തിരുവനന്തപുരം: കുട്ടനാട്ടിലെ കേറ്ററിംഗ് സംരംഭക ഷീല ദേവരാജിനെയും സഹപ്രവര്‍ത്തകരെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മ ആരിഫും ചേര്‍ന്ന് ആദരിച്ചു.ചെറുകരയിലെ രുചി കാറ്ററിംഗ് യൂണിറ്റിന് നേതൃത്വം നല്കുന്ന ഷീലാ ദേവരാജിനൊപ്പം 35 അംഗ വനിതാ കാറ്ററിംഗ് ടീമും ഗവര്‍ണറുടെ ക്ഷണപ്രകാരം എത്തിയിരുന്നു.
കുട്ടനാട്ടിലെ നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകരയിലും പരിസരത്തുമുള്ള കര്‍ഷക തൊഴിലാളി കുടുംബങ്ങളിലെ വീട്ടമ്മമാരാണ് ഈ കൂട്ടായ്മയിലുള്ളത്. വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നതോടൊപ്പം അവരില്‍ സമ്പാദ്യശീലം വളര്‍ത്താനുള്ള പരിശീലനവും നല്‍കുന്നുണ്ട്. ഈ പ്രവര്‍ത്തനവും കുട്ടനാട്ടിലെ പരമ്പരാഗത രുചികളെയും കരകൗശല ഇനങ്ങളെയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിലുള്ള ഉത്സാഹവും അഭിനന്ദനാര്‍ഹമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
എന്നും മറ്റുള്ളവര്‍ക്ക് ആഹാരം വിളമ്പുന്ന ഇവര്‍ രാജ്ഭവനിലെത്തിയപ്പോള്‍ അവര്‍ക്ക് ഉച്ചഭക്ഷണം വിളമ്പാന്‍ ഗവര്‍ണറും ചേര്‍ന്നു. പത്നീസമേതം അവര്‍ക്കൊപ്പം ഫോട്ടോയും എടുത്തു. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ധോദാവതും ചടങ്ങില്‍ സംബന്ധിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: