തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരണം ഉടനൊന്നും നടക്കില്ലെന്ന് വ്യക്തമായി. കേരളത്തിന്റെ നിലവിലെ സാമ്പത്തിക പരിമിതിയില്‍ റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കണമെന്ന സംഘടനകളുടെ ആവശ്യത്തില്‍ ഉടനെ പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കുറച്ചുകൂടി സാവകാശം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.
കേരള റേഷന്‍ ഡീലേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 7 ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് പാക്കേജ് പരിഷ്‌കരിക്കാനാകില്ലെന്ന് പറഞ്ഞത്.
റേഷന്‍ വ്യാപാരികള്‍ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരണം, കെടിപിഡിഎസ് നിയമം കാലോചിതമായി ഭേദഗതി ചെയ്യുക, റേഷന്‍ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് അവ. കെപിറ്റിഡിഎസ് നിയമം കാലോചിതമായി പരിഷ്‌കരിക്കുന്നതിന് റേഷനിംഗ് കണ്‍ട്രോളര്‍ കണ്‍വീനറായിട്ടുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചതായും മാര്‍ച്ച് മാസത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് പി.ജി. പ്രിയന്‍കുമാര്‍, സി.ബി. ഷാജികുമാര്‍, സി. മോഹനന്‍ പിള്ള, കാടാമ്പുഴ മൂസ, കെ.ബി. ബിജു, റ്റി. മുഹമ്മദലി, മീനാങ്കല്‍ സന്തോഷ്, കുറ്റിയില്‍ ശ്യം, ഉഴമലയ്‌ക്കല്‍ വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: