റിയാദ്: റംസാനോടനുബന്ധിച്ച് പള്ളികള്‍ക്കകത്ത് ഇഫ്താര്‍ വിരുന്ന് നടത്തുന്നത് വിലക്കി സൗദി അറേബ്യ. കൂടാതെ ഇഫ്താറിനും നോമ്പ് തുറയ്ക്കുമായി ഇമാമുമാര്‍ സംഭാവനകള്‍ ശേഖരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. സൗദി അറേബ്യയിലെ പള്ളികളുടെ ചുമതലയുള്ള ഇസ്ലാമിക കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് പുതിയ റംസാന് മാര്‍ഗനിര്‍ദേശങ്ങളെന്നാണ് റിപ്പോര്‍ട്ട്.
ശുചിത്വം കണക്കിലെടുത്താണ് പള്ളിക്കകത്ത് ഇഫ്താര്‍ നിരോധിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. പള്ളികള്‍ക്കുള്ളില്‍ വിരുന്ന് പാടില്ല. പള്ളി അങ്കണത്തിലാകണം വിരുന്ന്. ഇതിനായി താത്ക്കാലിക മുറികളോ ടെന്റുകളോ ഉപയോഗിക്കരുത്. ഇമാമുമാരുടെയും വാങ്ക് വിളിക്കുന്നയാളുടെയും ഉത്തരവാദിത്തത്തിലാകണം ഇഫ്താറുകള്‍. വിരുന്ന് അവസാനിച്ചശേഷം അവിടം വൃത്തിയാക്കേണ്ട ചുമതലയും സംഘാടകരില്‍ നിക്ഷിപ്തമാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
പള്ളികള്‍ക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ ഉപയോഗവും നിയന്ത്രിച്ചിട്ടുണ്ട്. കാമറകളിലൂടെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കുന്ന ഇമാമുമാരെയും മറ്റുള്ളവരെയും ചിത്രീകരിക്കാനോ, അവര്‍ക്ക് ശല്യമുണ്ടാക്കാനോ പാടില്ല. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പ്രാര്‍ത്ഥനകള്‍ പ്രക്ഷേപണം ചെയ്യുന്നതും വിലക്കി.
സൗദി കലണ്ടറായ ഉമ്മുല്‍ ഖുറ അനുസരിച്ചാകണം പ്രാര്‍ത്ഥന സമയം അറിയിക്കുന്ന വാങ്ക് വിളിയും പ്രാര്‍ത്ഥനയും ക്രമീകരിക്കേണ്ടത്. വാങ്ക് വിളിക്കും നമസ്കാരത്തിനും ഇടയിലുള്ള സമയത്തിന്റെ ദൈര്‍ഘ്യം കൃത്യമായിരിക്കണം. റംസാന് മാസം രാത്രിയിലുള്ള പ്രത്യേക പ്രാര്‍ത്ഥന, തറാവീഹിലിന്റെ സമയം നീട്ടുന്നത് ഒഴിവാക്കണം. പ്രഭാഷണങ്ങള്‍ നടത്താമെന്നും ഉത്തരവില്‍ പറയുന്നു.
2017 ജൂണിലാണ് സൗദി കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് എത്തുന്നത്. തുടര്‍ന്ന് നിരവധി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. സൗദിയില്‍ സംഗീത പരിപാടികള്‍ക്കുള്ള നിരോധനം, സിനിമ തീയറ്ററുകള്‍ക്കുള്ള നിരോധനം, സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് തുടങ്ങിയവ അദ്ദേഹം നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: