കൊല്‍ക്കൊത്ത: ബംഗാളില്‍ ബിജെപിയുടെ എല്ലാ ആക്രമണങ്ങളെയും ഇതുവരെ ചെറുത്തുനിന്ന മമത ബാനര്‍ജിക്ക് സന്ദേശ്ഖലിയില്‍ കാലിടറി. 55 ദിവസമായും ബംഗാള്‍ പൊലീസിന് ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ കൊല്‍ക്കൊത്ത ഹൈക്കോടതി ഇഡിയ്ക്കും സിബിഐയ്ക്കും ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ അനുവാദം നല്കി. ഇതോടെയാണ് കഴിഞ്ഞ ദിവസം പൊടുന്നനെ രണ്ടുമാസത്തോളം ഇരുട്ടിലൊളിച്ച ഷേഖ് ഷാജഹാനെ നാടീകയമായി ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ഇപ്പോള്‍ ഷേഖ് ഷാജഹനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി കൊല്‍ക്കൊത്ത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഷേഖ് ഷാജഹാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്‍ക്കൊത്ത ഹൈക്കോടതി തള്ളിയെന്ന് മാത്രമല്ല, മാര്‍ച്ച് നാലിനകം ഷേഖ് ഷാജഹാന്റെ അഭിഭാഷകനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. മാത്രമല്ല, ഷേഖ് ഷാജഹാനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കൊല്‍ക്കൊത്ത ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇതോടെ തൃണമൂലും മമതയും അങ്ങേയറ്റം പ്രതിരോധത്തിലായിരിക്കുകയാണ്. ഇനി ഹൈക്കോടതി ഷേഖ് ഷാജഹാനെ ഇഡി കസ്റ്റഡിയില്‍ വിട്ടാല്‍ മമതയുടെ ബംഗാളിലെ ചില പോക്കറ്റുകളിലുള്ള ഗുണ്ടാശൃംഖലകളുടെ ചങ്ങലക്കെട്ട് ബിജെപി പൊട്ടിക്കുമെന്നുറപ്പാണ്.
ഗോത്രവര്‍ഗ്ഗക്കാരുടെ ഏക്കര്‍ കണക്കിന് കൃഷിഭൂമി തട്ടിയെടുത്ത് അവിടെ മീന്‍ കൃഷി നടത്തുക മാത്രമല്ല, ഭൂമി നല്കാന് മടിച്ച സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു ഷേഖ് ഷാജഹാന് എന്നതാണ് പരാതി. സാധാരണക്കാരായ സ്ത്രീകള്‍ വരെ സന്ദേശ്ഖലിയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് നിര്‍ഭയം പ്രതിഷേധമാര്‍ച്ച് നടത്തിയപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം കോടതിയ്ക്കും ബോധ്യപ്പെട്ടത്.
കേന്ദ്ര ഏജന്‍സി ബംഗാളില്‍ ഇറങ്ങിയാല്‍ ഷേഖ് ഷാജഹാനെ പൊക്കും എന്ന തോന്നലുണ്ടായതോടെ മമതയുടെ ഇരുമ്പുമറ പൊളിഞ്ഞു. ബംഗാള്‍ പൊലീസിന് ഷേഖ് ഷാജഹാന് പിടികൊടുത്തു. ഇപ്പോള്‍ ഷേഖ് ഷാജഹാന്റെ അനുയായി അമീര്‍ അലി ഗാസിയെ ജാര്‍ഖണ്ഡില്‍ നിന്നും ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് ഷേഖ് ഷാജഹാനെ ആറ് വര്‍ഷം തൃണമൂലില്‍ നിന്നും സസ്പെന്റ് ചെയ്തതായി പ്രഖ്യാപിച്ചിരിക്കുകയാണ്.
സന്ദേശ്ഖലി സമരത്തില്‍ ഗോത്രവര്‍ഗ്ഗക്കാരെ വരെ സമരത്തിന്റെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ബിജെപിയുടെ വിജയം. മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷന് ബംഗാളില്‍ അര്‍ധസൈനികരെ വ്യാപകമായി വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ തൃണമൂലിന്റെ അക്രമങ്ങളെ തടയാനാണ് ഈ നീക്കം.
തൃണമൂലിനെ ബംഗാളിലേക്ക് അധികാരത്തില്‍ കയറ്റിയത് ടാറ്റാ ഫാക്ടറിയ്ക്ക് എതിരായ സിംഗൂര്‍ സമരമാണെങ്കില്‍ ഇക്കുറി ബിജെപിയ്ക്ക് ബംഗാളിന്റെ ചില വിഭാഗങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ തൃണമൂല്‍ ഗുണ്ട ഷേഖ് ഷാജഹാനെതിരായ സന്ദേശ്ഖലി സമരം സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: