കൃഷ്ണനഗര്‍(ബംഗാള്‍): വികസിത ബംഗാളിന്, സുരക്ഷിത ബംഗാളിന്, സ്വാഭിമാന ബംഗാളിന് എന്‍ഡിഎയ്ക്കൊപ്പം നീങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ലക്ഷങ്ങളെ ആവേശത്തിലാഴ്ത്തി കൃഷ്ണനഗറിലെ റോഡ് ഷോ. സ്ത്രീകള്‍ക്കെതിരായ മമതാ സര്‍ക്കാരിന്റെ ക്രൂരതയ്ക്കെതിരെ കടന്നാക്രമണം, വികസന പദ്ധതികളുടെ ഉദ്ഘാടനം… ബംഗാള്‍ ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് മോദിയുടെ മഹാറാലി.
ബംഗാളിലെ സ്ത്രീകള്‍ നീതി തേടി കരയുമ്പോള്‍ മമതാസര്‍ക്കാര്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി കൃഷ്ണനഗറിലെ റാലിയില്‍ പറഞ്ഞു. അവര്‍ ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. സ്ത്രീകളെ വെറും വോട്ട് നല്കുന്നവരായി മാത്രം കാണുകയാണ് തൃണമൂലുകാര്‍. തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ വിളിച്ചത് മാ മാട്ടി മനുഷ് എന്നാണ്. അമ്മ, മണ്ണ്, മനുഷ്യന് എന്ന് പറഞ്ഞ് വോട്ട് തേടിയവര്‍ ഈ മൂന്ന് വാക്കുകളെയും വിറ്റിരിക്കുന്നു. അമ്മമാര്‍ക്ക് നീതിയില്ല. മണ്ണ് കൈയേറ്റക്കാര്‍ക്ക് നല്കി. മനുഷ്യന് വിലയില്ല. ഇതാണ് തൃണമൂല്‍ ഭരണമെന്ന് മോദി ചൂണ്ടിക്കാട്ടി. സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ കരച്ചില് സര്‍ക്കാര്‍ കേട്ടില്ല. കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നു സര്‍ക്കാര്‍. പക്ഷേ നാരീശക്തി ദേവിദുര്ഗയെ പോലെ ഉയിര്‍ത്തെണീറ്റു. അവര്‍ക്ക് ഒപ്പം ബിജെപിയുടെ ധീരരായ പ്രവര്‍ത്തകര്‍ അണിനിരന്നു. ഭയന്നുപോയ സര്‍ക്കാര്‍ ഒടുവില്‍ ഷാജഹാന് ഷെയ്ഖിനെ പിടികൂടാന്‍ നിര്‍ബന്ധിതരായി.
തൃണമൂല്‍ ഭരണത്തില്‍ അഴിമതിയും അക്രമവും തഴച്ചുവളര്‍ന്നു. ജനവഞ്ചനയുടെ പര്യായമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുന്നു. ബംഗാളിന്റെ വികസനമല്ല, ജനങ്ങളെ കൊള്ളയടിക്കുകയാണ് അവരുടെ ലക്ഷ്യം. ബംഗാളിന്റെ മഹത്തായ ചരിത്രത്തില്‍ റെയില്‍വേയ്ക്ക് നിര്‍ണായകമായ പങ്കുണ്ട്. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വന്ന സര്‍ക്കാരുകള്‍ അത് പരിപാലിച്ചില്ല. എന്നാല്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ബംഗാളിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു. ബംഗാളിനെ വികസിത സംസ്ഥാനമാക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമാണ്, മോദി പറഞ്ഞു.
കൃഷ്ണനഗറില്‍ 15000 കോടിരൂപയുടെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: