തൃശൂർ: കോളേജ് വിദ്യാഭ്യാസ കാലത്ത് സജീവ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു സുരേഷ് ഗോപി. പിന്നീട് സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് മാറിയെങ്കിലും 2006 ല്‍ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. അച്യുതാനന്ദനോടുള്ള വ്യക്തിപരമായ അടുപ്പവും താല്പര്യവുമാണ് മലമ്പുഴയില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത്.
നേരത്തെ ലീഡര്‍ കെ.കരുണാകരന് വേണ്ടിയും ഇതേ കാരണത്താല്‍ സുരേഷ് ഗോപി പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്. രാഷ്‌ട്രീയത്തിന് അതീതമായി ബന്ധങ്ങള്‍ ഉള്ളയാളാണ് സുരേഷ് ഗോപി. ഓരോ സിനിമയില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് നല്കുന്നു. അവശരായ കലാകാരന്മാരുടെ ക്ഷേമത്തിനായാണിത്.
മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും ഫിലിം ഫെയര്‍ അവാര്‍ഡും നേടിയിട്ടുള്ള സുരേഷ് ഗോപി രാഷ്‌ട്രീയത്തിലും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയനാണ്.
സജീവ രാഷ്‌ട്രീയക്കാരന്‍ ആകുന്നതിന് മുന്‍പ് മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ശ്രദ്ധേയനാണ് സുരേഷ് ഗോപി. എയ്ഡ്സ് ബാധിച്ച് മാതാപിതാക്കള്‍ മരണമടഞ്ഞ സഹോദരനേയും സഹോദരിയേയും സ്‌കൂളില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ അവര്‍ക്ക് വേണ്ടി സുരേഷ് ഗോപി ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നാട് ഒന്നടങ്കം ആ കുട്ടികള്‍ക്ക് പിന്തുണയുമായെത്തി. ഇത്തരം നിരവധി ഇടപെടലുകള്‍ സജീവ രാഷ്‌ട്രീയത്തില്‍ വരുന്നതിന് മുന്‍പ് മുതല്‍ സുരേഷ് ഗോപിയെ ശ്രദ്ധേയനാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: