ആദിശക്തിയുടെ വിവിധ രൂപങ്ങളില്‍ ദുര്‍ഗാദേവിയെ ആരാധിക്കുന്ന പുണ്യക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങള്‍. 51, 52, 64, 108 എന്നിങ്ങനെ ശക്തിപീഠങ്ങളുടെ എണ്ണം പുരാണങ്ങള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. അവയില്‍ പ്രധാനപ്പെട്ട 18 ക്ഷേത്രങ്ങള്‍ മധ്യകാല ഹൈന്ദവ ഗ്രന്ഥങ്ങളില്‍ അഷ്ടദശാശക്തിപീഠങ്ങള്‍ എന്നറിയപ്പെടുന്നു. നിരവധി ഐതിഹ്യങ്ങള്‍ ശക്തിപീഠങ്ങളുടെ ഉത്ഭവത്തിന് നിദാനമായി പറയപ്പെടുന്നുണ്ടെങ്കിലും ദക്ഷയാഗവുമായി ബന്ധപ്പെട്ട കഥയ്ക്കാണ് ഏറ്റവും പ്രചാരമുള്ളത്.
ശക്തിപീഠങ്ങളുടെ പിറവി
ശക്തിപീഠങ്ങളെക്കുറിച്ച് വിശ്വാസത്തിലിരിക്കുന്ന കഥ ഇങ്ങനെയാണ്: ഒരിക്കല്‍ ദക്ഷപ്രജാപതി, മകള്‍ സതിയുടെ ഭര്‍ത്താവായ ശിവന് ഒഴികെയുള്ള എല്ലാ ദേവതകളെയും ക്ഷണിച്ച് ഒരു യജ്ഞം നടത്തി. സ്വന്തം ഗൃഹത്തില്‍ അച്ഛന് യജ്ഞം നടത്തുന്നതറിഞ്ഞ സതി, അവിടെ പോകാനായി ആഗ്രഹം പ്രകടിപ്പിച്ചു. ശിവഭഗവാന് ആദ്യം സമ്മതിച്ചില്ലെങ്കിലും സതിയുടെ മനസ്സറിഞ്ഞ്, പോകാന്‍ അനുവദിച്ചു. ദക്ഷന് ശിവനോടുള്ള അനാദരവ് നേരിട്ടറിഞ്ഞതോടെ സതി പ്രാണത്യാഗം ചെയ്തു. വിവരമറിഞ്ഞ് കോപാകുലനായ ശിവന്, അവിടെയെത്തി സതിയുടെ ഭൗതികദേഹവുമായി താണ്ഡവമാടാന്‍ തുടങ്ങി. ഇതുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് മനസ്സിലാക്കിയ ഭഗവാന് വിഷ്ണു, സുദര്‍ശന ചക്രത്താല്‍ സതിയുടെ ദേഹം പല കഷ്ണങ്ങളാക്കി വിഭജിച്ചു. അവ ഓരോന്നും ഭൂമിയില്‍ പതിച്ച ഇടങ്ങളാണ് ശക്തിപീഠങ്ങളായി അറിയപ്പെട്ടത്. അവയില്‍ പ്രധാനപ്പെട്ട 18 ശക്തിപീഠങ്ങള്‍ ഏതൊക്കെയെന്ന് ആദിശങ്കരാചാര്യരുടെ അഷ്ടദശാ ശക്തിപീഠ സ്തോത്രത്തില്‍ പരാമര്‍ശിക്കുന്നു.
ശ്രീ ശങ്കരീദേവി ക്ഷേത്രം, ശ്രീലങ്ക
ആദിശങ്കരാചാര്യരുടെ സ്തോത്രം (സ്തുതിഗീതം) ആരംഭിക്കുന്നത് ശങ്കരീദേവി ശക്തിപീഠത്തെ പരാമര്‍ശിച്ചാണ്. അവിടെ ദേവി സതിയുടെ ഹൃദയം വീണതായി വിശ്വസിക്കപ്പെടുന്നു. അഷ്ടദശാശക്തിപീഠങ്ങളില് ആദ്യമായി ആരാധിക്കപ്പെടുന്ന ശക്തിദേവതയുടെ രൂപം കൂടിയാണ് ശങ്കരീദേവിയെന്നാണ് വിശ്വാസം. ഇവിടെ പ്രതിഷ്ഠയെ ശങ്കരീദേവിയായും ശിവനെ ത്രികോണേശ്വരനായും ആരാധിക്കുന്നു.
ഇന്നത്തെ ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ട്രിങ്കോമാലി പട്ടണത്തിനടുത്ത് ഒരു കുന്നിന് മുകളിലാണ് ഈ പുണ്യസ്ഥലം സ്ഥിതി ചെയ്യുന്നത്. ചോള, പാണ്ഡ്യ, പല്ലവ രാജാക്കന്മാര് ക്ഷേത്രത്തിന്റെ ഉന്നതിക്കായി നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കാമാക്ഷി അമ്മന്‍ ക്ഷേത്രം, തമിഴ്നാട്
ഐതിഹ്യമനുസരിച്ച്, സതീദേവിയുടെ നാഭി വീണത് ഇവിടെയെന്നാണ് വിശ്വാസം. ദേവിയെ കാമാക്ഷി അമ്മനായി ആരാധിക്കുന്നു. ചെന്നൈ പട്ടണത്തില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ ക്ഷേത്രനഗരിയായ കാഞ്ചീപുരത്താണ് പല്ലവരാജാക്കന്മാര് നിര്‍മ്മിച്ച കാമാക്ഷീ ദേവി (കാമാക്ഷി അമ്മന്‍) ക്ഷേത്രമുള്ളത്.
ഒരിക്കല്‍, ആദിശങ്കരന് ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ച വേളയില്‍ കാഞ്ചീപുരത്ത് കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലുമെത്തി. ആ സമയത്ത് ശ്രീകോവില്‍ മുഴുവന്‍ അസഹനീയമായ ചൂടായിരുന്നു. ദേവി കോപാവസ്ഥയിലാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ദേവിയെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍, ആദിശങ്കരന് ‘സൗന്ദര്യ ലഹരി’ പാടി സ്തുതിക്കാന്‍ തുടങ്ങി. പിന്നീട് ദേവീ വിഗ്രഹത്തിനു മുന്നില്‍ ഒരു ശ്രീചക്രവും പ്രതിഷ്ഠിച്ചു. അതോടെ ഉഗ്ര സ്വരൂപിണിയായ ദേവി, ആദിശങ്കരന്റെ അഭ്യര്‍ത്ഥനപ്രകാരം ശാന്ത സ്വരൂപിണിയായെന്നാണ് ഐതിഹ്യം.
ശൃംഖലാ ദേവി ക്ഷേത്രം, പശ്ചിമ ബംഗാള്‍
ശൃംഖലാദേവി ക്ഷേത്രം നിര്‍മ്മിച്ച സ്ഥലത്താണ് സതി ദേവിയുടെ ഉദരം വീണതെന്ന് വിശ്വസിക്കപ്പെടുന്നു. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ പാണ്ഡുവയിലാണ് ക്ഷേത്രമുണ്ടായിരുന്നത്. അധിനിവേശ ശക്തികള്‍ തകര്‍ത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ ഇന്ന് അവിടെയുള്ളൂ. ഐതിഹ്യമനുസരിച്ച്, ശൃംഖലാദേവിയെ ഋഷ്യശൃംഗമുനിയാണ് ഇവിടെ ആരാധിച്ചിരുന്നതെന്ന് പറയപ്പെടുന്നു. ദേവി ഒരിക്കല്‍ ശൃംഗേരി (ഇന്നത്തെ കര്‍ണാടകയിലെ ശൃഗേരി) സന്ദര്‍ശിക്കാന്‍ മുനിയോട് ആവശ്യപ്പെട്ടുവെന്നും അങ്ങോട്ടു യാത്ര തിരിച്ച ഋശ്യശൃഗനൊപ്പം ദേവിയും കൂടെപ്പോയെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
ചാമുണ്ഡേശ്വരി ക്ഷേത്രം, കര്‍ണാടക
മൈസൂര്‍ കൊട്ടാരത്തില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെ ചാമുണ്ഡി മലനിരകളിലാണ് പ്രസിദ്ധമായ ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുര്‍ഗയുടെ മറ്റൊരു ഭാവമാണ് ചാമുണ്ഡി. സതീദേവിയുടെ മുടി വീണ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.
ദേവീപുരാണത്തിലെ പരാമര്‍ശമനുസരിച്ച് മൈസൂര്‍ (മഹിഷന്റെ ഊര്) അസുരരാജാവായ മഹിഷാസുരന്റെ സാമ്രാജ്യമായിരുന്നു. മഹിഷത്തിന്റെ (എരുമ)യുടെ തലയോടു കൂടിയ അസുരനെ ഇല്ലായ്മ ചെയ്യാന്‍ ദേവീദേവന്മാര് പാര്‍വതീദേവിയോട് അപേക്ഷിച്ചു. അതേത്തുടര്‍ന്ന് പാര്‍വതീദേവി ചാമുണ്ഡേശ്വരിയായി അവതരിക്കുകയും മൈസൂരിനടുത്തുള്ള ചാമുണ്ഡി കുന്നിന്റെ മുകളില്‍ വച്ച് അസുരനെ വധിക്കുകയും ചെയ്തുവെന്നാണ് ക്ഷേത്രോല്പത്തിക്കഥ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: