർദ്ധചാലകങ്ങളുടെ നിർമ്മാണത്തിൽ മാത്രമല്ല, എല്ലാ വ്യവസായങ്ങൾക്കും വേണ്ടുന്ന ചിപ്പുകളടക്കം രൂപകല്പന ചെയ്യുന്നതിനെക്കുറിച്ചും ഞങ്ങൾ പ്രതീക്ഷ പുലർത്തുന്നു.
നാലാമത് സെമിക്കോൺഇന്ത്യ ഫ്യൂച്ചർഡിസൈൻ റോഡ്‌ഷോ, തിരുവനന്തപുരത്തും കേരളത്തിലും നിലവിലുള്ളതും വളർന്നുവരുന്നതുമായ സംരംഭകർക്ക് നാളെയുടെ സംവിധാനങ്ങളും ഉപകരണങ്ങളും ഉൽപ്പന്നങ്ങളും രൂപകൽപ്പന ചെയ്യുന്നതിനും പുനർരൂപകൽപ്പന ചെയ്യുന്നതിനുമുള്ള വലിയ അവസരം തുറക്കുന്നു.
ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതിക്ക് കീഴിൽ പുതുതായി ആരംഭിച്ച സ്റ്റാർട്ടപ്പുകളെ ചടങ്ങിൽ അദ്ദേഹം ആദരിച്ചു. അർദ്ധചാലക മേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളുടേയും മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങളുടേയും പ്രദർശനവും രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയും (ഐഐഎസ്ടി) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ വിഎസ്എസ് സി/ഐഐഎസ്ടി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ, വ്യവസായിക, അക്കാദമിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: