വലന്‍സിയ: സ്പാനിഷ് ലാ ലിഗയില്‍ കുതിപ്പ് തുടരുന്ന റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങിയ മത്സരത്തിന് സംഘര്‍ഷ സമാനമായ ക്ലൈമാക്‌സ്. അടിയുടെ വക്കോളമെത്തിയ മത്സരത്തിനൊടുവില്‍ നടന്ന തര്‍ക്കത്തില്‍ താരങ്ങളുടെ അസഭ്യവര്‍ഷങ്ങളും തട്ടിക്കയറ്റവും എല്ലാം അരങ്ങേറി. ഇന്‍ജുറി ടൈമില്‍ ബെല്ലിങ്ഹാമിലൂടെ നേടിയ വിജയഗോള്‍ റഫറി നിഷേധിച്ചതാണ് കലുഷിത സാഹചര്യത്തിന് വഴിയൊരുക്കിയത്.
സ്വന്തം തട്ടകത്തില്‍ വമ്പന്‍മാരായ റയലിനെ ഞെട്ടിച്ചായിരുന്ന വലന്‍സിയയുടെ തുടക്കം. മൂന്ന് മിനിറ്റിനിടെ ടീം രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് മുന്നിലെത്തി. 27-ാം മിനിറ്റില്‍ ഹ്യൂഗോ ഡുറോയും 30-ാം മിനിറ്റില്‍ റോമന്‍ യാറെംചക്കും ആണ് ഗോളുകള്‍ നേടിയത്. ഇതിനെതിരെ വാശിയോടെ പൊരുതിയ റയല്‍ ആദ്യ പകുതി തിരും മുമ്പേ ഒരു ഗോള്‍ മടക്കി. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ വിനിഷ്യസ് ജൂനിയര്‍ ആണ് ഗോളടിച്ചത്. എന്നിട്ടും ആദ്യപകുതിയില്‍ 2-1ന് വലന്‍സിയ ആധിപത്യം പുലര്‍ത്തി.
രണ്ടാം പകുതിയിലും റയല്‍ തങ്ങളുടെ ഗംഭീര പ്രകടനവുമായി മുന്നേറി. വനിഷ്യസിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡറില്‍ വീണ്ടും വലന്‍സിയ വല കുലുങ്ങി. റയല്‍ ആതിഥേയര്‍ക്കൊപ്പമെത്തി(2-2). പിന്നെയും കണ്ടത് റയല്‍ മുന്നേറ്റംകൊണ്ട് വലന്‍സിയ വീര്‍പ്പുമുട്ടുന്ന കാഴ്‌ച്ചയാണ്. ഇടതടവില്ലാതെ മുന്നേറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ലോ ആന്‍സലോട്ടിയുടെ പടയ്‌ക്കായി ലോങ് റേഞ്ചര്‍ ഹെഡ്ഡറിലൂടെ ജൂഡ് ബെല്ലിങ്ഹാം പന്ത് വലയിലെത്തിച്ച് വിജയാഘോഷം തുടങ്ങി. പക്ഷെ ഗോള്‍ മാത്രം അനുവദിച്ചില്ല. ഗോളിലേക്കുള്ള ഈ ക്രോസ് വരുന്നതിന് മുമ്പേ റഫറി ഫൈനല്‍ വിസില്‍ മുഴക്കി എന്നായിരുന്നു വിധി. തീരുമാനത്തിനെതിരെ മൈതാനത്ത് പ്രതിഷേധവുമായി റയല്‍ താരങ്ങള്‍ റഫറിയെ വളഞ്ഞു. താരങ്ങളും റഫറിയും തമ്മിലുള്ള വാദം മൂര്‍ച്ഛിച്ചു. ക്ഷമയറ്റ ബെല്ലിങ്ഹാം റഫറിയോട് കടുപ്പിച്ച് എന്തോ പറഞ്ഞു. ഉടനടി താരത്തെ ചുവപ്പ് കാര്‍ഡ് കാട്ടി. ഇതോടെ വിനിഷ്യസ് അടക്കമുള്ള താരങ്ങള്‍ പൊട്ടിത്തെറിക്കുന്ന സ്ഥിതിയിലായി. പിന്നെ പരിശീലക സംഘത്തിലുള്ളവര്‍ അടുത്തെത്തി താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു.
വലിയ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് കളി മൊത്തത്തില്‍ നടന്നത്. കഴിഞ്ഞ സീസണില്‍ വലന്‍സിയയുടെ ഈ മൈതാനത്ത് വച്ചാണ് വിനീഷ്യസിന് വലിയ രീതിയില്‍ വംശീയ അധിക്ഷേപം നേരിടേണ്ടിവന്നത്. ഇക്കുറി അതേ താരത്തിന്റെ മികവില്‍ ടീം കളി തിരിച്ച് പിടിച്ചുകൊണ്ട് വലന്‍സിയ ആരാധകരോട് മധുര പ്രതികാരം തീര്‍ക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ അത്രയും ഇല്ലെങ്കിലും താരത്തിനെതിരെ മുദ്രാവാക്യം വിളികള്‍ ഗാലറിയില്‍ നിന്നും ഉയരുന്നുണ്ടായിരുന്നു. ഇതിനെതിരെ വിനിഷ്യസ് രണ്ടാം ഗോള്‍ നേടിയ ശേഷം ആരാധകരെ നോക്കി ആവര്‍ത്തിക്കൂ എന്ന് ആംഗ്യം കാട്ടിക്കൊണ്ടാണ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: