ക്വാലാലംപൂർ : ഒരു ദശാബ്ദം മുമ്പ് മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് എംഎച്ച് 370 വിമാനം തകർന്നുവീണതായി കരുതപ്പെടുന്ന തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചേക്കുമെന്ന് മലേഷ്യൻ സർക്കാർ അറിയിച്ചു. യുഎസ് സാങ്കേതിക സ്ഥാപനം പുതിയ തിരച്ചിൽ നിർദ്ദേശം മുന്നോട്ട് വച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
2018-ൽ ആദ്യം തിരഞ്ഞ സ്ഥലത്ത് നിന്ന് വിപുലീകരിച്ച് കടൽത്തീരങ്ങൾ പരിശോധിക്കുന്നതിന് മറ്റൊരു “നോ ഫൈൻഡ്, നോ ഫീ” അടിസ്ഥാനത്തിൽ ടെക്സസ് ആസ്ഥാനമായുള്ള ഓഷ്യൻ ഇൻഫിനിറ്റി എന്ന സ്ഥാപനം നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആൻ്റണി ലോക് പറഞ്ഞു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള പുതിയ ശാസ്ത്രീയ തെളിവുകൾ വിലയിരുത്താൻ കമ്പനിയെ ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെളിവുകൾ വിശ്വസനീയമാണെങ്കിൽ, തിരച്ചിൽ പുനരാരംഭിക്കുന്നതിന് ഓഷ്യൻ ഇൻഫിനിറ്റിയുമായി പുതിയ കരാർ ഒപ്പിടാൻ മന്ത്രിസഭയുടെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.
എംഎച്ച് 370 കണ്ടെത്താനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായും ജെറ്റ് അപ്രത്യക്ഷമായതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടിയിൽ ലോക് പറഞ്ഞു. അന്വേഷണത്തിന് വിമാനം കണ്ടെത്താനും അപകടത്തിൽപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് സത്യം നൽകാനും കഴിയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് ബെയ്ജിംഗിലേക്ക് 239 പേരുമായി പോയ ബോയിംഗ് 777 വിമാനം 2014 മാർച്ച് 8 ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
വിമാനം അതിന്റെ പാതയിൽ നിന്ന് വ്യതിചലിക്കുകയും തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീഴുകയുമായിരുന്നുവെന്ന് സാറ്റലൈറ്റ് ഡാറ്റ കാണിക്കുന്നത്.
കിഴക്കൻ ആഫ്രിക്കൻ തീരങ്ങളിലും ഇന്ത്യൻ മഹാസമുദ്ര ദ്വീപുകളിലും നിരവധി അവശിഷ്ടങ്ങൾ കരയിലേക്ക് ഒഴുകിയെങ്കിലും, തിരച്ചിലിൽ ഒരു സൂചനയും കണ്ടെത്താൻ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: