റിയാദ് : രണ്ടായിരത്തി മുപ്പത്തിനാലിലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (എസ്എ എഫ് എഫ്) തുടക്കമിട്ടു. ‘ഒത്തൊരുമിച്ച് വളരാം’ എന്ന ആശയത്തിലൂന്നിയാണ് സൗദി അറേബ്യ ഈ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് തയ്യാറാണെന്ന് അറിയിക്കുന്ന രേഖകൾ ഔദ്യോഗികമായി ഫിഫയ്ക്ക് മുൻപിൽ സമർപ്പിച്ച ശേഷമാണ് എസ്എഎഫ്എഫ് ഈ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സമ്മതം അറിയിക്കുന്ന ഔദ്യോഗിക കത്ത് പ്രതിജ്ഞാപത്രം എന്നിവയാണ് എസ്എഎഫ്എഫ് ഫിഫയ്ക്ക് നൽകിയത്. പ്രചാരണ പരിപാടികളുടെ ഭാഗമായി, ഇതുമായി ബന്ധപ്പെട്ട ബിഡ് ലോഗോ, വെബ്സൈറ്റ്, ഒരു ഹ്രസ്വചിത്രം എന്നിവ എസ്എഎഫ്എഫ് പുറത്തിറക്കിയിട്ടുണ്ട്.
2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള നറുക്കെടുപ്പിൽ സമയപരിധി അവസാനിക്കുന്നതിന് മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഏക ഫുട്ബോൾ അസോസിയേഷൻ സൗദി അറേബ്യയാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ 2023 നവംബറിൽ അറിയിച്ചിരുന്നു.
ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31-ന് അവസാനിച്ചിരുന്നു. എന്നാൽ ഈ സമയപരിധി അവസാനിക്കുന്നതിന് മുൻപായി നറുക്കെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ഓസ്ട്രേലിയ തങ്ങളുടെ ബിഡ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
സൗദി അറേബ്യയുടെ നിലവിലെ സാമൂഹിക, സാമ്പത്തിക പരിവര്ത്തനം, ഫുട്ബോൾ എന്ന കായികമത്സരത്തോടുള്ള തീവ്രമായ അഭിനിവേശം എന്നിവയെ എടുത്തകാട്ടുന്നതാണ് ഈ തീരുമാനം. പ്രധാനപ്പെട്ട ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ സൗദി അറേബ്യ നേടിയിട്ടുള്ള അനുഭവജ്ഞാനത്തിന്റെ പിൻബലത്തിലാണ് രാജ്യം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഫിഫ ക്ലബ് വേൾഡ് കപ്പ് കൂടാതെ 2027 എഎഫ്സി ഏഷ്യൻ കപ്പ് എന്നിവ സൗദി അറേബ്യയിൽ വെച്ചാണ് നടക്കുന്നത്. എല്ലാ മേഖലകളിലും രാജ്യം കൈവരിച്ചിട്ടുള്ള സമഗ്ര പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ് 2034 വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് വേദിയാകാനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള തീരുമാനമെന്ന് സൗദി കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: