പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് സഹപാഠികളായ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനമേറ്റ് മരിച്ചതില്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് ഇന്ത്യ പ്രതിഷേധിച്ചു. സമാനമായ പല സംഭവങ്ങളും ആവര്‍ത്തിക്കുമ്പോഴും ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ലഘൂകരിക്കുന്നത് സര്‍ക്കാരിന് ഭൂഷണമല്ല. കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നതില്‍ നിന്നും യുവജനങ്ങളെ ഭയപ്പെടുത്തി ഓടിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍.
ഇനിയൊരാള്‍ക്കും ഇത് സംഭവിച്ചുകൂടാത്തതാണ്. ഒരു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ വിചാരണ ചെയ്ത് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയെന്ന ഭീതിജനകമായ വാര്‍ത്ത പുറത്തുവന്നിട്ട് നാളുകള്‍ കഴിയുമ്പോഴും കേരളം നിസംഗമാണ്. സാംസ്കാരിക കേരളത്തിന്റെ മുഖത്തേറ്റ പ്രഹരമാണീ സംഭവം.
കലാസപര്യയുടേയും ജ്ഞാനാന്വേഷണത്തിന്റെയും ആലയങ്ങളാകേണ്ട വിദ്യാഭ്യാസകേന്ദ്രങ്ങള്‍ രാഷ്ട്രീയ മേലാളന്മാരുടെ നിയന്ത്രണത്തില്‍, വിദ്യാര്‍ത്ഥികളെ ഉപകരണമാക്കി അരാജകത്വത്തിന്റെയും അക്രമത്തിന്റെയും വിളനിലമാക്കുന്നു. മുമ്പൊരിക്കലുമില്ലാത്തവിധം കേരളം ചോദിക്കാനാളില്ലാത്ത, തിരുത്താനാളില്ലാത്ത, നാഥനില്ലാത്ത നാടാവുകയാണോ? പൊതുസമൂഹത്തിന്റെ ഈ നിശബ്ദത ഭയാനകമാണ്. സിദ്ധാര്‍ത്ഥ് സമൂഹത്തിന്റെ മനസ്സാക്ഷിയാണ്. സിദ്ധാര്‍ത്ഥും ഒരു മകനാണ്… പ്രബുദ്ധവും സംസ്കാരസമ്പന്നവുമെന്ന് പുകള്‍പ്പെറ്റ കേരളം സിദ്ധാര്‍ത്ഥിനു വേണ്ടി, നീതിക്ക് വേണ്ടി ശബ്ദിക്കണം.
സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെയും അവര്‍ക്ക് പ്രേരണയായവരെയും നിയമത്തിന് മുന്നിലെത്തിക്കണം. സമൂഹമാകെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സജ്ജമാകണം. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭയപ്പെടുത്തല്‍ മൂലം നിഷ്ക്രിയമായിപ്പോയ ഒരു സമൂഹമായി മാറിയിരിക്കുന്നു കേരളജനത. അങ്ങേയറ്റം നിഷ്ക്രിയമായിപ്പോയ സാമൂഹിക സാംസ്കാരിക രംഗത്ത് തിരുത്തല്‍ അനിവാര്യമാണ്. കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും നടപടികള്‍ കുറ്റമറ്റതും വേഗത്തിലുമാക്കണം. അതേ സമയം പൊതുസമൂഹം ഇത്തരം അരാജക പ്രവണതകള്‍ക്കെതിരെ ശക്തമായി ഇടപെടണമെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് ഇന്ത്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: