പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഭാരതത്തിന്റെ ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍. ഭാരതത്തിന്റെ പുരുഷ, വനിതാ ഇരട്ട സഖ്യങ്ങളും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
ഇന്നലെ നടന്ന ആദ്യ പോരാട്ടത്തില്‍ മലേഷ്യന്‍ പുരുഷ സഖ്യതാരങ്ങളായ ഓങ് യീ സിന്-ടോ ഇ യി ആണ് ഭാരതത്തിന്റെ സാത്വിക് സായിരാജ് രങ്കീറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് മുന്നില്‍ കീഴടങ്ങിയത്. നേരിട്ടുള്ള വിജയമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. നിലവില്‍ ലോക ഒന്നാം നമ്പര്‍ ഇരട്ട താരങ്ങളായ സാത്വിക്-ചിരാഗ് സഖ്യം കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ മുത്തമിട്ടിരുന്നു. ഇന്നലത്തെ കളിയില്‍ 21-13, 24-22നായിരുന്നു സാത്വിക്-ചിരാഗ് സഖ്യത്തിന്റെ വിജയം. രണ്ടാം റൗണ്ട് പോരാട്ടത്തിലും ഇരുവരുടെയും എതിരാളികള്‍ മറ്റൊരു മലേഷ്യ സഖ്യമാണ്. മാന്‍ വേ ചോങ്- കായ് വുന് റ്റീ സഖ്യമാണ് എതിരാളികള്‍.
വനിതാ ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത് മറ്റൊരു ഭാരത സഖ്യം തനീഷ കാസ്ട്രോ-അശ്വിനി പൊന്നപ്പ സഖ്യത്തെ ആണ്. സ്കോര്‍: 16-21, 21-19, 21-17.
പുരുഷ സിംഗിള്‍സില്‍ ജപ്പാന്റെ കാന്റാ സുനേയാമയെ ആണ് ഭാരത താരം ലക്ഷ്യ സെന്‍ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം കൈവിട്ട ശേഷം തുടരെ രണ്ട് ഗെയിമുകല്‍ പിടിച്ചെടുത്തുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം. സ്കോര്‍: 15-21, 21-15, 21-3
ഇന്ന് നടക്കുന്ന സിംഗിള്‍സ് പോരാട്ടത്തില്‍ ഭാരത താരങ്ങളായ കിഡംബി ശ്രീകാന്തും മലയാളി താരം എച്ച്.എസ്. പ്രണോയും മത്സരത്തിനിറങ്ങും. വനിതാ സിംഗിള്‍സില്‍ ഭാരതത്തിന്റെ ഒളിംപിക് മെഡല്‍ ജേത്രി പി.വി. സന്ധുവും ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: