ഭാരത ചരിത്രത്തില്‍ അവിസ്മരണീയമായ ഒരു മുഹൂര്‍ത്തമുണ്ട്. വേദകാലം മുതല്‍ ഈ രാഷ്ട്രത്തിന് ഒരൊറ്റ ആധ്യാത്മിക-സാംസ്കാരിക അസ്തിത്വമാണെന്ന മഹനീയ ചിന്തയെ നാം അരക്കിട്ടുറപ്പിച്ച ഒരു മുഹൂര്‍ത്തം. ഭാരതത്തിന്റെ തെക്കേ അറ്റത്തു നിന്നൊരു യുവയോഗി ഭാരതത്തിന്റെ സാംസ്കാരിക അസ്തിത്വത്തെ അദൈ്വത ദര്‍ശനംകൊണ്ട് കൂട്ടി യോജിപ്പിച്ച വിസ്മയകരമായ മുഹൂര്‍ത്തം. ഭാരതത്തിന്റെ നാലു ദിക്കുകളില്‍ ആത്മദര്‍ശന ജ്യോതി തെളിയിച്ച ജഗദ്ഗുരു ആദി ശങ്കരാചാര്യരുടെ ധര്മ്മധ്വനിയുടെ ദിഗ്വിജയം സ്വാഭിമാനികളായ മലയാളികള്‍ ഓര്‍ക്കുന്നു. ആചാര്യ സ്വാമികളുടെ ഹ്രസ്വമെങ്കിലും ഉജ്ജ്വലമായ ജീവിതത്തിന്റെ പരമകാഷ്ഠയായി കരുതപ്പെടുന്നത് കാശ്മീരത്തില്‍ ചെന്ന് സര്‍വജ്ഞപീഠം കയറി എന്നതാണ്. സര്‍വ്വജ്ഞ പീഠമെന്ന് പറയുമ്പോള്‍തന്നെ സകല വിജ്ഞാനങ്ങളുടെയും ഒരു പീഠമായി നിലനിന്നിരുന്ന ഒരു സ്ഥലമെന്ന് നമ്മുടെ ഉള്ളില്‍ തെളിഞ്ഞുവരുന്നുണ്ട്. അങ്ങനെയൊരു സ്ഥലം ഭൂമുഖത്ത് ഉണ്ടായിരുന്നുവെങ്കില്‍ അതിന്റെ പേര് കാശ്മീരം എന്നാണ്.
കല്ഹണന് രാജതരംഗിണി എന്ന ഗ്രന്ഥത്തില്‍ സരസ്വതി-ശാരദാ രൂപത്തില്‍ വസിക്കുന്ന കാശ്മീരപുരത്തെക്കുറിച്ച് പറയുന്നുണ്ട്. നാം ബോധപൂര്‍വ്വം വിസ്മരിച്ചുകൊണ്ടിരിക്കുന്ന ഒരു സുവര്‍ണ്ണകാലം കാശ്മീരിന് ഉണ്ടായിരുന്നു. ഭാരതത്തിന്റെ തെക്കേയറ്റത്ത് ജനിച്ച ശങ്കരാചാര്യര്‍ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന കാശ്മീരത്തില്‍ സര്‍വ്വജ്ഞപീഠം കയറിയതുതന്നെ കാശ്മീരത്തിന്റെ മഹാത്മ്യത്തെ വിളിച്ചോതുന്നുണ്ട്. കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ് ഭാരതം എന്ന കപടവാദങ്ങളെ തകര്‍ത്തെറിയുവാന്‍ പോന്ന ശക്തി ശങ്കരാചാര്യരുടെ സര്‍വ്വജ്ഞപീഠ ആരോഹണത്തിലുണ്ട്. ഒരാള്‍ക്കും ഒരുനാളും നിഷേധിക്കാന്‍ കഴിയാത്തവണ്ണം അദൈ്വതത്തിന്റെ ഒരു നൂല് കാശ്മീരത്തെയും കേരളത്തെയും ഇങ്ങനെ ബന്ധിപ്പിക്കുന്നു. എന്നാല്‍ ശങ്കരാദൈ്വതത്തിന്റെ നൂലിഴകൊണ്ട് മാത്രമല്ല കാശ്മീരവും കേരളവും ബന്ധിക്കപ്പെട്ടിരിക്കുന്നത്. അത് ശിവാദൈ്വതത്തിന്റെ സുവര്‍ണ്ണ നൂലിനാല്‍ കൂടിയാണ്.
ശിവ-ശക്തിമയമായ പ്രപഞ്ചത്തിന്റെ ആരംഭവും വികാസവും അതിന്റെ ഘടനയും 36 തത്ത്വങ്ങളിലൂടെ ചിന്തിക്കുകയാണ് കാശ്മീര ശൈവം ചെയ്യുന്നത്. ശരിയായ അര്‍ത്ഥത്തില്‍ ‘തത്വ-ചിന്ത.’ ശിവന് എന്നും ശൈവം എന്നും കേള്‍ക്കുമ്പോള്‍ ഒരു മത സംവിധാനമായാണ് ആ പേര് നമുക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ കേവലം മതാത്മകവും വിശ്വാസനിഷ്ഠവുമായ ഒരു പാതയിലൂടെ നമ്മെ നയിക്കുകയല്ല കാശ്മീര ശൈവത്തിന്റെ രീതി. മറിച്ച് സാംഖ്യം തുടങ്ങിയ ജ്ഞാനതന്ത്രങ്ങളുടേതുപോലെ കൃത്യമായ ഒരു തത്ത്വചിന്താ പദ്ധതിയിലൂടെ നമ്മെ വളര്‍ത്തിയെടുക്കുകയാണ്. എന്നാല്‍ സാംഖ്യ ദര്‍ശനത്തില്‍ കാണുന്നതുപോലെ ബൗദ്ധികമായി മാത്രമല്ല കാശ്മീര ശൈവ പദ്ധതി ഇത് നിര്‍വഹിക്കുന്നത്. തത്ത്വചിന്തയെ ക്രിയാപരമായി കണ്ടുകൊണ്ടുള്ള സാധനാ രീതികളെ ഉള്‍കൊള്ളിച്ച് ശിവം എന്ന ശുദ്ധബോധം ഞാന്‍ തന്നെയാണ് എന്ന അനുഭൂതി ഉള്ളില്‍ നിറയ്ക്കാനുള്ള ശാസ്ത്രപദ്ധതിയാണ് ശൈവം നമ്മുടെ മുന്നില്‍ തുറന്നുവയ്ക്കുന്നത്.
ഭാരതത്തില്‍ നടപ്പില്‍ വരുത്താന്‍ പറ്റാത്ത തത്ത്വചിന്തയില്ല എന്നു പറയാറുണ്ട്. തത്ത്വചിന്തയെ ക്രിയാപരമാക്കുമ്പോള്‍ അത് സ്വാഭാവികമായും അനുഷ്ഠാനങ്ങളും ആചാരങ്ങളും എന്ന രൂപഘടന സ്വീകരിക്കും. ഈ സ്വഭാവം ഇവിടെ നിലനി
ല്ക്കുന്ന എല്ലാ തത്ത്വചിന്തകള്ക്കുമുണ്ട്. ആയതിനാല്‍ അവയെ മതം എന്നു കരുതിപ്പോരുന്നു. ആ അര്‍ത്ഥത്തില്‍ കാശ്മീര ശൈവ ചിന്തയെ ഒരു ശൈവമതമായി കണക്കാക്കാം എന്നുമാത്രം. ഈ അര്‍ത്ഥത്തില്‍ പറയുമ്പോള്‍ കേവലതത്ത്വചിന്തയ്ക്കുപരിയായ പ്രായോഗികത കാശ്മീര ശൈവത്തില്‍ കാണുന്നു. അതിനാല്‍ അവയെ തന്ത്രം എന്നു വിളിക്കുന്നു.
ലോകത്തിന്റെ തത്ത്വചിന്താ തലസ്ഥാനമായി ഭാരതവും വിശിഷ്യാ കാശ്മീരവും പരിലസിച്ചിരുന്ന ഒരുകാലഘട്ടത്തില്‍, ലോകം മുഴുവനും കാശ്മീര ശൈവതന്ത്രത്തിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ട്. ഉയര്ന്നതത്ത്വചിന്താപദ്ധതി എന്ന നിലയിലും, വളരെ പ്രായോഗികമായവിധത്തില് സാധകര്‍ക്ക് ആത്മീയ അനുഭൂതി നല്കുന്ന ക്രിയാപദ്ധതി എന്ന നിലയിലും കാശ്മീര ശൈവത്തിന്റെ ചിന്തയും ക്രമപദ്ധതിയും ജനങ്ങളില്‍ വലിയ ആഴത്തിലുള്ള സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തിലെ കശ്മീര ശൈവ പദ്ധതി
അഭിമാനകരമായ ഒരു കാര്യം കേരളത്തിന്റെ ആത്മീയചക്രവാളത്തിലും ചെറുതല്ലാത്ത സ്വാധീനം ഉണ്ടാകാന്‍ കാശ്മീര ശൈവപദ്ധതിക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലെ വളരെ പേരുകേട്ട പതിമൂന്ന് ശാക്തേയകാവുകളായ കാസര്‍ഗോഡ് നിലേശ്വരത്തെ മന്നുംപുറത്തുകാവ്, കണ്ണൂരിലെ മാടായിക്കാവ്, കളരിവാതുക്കല്‍ കാവ്, മാമനിക്കുന്നുകാവ്, തിരുവഞ്ചേരിക്കാവ്, കളിയാംവള്ളിക്കാവ്, കോഴിക്കോട് പിഷാരികാവ്, തിരുവളയനാട്ടുകാവ്, പാലക്കാട് കൊടിക്കുന്നത്തുകാവ്, മലപ്പുറം അങ്ങാടിപ്പുറത്തുളള തിരുമാന്ധാംകുന്നത്തുകാവ്, പത്തനംതിട്ട പനയന്നാര്‍ കാവ്, തിരുവല്ല മുത്തൂറ്റ് കാവ് എന്നിവ കാശ്മീര പദ്ധതിയെ ആസ്പദമാക്കി നിലനില്‍ക്കുന്നതാണ്. ഒരുപക്ഷേ ക്രമതാന്ത്രികതയിലെ ദ്വാദശകാളി സങ്കല്‍പ്പം തന്നെയാണ് ഈ പതിമ്മൂന്ന് കാവുകളിലും കാണുന്നത് എന്നതും അത്ഭുതകരമാണ്.
ഈ ശാക്തേയ കാവുകളില്‍ കാണുന്ന പ്രതിഷ്ഠാവിധാനം പോലും കാശ്മീര ശൈവപദ്ധതിയെ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുള്ളതാണ്. ദേവതാസങ്കല്‍പ്പങ്ങളെ സ്വശരീരത്തില്‍ കണ്ട് ന്യസിക്കുന്ന ദേഹസ്ഥദേവതാചക്ര സ്തോത്രത്തില്‍ പറഞ്ഞിരിക്കുന്ന ദേവതകളാണ് ശരീരത്തിന്റെ മാതൃകയായ ക്ഷേത്രത്തില്‍പോലും പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നുകാണാം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കാശ്മീര ശൈവപദ്ധതിയുടെ മഹിമ വേണ്ടവിധത്തില്‍ ആചരിക്കുന്നവര്ക്കോ അധികാരികള്‍ക്കോ ബോധ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. കാശ്മീരത്തില്‍ ഏതാണ്ട് ഇല്ലാതായിപ്പോയെന്നു പോലും പറയാവുന്ന പദ്ധതിയെ കേരളത്തില്‍ വളരെ കൃത്യമായി കാണുന്നു എന്നത് അദ്ത്ഭുതകരമാണ്.
കാശ്മീര ക്രമസമ്പ്രദായത്തിലെ മൂന്ന് പ്രധാനകാര്യങ്ങളാണ് സംക്രമണം, കഥനം, പൂജനം എന്നിവ. സംക്രമണത്തില്‍ സംഭവിക്കുന്നത് ഉയര്‍ന്ന ബോധത്തില്നിന്നുള്ള പ്രക്ഷേപണമാണ് അഥവാ ശക്തിപാതം തന്നെയാണ്. പടിപടിയായി ഉയര്‍ന്നുപോകുന്ന സാധകന് ബോധവുമായി അഥവാ പരയുമായിലഭിക്കുന്ന സംബന്ധം ആണ് സംക്രമണം. അതിലേക്ക് ഒരു സാധകന് എത്തുന്നത് പൂജനത്തിലൂടെയുംകഥനത്തിലൂടെയുമാണ്. യഥാക്രമം പൂജനം ആണവവും കഥനം ശാക്തവും സംക്രമണം ശാംഭവവും ആണെന്ന് കണക്കാക്കിയാല്‍, ഉപായങ്ങള്‍ ഉപയോഗിച്ചുള്ള ക്ഷേത്രപദ്ധതി പൂജനരൂപത്തില് കേരളത്തില്‍ ഉണ്ട്. എന്നാല്‍ ഈ പദ്ധതിക്ക് ആധാരമായിരിക്കുന്ന കഥനം അതായത് ക്രമസമ്പ്രദായവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളുടെ ചര്‍ച്ച, അവയുടെ പഠനം എന്നിവയൊന്നും വേണ്ടവിധത്തില്‍ നടക്കുന്നില്ല എന്നല്ല പറയേണ്ടത്. ഒരുതത്ത്വചിന്താ പദ്ധതി ഈ ക്രിയാപദ്ധതികള്ക്ക് പുറകില്‍ ഉണ്ടോ എന്നുള്ള അന്വേഷണം പോലും ഇവിടെ ഇല്ലെന്നതാണ് ദുഃഖകരമായ യാഥാര്‍ഥ്യം.
അര്‍ത്ഥം അറിയാത്ത പൂജനംകൊണ്ട് യാതൊരു ഗുണവും ഇല്ല. തീര്‍ച്ചയായും ശൈവശാസ്ത്രങ്ങളുടെ പഠനം നടക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ മാത്രമേ ഈ പദ്ധതിയിലൂടെ അടിവച്ചടിവച്ച് സാധകര്‍ക്ക് പരയുമായി സംബന്ധം ഉണ്ടാക്കാന്‍ സാധ്യമാവുകയുള്ളൂ. ഒരുവ്യക്തിയെ ശിവനായി മാറ്റുവാനുള്ള ക്രമപദ്ധതി ഇവിടെ ഉണ്ടായിട്ടുകൂടി നാം അതിനോട് എടുക്കുന്ന ഈ സമീപനം എത്ര പരിതാപകരമാണെന്നും ഓര്‍ക്കേണ്ടിവരുന്നു. ക്രമതാന്ത്രികത കാശ്മീരശൈവപദ്ധതിയുടെ ആകെത്തുകയാണ്. മുപ്പത്താറുതത്ത്വങ്ങളും ഷഡധ്വവും കുണ്ഡലിനി വിജ്ഞാനവും തുടങ്ങി ശൈവ ചിന്താപദ്ധതിയിലെ എല്ലാവിധ തത്ത്വചിന്തകളെയും ഈ സമ്പ്രദായം സ്വീകരിക്കുന്നുണ്ട്. എന്നതുകൊണ്ടുതന്നെ ഈ പദ്ധതി സമഗ്രമായി കാശ്മീര ശൈവചിന്തയുടെ പ്രായോഗികമായ ആവിഷ്ക്കാരമാണ്.
കൊളോണിയലിസം ഭാരതീയ ജ്ഞാനപാരമ്പര്യങ്ങളുടെമേല് നടത്തിയ നിശിതമായ ആക്രമണങ്ങളുടെ ഒരു ഇരയാണ് ത്രികദര്ശന പദ്ധതിയും. ഭാരതത്തില്‍ വേണ്ട വിധം ആദരവ് ഈ ദര്‍ശനത്തിനു ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. എന്നാല്‍ വിദേശ സര്‍വ്വകലാശാലകളായ ഓക്സ്ഫോഡ്, ഷിക്കാഗോ, ലണ്ടന്‍ സര്‍വകലാശാലകളിലും, വിദേശ പണ്ഡിതന്മാരുടെ അക്കാദമിക ലോകത്തിലും ഗൗരവമായി സമീപിക്കപ്പെട്ട വിഷയമാണ് ത്രിക ശൈവ തത്ത്വചിന്ത. എണ്ണം പറഞ്ഞ എല്ലാ ശൈവ പണ്ഡിതന്മാരും അതിനാല്‍ തന്നെ വിദേശികളാണ്.
ആധുനിക ശാസ്ത്രവും സമൂഹവും ബോധത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഇക്കാലത്ത്. ‘ബോധപ്രകാശിതമായ ഈ തത്ത്വചിന്ത’ വിദേശങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അത്ഭുതമല്ല. എന്നാല്‍ ഈ അമൃതകാലത്തിലെങ്കിലും ഭാരതീയര്‍ ഈ വിശ്വദര്‍ശനത്തെ അറിയണം.
രാജാനക പുരസ്കാരം പുനര്‍ജനിക്കുന്നു
ഭാരത സര്‍ക്കാര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ ഭാരതീയ ജ്ഞാന പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തില്‍ ആരംഭിച്ച ഐകെഎസ് ഡിവിഷനു കീഴില്‍ കാശ്മീര ശൈവ ദര്‍ശന പദ്ധതിയില്‍ ഗവേഷണം നടത്തുന്ന സ്ഥാപനമാണ് വാഗമണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിനവഗുപ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്. കാശ്മീരവും കേരളവും തമ്മില്‍ നിലനിന്ന അഭേദ്യമായ ബന്ധം ആഴത്തില്‍ പഠിക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്.
ഈ വരുന്ന മഹാശിവരാത്രിക്ക്, അഭിനവഗുപ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രഥമ രാജാനക പുരസ്കാരം സമ്മാനിക്കുകയാണ്. തത്ത്വചിന്ത, കാവ്യം, സംഗീതം തുടങ്ങി പല മേഖലകളിലും അനിതര സാധാരണമായ സംഭാവനകള്‍ നല്കിയ വ്യക്തികള്‍ക്ക് കാശ്മീരിലെ രാജാക്കന്മാര് നല്‍കിയിരുന്ന ആദരസൂചകമായ നാമമാണ് രാജാനക എന്ന ബിരുദം. രാജാനക രുയ്യകന്‍, രാജാനക ജയരഥന്‍, രാജാനക ക്ഷേമരാജന്‍, മഹാമഹേശ്വര രാജാനക അഭിനവഗുപ്തന് തുടങ്ങിയ മഹദ് വ്യക്തിത്വങ്ങള്‍ സ്വീകരിച്ച പുരസ്കാരമാണിത്.
ത്രിക ശൈവ തന്ത്രത്തില്‍ വര്‍ഷങ്ങളുടെ ഗവേഷണ പാരമ്പര്യമുള്ള ഡോ.മാര്‍ക്ക് ഡിച്കോവ്സ്കി, ഡോ.നവ്ജീവന് രസ്തോഗി എന്നിവര്‍ക്കാണ് പുരസ്കാരം സമ്മാനിക്കപ്പെടുന്നത്. തന്ത്രശാസ്ത്രത്തില്‍ അഗാധമായ ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ളയാളും തന്ത്രസാധകനുമായ ഡോ. മാര്‍ക് ഡിച്കോവ്സ്കി നാല്‍പ്പതോളം വര്‍ഷം ഭാരതത്തിലും നേപ്പാളിലും ചെലവഴിച്ചിട്ടുണ്ട്. ഈശ്വരസ്വരൂപ് സ്വാമി ലക്ഷ്മണ്‍ജി മഹാരാജിന്റെ ശിഷ്യനായ ഡിച്കോവ്സ്കി, ഡോ. അലക്സിസ് സാന്ഡേഴ്സനു കീഴില്‍ ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മന്ഥാനഭൈരവതന്ത്രത്തിലും തന്ത്രാലോകത്തിലുമുള്ള ശ്രദ്ധേയമായ പഠനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
കാശ്മീര ശൈവദര്ശനത്തിലും ആചാര്യ അഭിനവഗുപ്തന്റെ ചിന്താധാരകളിലും ഊന്നിയ ഗവേഷണത്തിന് മൗലികമായ സംഭാവനകള്‍ നല്കിയ ഡോ. നവ്ജീവന് രസ്തോഗി ദീര്‍ഘകാലം ലഖ്നൗ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു. ഡോ. കെ. സി. പാണ്ഡേയുടെ ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്നു. ക്രമദര്ശനത്തെക്കുറിച്ചുള്പ്പെടെയുള്ള അനേകം പുസ്തകങ്ങളുടെ രചയിതാവാണ്. 2024ല്‍ ഭാരതം പദ്മശ്രീ നല്കി ആദരിക്കുകയുണ്ടായി.
കാശ്മീരിന്റെ മാറിയ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ ഈ പുരസ്കാരം വിസ്മൃതിയിലായി. അഭിനവഗുപ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്നിന്റെ അമൃതകാലത്തില്‍ ഈ പുരസ്കാരസമര്‍പ്പണം പുനരാരംഭിക്കുകയാണ്.
വിശ്വപ്രസിദ്ധ ചിത്രകാരന് ഏകഭൂമി ചാള്‍സ് എല്ലിക്ക് പ്ലാറ്റിനത്തില്‍ തീര്‍ത്ത കേരളത്തിന്റെ കാളിയും കാശ്മീരിന്റെ ഭൈരവനും ചേരുന്ന രൂപവും ഒരു ലക്ഷത്തിഒന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഭാരതത്തിന്റെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വേദിയില്‍ സന്നിഹിതനായിരിക്കും. തിരുവനന്തപുരം, കോവളം, കെടിഡി സി സമുദ്ര ഹോട്ടലിലാണ് പരിപാടി. വൈകുന്നേരം രണ്ടു മണിക്ക് ആരംഭിക്കുന്ന പുരസ്കാരദാന പരിപാടി നാലു മണിവരെ നീണ്ടുനില്‍ക്കും.
(ഭാരത സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് എജുക്കേഷനു കീഴിലെ ഐ കെ എസ് റിസര്‍ച്ച് സെന്ററിന്റെ അംഗീകാരമുള്ള അഭിനവഗുപ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: