ഗൃഹനായിക വെളുപ്പിന് ഉണര്‍ന്ന്, പ്രാഥമിക കര്‍മങ്ങള്‍ നടത്തി ദേഹശുദ്ധിവരുത്തി പൂജാമുറിയുണ്ടെങ്കില്‍ പൂജാമുറിയിലും, ഇല്ലെങ്കില്‍ വിളക്കു കത്തിക്കുന്ന സ്ഥലത്തും കിഴക്കോട്ടും പടിഞ്ഞാറോട്ടും ദീപം തെളിച്ചു ഭക്തിനിര്‍ഭരമായ അന്തരീക്ഷം സൃഷ്ടിക്കണം. വീടിന്റെ പ്രധാന ജനലുകള്‍ എല്ലാംതന്നെ തുറന്നിടുക. സൂര്യന്റെ പ്രഭാതകിരണങ്ങള്‍ വീട്ടിലേക്കു കടന്നുവരുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. പഠിക്കുന്ന കുട്ടികളെ എല്ലാം വിളിച്ച് ഉണര്‍ത്തണം. ഗൃഹനാഥനെ ഒരു കാരണവശാലും ആറു മണിക്കുശേഷം ഉറങ്ങുവാന്‍ അനുവദിക്കരുത്. വീട്ടിലുള്ള എല്ലാവരും അവരവരുടേതായ രീതിയിലുള്ള വ്യായാമം ചെയ്യേണ്ടതാണ്. ഇതില്‍ സൂര്യനമസ്ക്കാരം അത്യുത്തമമാണ്. വീടിന്റെ മുന്‍വശത്തു ചെരുപ്പുകള്‍ കൂട്ടിയിടരുത്. വീടിന്റെ എല്ലാഭാഗവും ദിവസവും അടിച്ചുവാരി വൃത്തിയാക്കണം. ചുമരുകളില്‍ ചിലന്തിവല കെട്ടാന്‍ അനുവദിക്കരുത്. മുഷിഞ്ഞ വസ്ത്രങ്ങള്‍ അലസമായി പലയിടത്തുമായി കൂട്ടിയിടരുത്. കൊച്ചുകുട്ടികളുടെ കൈയ്യില്‍ ആഹാരസാധനങ്ങള്‍ കൊടുത്തു പല സ്ഥലത്തുമായി അവര്‍ അതു വലിച്ചുവാരി ഇടുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാതിലിലും ജനലുകളിലും ഇട്ടിട്ടുള്ള കര്‍ട്ടനുകള്‍ മാസത്തില്‍ ഒരിക്കലെങ്കിലും കഴുകി വൃത്തിയാ ക്കേണ്ടതാണ്. സൂര്യപ്രകാശം അല്‍പ്പംപോലും കടക്കാത്ത രീതിയില്‍ സണ്‍ഗ്ലാസ്സ് പേപ്പര്‍ ഒട്ടിക്കുന്നതും കട്ടിയുള്ള കര്ട്ടന് ഉപയോഗിച്ചു മറയ്ക്കുന്നതും നല്ലതല്ല. വിപണിയില്‍ ഇപ്പോള്‍ കിട്ടുന്ന ചില പ്രത്യേകതരം രാസവസ്തുക്കള്‍ ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചു തറ വൃത്തിയാക്കുന്നത് ഗുണപ്രദമല്ല. കാരണം ആറുമാസത്തിനു താഴെ പ്രായമുള്ള കുട്ടികള്‍ തറയില്‍ ഇഴഞ്ഞു കളിക്കുമ്പോള്‍ സ്വാഭാവികമായി ഈ മിശ്രിതങ്ങള്‍ അവരുടെ ശരീരത്തെ സാരമായി ബാധിക്കും.
വീടിന്റെ പ്രധാന വാതിലിനുനേരെ പ്രവേശനം ചെറുക്കത്തക്ക രീതിയില്‍ അകസാമാനങ്ങള്‍ (ഫര്‍ണീച്ചര്‍) ഒരിക്കലും ക്രമീകരിക്കരുത്. വീട്ടിലെ പ്രധാനഅലമാരകളെല്ലാം കഴിയുന്നിടത്തോളം വടക്കു ദിക്കിലേക്കു നോക്കിയിരിക്കത്തക്ക രീതിയില്‍ ക്രമീകരിക്കുക. ശയന മുറിയില്‍ തലവച്ചു കിടക്കുന്നത് തെക്കോട്ട് അല്ലെങ്കില്‍ കിഴക്കോട്ട് ആയിരിക്കണം. വാതിലിനു നേരേ തലവച്ചു കിടക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യരുത്. ശയനമുറിയോടു ചേര്‍ന്നുള്ള കുളിമുറികളുടെ വാതിലുകള്‍ ഉപയോഗിക്കാത്ത സമയത്തു തുറന്നിടരുത്. തുറന്നിട്ടിരുന്നാല്‍ കിടപ്പുമുറിയില്‍ അശുഭചൈതന്യം (നെഗറ്റീവ് എനര്‍ജി) തളം കെട്ടുവാനിടയാകും. പണ്ടുകാലത്ത് നാലുകെട്ടും എട്ടുകെട്ടും പണികഴിപ്പിച്ച വീടുകളുടെ പുറത്താണു ശൗചാലയങ്ങള്‍ പണിഞ്ഞിരുന്നത്. പാശ്ചാത്യസംസ്കാരം നമ്മള് അംഗീകരിച്ചതോടുകൂടിയാണു വീടിനുള്ളില്‍ ശുചിമുറിള് കടന്നുകൂടിയത്. വീട്ടില്‍ കുളിമുറികള്‍ പണിയുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുറിയോടു ചേര്‍ത്ത് ശൗചാലയം (ടോയ്ലറ്റ്) പണിയുമ്പോള്‍ അവയുടെ വാതില്‍ മറഞ്ഞിരിക്കത്തക്കരീതിയില് പണിയണം. പ്രത്യേകിച്ചു വീടിന്റെ മധ്യഭാഗമായ ബ്രഹ്മസ്ഥാനത്തിനുനേരേ വാതില്‍ വരത്തക്ക രീതിയില്‍ ശൗചാലയം പണിയരുത്. ഇങ്ങനെ പണിഞ്ഞിട്ടുള്ള വീടുകള്‍ക്ക് എന്നും ദുരിതങ്ങളാണു ഫലം. പൂജാമുറി പണിയുമ്പോള്‍ അതിന്റെ ചുമരിന്റെ മറുഭാഗത്ത് ശുചിമുറി വരാന്‍ പാടില്ല. അതുപോലെ പൂജാമുറിയുടെ നേരേ മേല്‍വശത്തും കുളിമുറി പണിയരുത്. മനുഷ്യന്റെ അശുഭചൈതന്യം (നെഗറ്റീവ് എനര്‍ജി) പുറംതള്ളുന്ന ഭാഗമാണ് ശൗചാലയം. എന്നാല്‍ മനുഷ്യനു ശുഭചൈതന്യം (പോസിറ്റീവ് എനര്‍ജി) കിട്ടേണ്ട ഭാഗമാണു പൂജാമുറി. അടുക്കള പണിയുമ്പോള്‍ കഴിയുന്നതും കിഴക്കോട്ടു നോക്കി നിന്ന് ആഹാരം പാചകം ചെയ്യുന്ന രീതിയില്‍ ആയിരിക്കണം. അടുക്കളയിലെ പാത്രങ്ങള്‍ കഴുകുന്നതിനുള്ള സിങ്ക് വടക്കു ഭാഗത്ത് സ്ഥാപിക്കുന്നതു നല്ലത്. അടുക്കളയുടെ പടിഞ്ഞാറു ഭാഗത്തേക്ക് ആയിരിക്കണം കലവറ (സ്റ്റോര്‍) മുറികള്‍ പണിയേണ്ടത്.
വീടിന്റെ പടിക്കെട്ട് (സ്റ്റെയര്‍കെയ്സ്) പ്രദക്ഷിണദിശയില്‍ (ക്ലോക്ക് വൈസ്) ആയിരിക്കണം. പടിക്കെട്ടു രൂപകല്‍പ്പന ചെയ്യുമ്പോള്‍ തെക്കോട്ടുനോക്കി കയറുകയോ അതല്ലെങ്കില്‍ പടിഞ്ഞാ റോട്ടുനോക്കി കയറുകയോ ചെയ്യുന്ന രീതിയില്‍ ആയിരിക്കണം. പൂമുഖ മുറിയുടെ (ഡ്രോയിംഗ്റൂമിന്റെ) വടക്കുഭാഗത്തായിട്ട് ഫിഷ് ടാങ്ക്, വാട്ടര്‍ ഫൗണ്ടന് എന്നിവ സ്ഥാപിക്കണം. ഭക്ഷണമേശ (ഡൈനിംഗ് ടേബിള്‍) വീടിന്റെ പടിഞ്ഞാറുഭാഗത്തും കിഴക്കു ഭാഗത്തും വരുന്നതു നല്ലതാണ്. കിഴക്കോട്ടു നോക്കിയിരുന്ന് ആഹാരം കഴിക്കുന്നതും പടിഞ്ഞാറോട്ടു നോക്കിയിരുന്ന് ആഹാരം കഴിക്കുന്നതും നല്ലതാണ്. വീടിനകത്ത് വയ്ക്കുന്ന സസ്യങ്ങള്‍ വളരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാന്‍. ശുഭചൈതന്യം പ്രസരിക്കുന്ന സസ്യങ്ങള്‍ മാത്രമേ വീടിനകത്തു വളര്‍ത്താവൂ. മരണപ്പെട്ട ആള്‍ക്കാരുടെ ചിത്രങ്ങള്‍ എല്ലാം തന്നെ വീടിന്റെ തെക്കേചുമരില് സ്ഥാപിക്കുക. പൂജാമുറിക്കകത്തു പരേതരുടെ പടങ്ങള്‍ വയ്ക്കരുത്. ജീവിച്ചിരിക്കുന്നവരുടെ പടങ്ങള്‍ പോലും പൂജാമുറിക്കകത്തു വയ്ക്കുന്നതു നല്ലതല്ല. വീട്ടുവളപ്പിനുള്ളില്‍ അശുഭചൈതന്യം (നെഗറ്റീവ് എനര്‍ജി) വമിക്കുന്ന വൃക്ഷങ്ങളും മുള്‍ച്ചെടികളും ഒഴിവാക്കുക.
പുതിയ വീടിനകത്തു ഫര്‍ണിച്ചറുകള്‍ പുതിയതു വാങ്ങിയിടാന്‍ ഉദ്ദേശിക്കുന്നു. അച്ഛനമ്മ അപ്പൂപ്പന്മാരുടെ ചിത്രങ്ങള്‍ പുതിയ വീട്ടില്‍ എവിടെയാണ് സ്ഥാപിക്കേണ്ടത്? ഫര്‍ണിച്ചറുകള്‍ ഇടാനുള്ള ക്രമീകരണങ്ങള്‍ പറഞ്ഞുതരുമോ?
മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ ഡ്രായിംഗ് ഹാളിന്റെ തെക്കേ ചുമരില്‍ സ്ഥാപിക്കുന്നത് ഉത്തമമാണ്. ബെഡ്റൂമില്‍ കട്ടിലുകള്‍ ഇടുന്നത് ഒന്നുകില്‍ തലഭാഗം തെക്കോട്ടു വരത്തക്കവിധത്തിലായിരിക്കണം. അല്ലെങ്കില്‍ കിഴക്കോട്ട്. അലമാരകള്‍ വടക്കോട്ടോ കിഴക്കോട്ടോ നോക്കിയിരിക്കുന്ന രീതിയില്‍ വയ്ക്കുക. കുട്ടികള്‍ക്കു പഠിക്കുന്നതിനുള്ള ടേബിള്‍ സൂര്യപ്രകാശം കടന്നുവരത്തക്ക രീതിയില്‍ കിഴക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ക്രമീകരിക്കണം. ഡൈനിംഗ് ടേബിള്‍ ക്രമീകരിക്കുമ്പോള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തെക്കോട്ടോ നോക്കിയിരുന്ന് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. മുന്‍വശത്തു പ്രധാനവാതിലിനെ ചെറുത്തുകൊണ്ടു സെറ്റികള്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ മധ്യഭാഗമായ ബ്രഹ്മസ്ഥാനത്ത് ഭാരമുള്ള വസ്തുക്കള്‍ കൊണ്ട് അടച്ചു വയ്ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: