കിളിമാനൂര്‍: സംസ്ഥാനത്താകമാനം എഎവൈ, പിഎച്ച്എച്ച് കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ ഇകെവൈസി ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സാധാരണക്കാരെ വെട്ടിലാക്കുന്നു. എഎവൈ, പിഎച്ച്എച്ച് റേഷന്‍ കാര്‍ഡിനുള്ള എല്ലാവരും റേഷന്‍ കടയിലെത്തി ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ നമ്പര്‍ നല്കി വിരല്‍ പതിച്ച് മസ്റ്ററിങ് ഈ മാസം 31 ന് മുമ്പ് നടത്തണമെന്നും ചെയ്യാത്തവര്‍ക്ക് തുടര്‍ന്ന് റേഷന്‍ ലഭിക്കില്ലെന്നുമാണ് നിര്‍ദേശം.
പ്രായമായവരിലും കുട്ടികളിലും സ്ത്രീകളിലും വലിയൊരു വിഭാഗത്തിന്റെ വിരലിലെ രേഖകള്‍ മാഞ്ഞ് വിരല്‍ ഇ ഫോസ് യന്ത്രത്തില്‍ പതിയാത്ത സാഹചര്യമാണുള്ളത്. പ്രത്യേകിച്ച് സ്ത്രീകളുടെയും കൂലി പണിക്കാരുടെയും കശുവണ്ടി തൊഴിലാളികളുടെയും കുട്ടികളുടെയും വിരല്‍ ഇ ഫോസ്യന്ത്രത്തില് വച്ചാലും രേഖകള്‍ മാഞ്ഞത് മൂലം അപ്ഡേഷന് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അതിനാല്‍ വലിയൊരു വിഭാഗം ആശങ്കയിലാണ്. മസ്റ്ററിങ് അപ്ഡേഷന് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ റേഷന്‍ ലഭിക്കുന്നതില്‍ നിന്നും പുറത്താകുന്നതിന് സാധ്യതയും കൂടുതലാണ്. അതിനാല്‍ ആശങ്ക വര്‍ധിക്കുകയാണ്.
ജില്ലയില്‍ 60,772 എഎവൈ കാര്‍ഡുകളിലായി 1,87,931 ഗുണഭോക്താക്കളും 4,58,530 പിഎച്ച്എച്ച് കാര്‍ഡുകളിലായി 15,21,871 ഗുണഭോക്താക്കളും ഉണ്ടെന്നാണ് നിലവിലെ ഏകദേശ കണക്ക്. ഇതില്‍ വിദേശത്ത് കഴിയുന്നവരെയും ,മരിച്ചു പോയവരെയും ഒഴിവാക്കുകയെന്നതാണ് അപ്ഡേഷന് മസ്റ്ററിങ് പ്രക്രിയയിലൂടെ ഉന്നം വെയ്ക്കുന്നത് .അതേസമയം എ എ വൈ ,പി എച്ച് എച്ച് കാര്‍ഡുകളില്‍ കിടപ്പ് രോഗികളും , വിരല്‍ പതിയാത്തവരും വളരെ കൂടുതലാണ് .കിടപ്പ് രോഗികള്‍ക്ക് പഞ്ചായത്ത് അധികൃതരായുടെ കത്ത് വാങ്ങിയാല്‍ മതിയെന്ന നിര്‍ദേശം ഉള്ളതായി പറയപ്പെടുന്നു.
എന്നാല്‍ വിരല്‍ പതിയാത്തവര്‍ക്ക് കണ്ണ് പകര്‍ത്തി അപ്ഡേഷന് മസ്റ്ററിങ് നടത്താന്‍ റേഷന്‍ കടകളില്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം റേഷന്‍ കടകളില്‍ പോയവര്‍ പറയുന്നത്. വിവിധ കാരണങ്ങളാല്‍ കാര്‍ഡ് മസ്റ്ററിങ്ങിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സാഹചര്യവും നിലവിലുണ്ട്. ഇ ഫോസ് മെഷിനിലെയും സെര്‍വര്‍ തകരാറുമാണ് ഇതിന് കാരണം. പ്രശ്നം പരിഹരിക്കാനായി സംസ്ഥാനത്തെ റേഷന്‍ കടകളില്‍ സമയക്രമീകരണം ഇന്നലെ മുതല്‍ നടത്തിയിട്ടുണ്ട്.
അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ റേഷന്‍ കടകളില്‍ തന്നെയോ കണ്ണ് കൂടി പകര്‍ത്തി അപ്ഡേഷന് മസ്റ്ററിങ് ചെയ്യാനുളള സൗകര്യം ഒരുക്കണമെന്ന ആവശ്യം കാര്‍ഡുടമകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. അടിയന്തരമായി പൊതുവിതരണ വകുപ്പ് മന്ത്രിയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും ഇടപെട്ട് സൗകര്യം ഒരുക്കണമെന്നും വേണ്ട നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്നുമാണ് കാര്‍ഡുടമകളുടെ ആവശ്യം. റേഷന്‍ വ്യാപാരികള്‍ തന്നെ കണ്ണ് പകര്‍ത്തുന്നതിനുള്ള ഉപകരണം വാങ്ങണമെന്ന നിര്‍ദേശം ഉണ്ടെന്ന് ചില റേഷന്‍ വ്യാപാരികള്‍ പറയുന്നു. അത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും പ്രയോഗികമല്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: