ബംഗാള്‍: ബംഗാളിലെ സന്ദേശ്ഖലി എന്ന പ്രദേശത്തെ ഗോത്രവര്‍ഗ്ഗസ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ സ്വത്തുക്കള്‍ ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും തട്ടിയെടുക്കുകയും ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടയായ ഷേഖ് ഷാജഹാന്റെ 12.78 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇഡി. ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഇഡിയുടെ ഈ നടപടി.
നേരത്തെ കൊല്‍ക്കൊത്ത ഹൈക്കോടതി സന്ദേശ്ഖലി അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിട്ടെങ്കിലും ബംഗാള്‍ സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ഷേഖ് ഷാജഹാന്റെ ബാങ്ക് നിക്ഷേപങ്ങള്‍, ഒരു അപാര്‍ട്മെന്റ്, കൃഷി ഭൂമി, മീന്‍വളര്‍ത്തുന്ന ഏക്കര്‍കണക്കിന് ഭൂമി എന്നിവ ഇഡി പിടിച്ചെടുത്ത സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നു. നേരത്തെ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയിലുള്ള ഷേഖ് ഷാജഹാന്റെ വീട് റെയ്ഡ് ചെയ്യാന്‍ പോയ ഇഡി ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ ആയിരത്തോളം വരുന്ന ഗുണ്ടാഅനുയായി സംഘം ആക്രമിച്ച് പരിക്കേല്പിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ബംഗാളിലെ റേഷന്‍ കടകളില്‍ നല്കിയ അരിയും വലിയ തോതില്‍ ഷേഖ് ഷാജഹാന് തിരിമറി നടത്തിയിരുന്നു. ഈ റേഷനരി കുംഭകോണത്തെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. കോടികളുടെ റേഷനരി തിരിമറിയ്ക്ക് നേതൃത്വം നല്കിയ ബംഗാളിലെ ഭക്ഷ്യ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ അടുത്ത അനുയായി കൂടിയാണ് ഗുണ്ടയായ ഷേഖ് ഷാജഹാന്. കള്ളപ്പണം വെളുപ്പിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇഡിയെ ആക്രമിച്ച കേസില്‍ ബംഗാള്‍ പൊലീസ് ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒളിവില്‍ പോയി. 55 ദിവസത്തോളം ഒളിവിലായിരുന്നു. ഒടുവില്‍ ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാനുള്ള അധികാരം സിബിഐയ്ക്ക് വിടുമെന്ന് കൊല്‍ക്കൊത്ത ഹൈക്കോടതി വിധിച്ചതോടെയാണ് അതിനാടകീയമായി ഒളിവിലായിരുന്ന ഷേഖ് ഷാജഹാന് പൊലീസില്‍ കീഴടങ്ങിയത്. ഇതോടെ തൃണമൂല്‍ സര്‍ക്കാര്‍ തന്നെയാണ് ഷേഖ് ഷാജഹാന് സംരക്ഷണം നല്‍കിയിരുന്നതെന്ന് തെളിഞ്ഞു. ഇതോടെ ഷേഖ് ഷാജഹാനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി മമത ബാനര്‍ജി പ്രഖ്യാപിച്ചു. ഇത് മമതയുടെ മറ്റൊരു നാടകം മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: