അലോപി ദേവി ക്ഷേത്രം, ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് അലോപി ബാഗിലാണ് അലോപി ദേവി ക്ഷേത്രമുള്ളത്. ത്രിവേണി സംഗമത്തിന് സമീപമാണ് ഈ ശക്തിപീഠം സ്ഥിതി ചെയ്യുന്നത്. അവിടെ ദേവിയുടെ വിഗ്രഹമോ ശക്തിപീഠ ഐതിഹ്യമനുസരിച്ചുള്ള ഏതെങ്കിലും അവയവത്തിന്റെ അടയാളമോ സൂക്ഷിച്ചിട്ടില്ല. പകരം തൊട്ടിലിനെയാണ് ആരാധിക്കുന്നത്. ഐതിഹ്യമനുസരിച്ച്, സതിദേവിയുടെ കൈയിലെ നഖങ്ങള്‍ ഇവിടെ വീണ് അപ്രത്യക്ഷമായെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ സിദ്ധപീഠത്തിന് അലോപ് (അപ്രത്യക്ഷമായ) ശങ്കരി എന്ന് നാമകരണം ചെയ്തത്. പ്രതീകമായി ഒരു തൊട്ടില് സ്ഥാപിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യമുണ്ട്. മുമ്പ് അതുവഴി കടന്നുപോയ വിവാഹ ഘോഷയാത്രയെ ഒരു സംഘം കൊള്ളക്കാര്‍ ആക്രമിച്ചു. ഇതിനിടയില്‍ പല്ലക്കിലിരുന്ന വധു അപ്രത്യക്ഷയായി. അലോപി ദേവിയായിരുന്നു ആ വധുവെന്നാണ് വിശ്വാസം. വിചിത്രമായ ആ തിരോധാനത്തിന്റെ സ്മരണയ്ക്ക് ആ ദിവ്യ വധുവിനെ ആരാധിക്കാന്‍ അതേ സ്ഥലത്ത് ഒരു ക്ഷേത്രം പണിത് ശ്രീകോവിലില്‍ ഒരു മരത്തൊട്ടില് സ്ഥാപിക്കുകയായിരുന്നു.
കാമാഖ്യ ക്ഷേത്രം, ഗുവാഹത്തിഅസമിലെ ഗുവാഹത്തിയിലെ നിലാചല്‍ മലനിരകളിലാണ് കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാംരൂപ് ജില്ലയിലാണ് ക്ഷേത്രമുള്ളത്. അഷ്ടദശാ ശക്തിപീഠങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം കാമാഖ്യ ദേവിക്ക്, സമര്‍പ്പിച്ചിരിക്കുന്നു. ഐതിഹ്യമനുസരിച്ച് വിഷ്ണുഭഗവാന് സുദര്‍ശന ചക്രത്താല്‍ ഛിന്നഭിന്നമാക്കിയ സതീദേവിയുടെ ഭൗതിക ദേഹത്തില്‍ നിന്ന് ജനനേന്ദ്രിയം ഭൂമിയില്‍ വീണത് ക്ഷേത്രം ഇരിക്കുന്നിടത്താണെന്നാണ് വിശ്വാസം. ശ്രീകോവിലില്‍ ആരാധിക്കുന്നതും അതിന്റെ പ്രതീകാത്മക രൂപമാണ്.
ദേവിയുടെ ആര്‍ത്തവ ആഘോഷമെന്ന് വിശേഷിപ്പിക്കുന്ന വാര്‍ഷിക ഉത്സവമായ അംബുബാച്ചി മേള പ്രസിദ്ധമാണ്. ഈ ആ ഘോഷവേളയില്‍ ദേവിയുടെ വിശ്രമത്തിനായി ക്ഷേത്രം മൂന്നു ദിവസത്തേക്ക് അടച്ചിടും. നാലാം ദിവസം ആരാധനയ്ക്കായി ക്ഷേത്രം തുറക്കും.മേളയ്ക്ക് നിരവധി തീര്‍ത്ഥാടകരും യോഗിനികളും യോഗികളും ഇവിടെ ഒത്തുകൂടും. സംഗീതവും ആഘോഷവും കൊണ്ട് പ്രദേശം മുഴുവന്‍ സജീവമായിരിക്കും. ആത്മീയ പ്രാധാന്യത്തിനപ്പുറം, അസമിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷമാണ് അംബുബാച്ചി മേള. കരകൗശല വിദഗ്ധര്‍ക്കും കലാകാരന്മാര്ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ്.
ജ്വാലാമുഖി ക്ഷേത്രം, ഹിമാചല്‍ പ്രദേശ് വിഗ്രഹങ്ങളില്ലാത്ത ക്ഷേത്രമെന്ന നിലയില്‍ പ്രശസ്തമായ ശക്തിപീഠമാണ് ജ്വാലാമുഖി ക്ഷേത്രം. ഹിമാചല്‍ പ്രദേശിലെ ജ്വാലാമുഖി പട്ടണത്തിലെ ഈ ക്ഷേത്രം ജ്വാലാമുഖീദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നു. പ്രകാശത്തിന്റെ ദേവത അല്ലെങ്കില്‍ ജ്വലിക്കുന്ന ദേവിയാണ് ജ്വാലാമുഖി. മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ നിന്നാല്‍ ദൗലാധര്‍ പര്‍വതനിരകളുടെ ചേതോഹര ദൃശങ്ങള്‍ കാണാം. മഹാവിഷ്ണു സതിയുടെ മൃതദേഹം വേര്‍പെടുത്തിയപ്പോള്‍ നാവ് വീണത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പുണ്യസ്ഥലം പാണ്ഡവര്‍ സന്ദര്‍ശിച്ചിരുന്നതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: