ന്യൂദല്‍ഹി: 2019ല്‍ രാഹുല്‍ഗാന്ധിയുടെ ‘ചൗകിദാര്‍ ചോര്‍ ഹെ’ (കാവല്ക്കരാന് കള്ളനാണ്) എന്ന മോദിയ്ക്കെതിരായ പ്രചാരണമാണ് മോദിയെ ജയിപ്പിച്ചതെങ്കില്‍ 2024ല്‍ ‘മോദിയ്ക്ക് കുടുംബമില്ല’ എന്ന് ലാലുവിന്റെ പരിഹാസം മോദിയ്ക്ക് വന്‍ ജയം ഉറപ്പാക്കുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പ്രവചിക്കുന്നു.
ബിജെപി നേതാക്കളെല്ലാം അവരുടെ സമൂഹമാധ്യമപേജുകളില്‍ പേരിന്റെ കൂടെ മോദി കി പരിവാര്‍ (മോദിയുടെ കുടുംബം)എന്ന് ചേര്‍ത്ത് പ്രചാരണപരിപാടി ആരംഭിച്ചുകഴിഞ്ഞു. ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗാഡ്കരി, അമിത് ഷാ എന്നിവര്‍ സമൂഹമാധ്യമപേജില്‍ പേരിനൊപ്പം മോദി കി പരിവാര്‍ ചേര്‍ത്തുകഴിഞ്ഞു. വൈകാതെ ഇന്ത്യയിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും അവരുടെ സമൂഹമാധ്യമ പേജുകളില്‍ മോദിയുടെ കുടുംബം എന്ന് പേരിനൊപ്പം ചേര്‍ക്കുന്നതോടെ ഇത് വലിയൊരു രാഷ്ട്രീയ പ്രചാരണ പരിപാടിയായി രൂപപ്പെടും. ഒരു പക്ഷെ 2024ല്‍ മോദിയുടെ ഭൂരിപക്ഷം കൂട്ടുന്ന വന്‍ രാഷ്ട്രീയ ആയുധമായി മോദി കി പരിവാര്‍ മാറും.
രാഹുല്‍ ഗാന്ധിയുടെ ചൗകിദാര്‍ ചോര്‍ ഹെ കാമ്പയിന്
2019ലെ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ തെരഞ്ഞെടുത്ത പ്രചാരണമായിരുന്നു ‘ചൗകിദാര്‍ ചോര്‍ ഹെ’ (കാവല്ക്കാരന് കള്ളനാണ്) . അന്ന് ബിജെപി സമൂഹമാധ്യമങ്ങളില്‍ ഒരു പ്രചാരണം അഴിച്ചുവിട്ടാണ് ഇതിന് മറുപടി നല്‍കിയത്. മെം ഭി ചൗകിദാര്‍ ഹൂം (ഞാനും കാവല്‍ക്കാരനാണ്) എന്നതായിരുന്നു സമൂഹമാധ്യമങ്ങളില്‍ ബിജെപി നടത്തിയ പ്രചാരണം. എല്ലാ ബിജെപി പ്രവര്‍ത്തകരും അവരുടെ സമൂഹമാധ്യമങ്ങളില്‍ പേരിനൊപ്പം മെം ഭി ചൗകിദാര്‍ ഹൂം എന്ന് ചേര്‍ത്തു.
മോദിയും ഇതേ വാചകം ഉപയോഗിച്ച് രാഹുല്‍ ഗാന്ധിക്ക് മറുപടി നല്കി. താന്‍ കാവല്‍ക്കാരനാണെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയാണ് ഈ ചൗകിദാര്‍ (കാവല്ക്കാരന് ) പ്രവര്‍ത്തിക്കുന്നതെന്നും മോദി രാജ്യമുടനീളം പ്രസംഗിച്ചു. അന്ന് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം അമ്പേ പരാജയപ്പെട്ടു. മോദി ജയിച്ചു കയറി.
മോദിയ്ക്ക് സ്വന്തമായി കുടുംബമില്ലെന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസം
2024ല്‍ ലാലുപ്രസാദ് യാദവും മോദിയ്ക്ക് അതേ അവസരമാണ് ഇപ്പോള്‍ തുറന്നു കൊടുത്തിരിക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഇത് വലിയ കാമ്പയിനാക്കി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ‘മോദിയ്ക്ക് സ്വന്തമായി ഒരു കുടുംബമില്ലാത്തതിനാല്‍ ഞങ്ങള്‍ എന്ത് ചെയ്യും’ എന്നായിരുന്നു കഴിഞ്ഞ ദിവസം ബീഹാറില്‍ രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് നടത്തിയ പ്രചാരണ പരിപാടിയില്‍ ലാലു പ്രസാദ് യാദവ് മോദിയെ പരിഹസിച്ചത്. ഇതിന് മോദിയുടെ കുടുംബം ഈ രാജ്യത്തിലെ 140 കോടി ജനങ്ങളാണ് എന്ന മറുപടിയുമായി ഇറങ്ങിയിരിക്കുകയാണ് മോദി. തിങ്കളാഴ്ച തെലുങ്കാനയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ഇപ്പോള്‍ ബിജെപി നേതാക്കളായ അമിത് ഷാ, ജെ. പി. നദ്ദ, നിതിന്‍ ഗാഡ്കരി എന്നിവര്‍ അവരുടെ സമൂഹമാധ്യമപേജിലെ പേരിനൊപ്പം ‘മോദിയുടെ കുടുംബം’ എന്ന് ചേര്‍ത്തിരിക്കുകയാണ്. മുഴുവന്‍ ബിജെപി നേതാക്കളും ഈ പ്രചാരണ പരിപാടിക്ക് സമൂഹമാധ്യമങ്ങളില്‍ തുടക്കമിട്ട് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: