ബെംഗളൂരു: പാകിസ്താന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശത്രുരാജ്യമല്ലെന്നും, തങ്ങള്‍ക്ക് അയല്‍രാജ്യം മാത്രമാണെന്നും കര്‍ണാടക കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബി.കെ. ഹരിപ്രസാദ്.
പാകിസ്താന് സിന്ദാബാദ് മുദ്രാവാക്യങ്ങളുമായി വിജയം ആഘോഷിച്ചതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് വീണ്ടും കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം. കോണ്‍
ഗ്രസിന്റെ രാജ്യസഭാ വിജയത്തിന് ശേഷം പാകിസ്താന് അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനെ കുറിച്ചുള്ള ബിജെപിയുടെ ചോദ്യങ്ങള്‍ക്കായിരുന്നു ഹരിപ്രസാദിന്റെ വിവാദമറുപടി. സംഭവത്തില്‍ വീണ്ടും പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കോണ്‍ഗ്രസ് ദേശവിരുദ്ധ വികാരം വളര്‍ത്തിയെടുക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ശത്രുരാജ്യവുമായുള്ള കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് ബിജെപി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ബിജെപിക്ക് പാകിസ്താന് ശത്രുരാജ്യമായിരിക്കാം. ഞങ്ങള്‍ക്ക് അങ്ങനെയല്ല. ഞങ്ങള്‍ക്ക് അതൊരു അയല്‍രാജ്യം മാത്രമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം.
ഹരിപ്രസാദിന്റെ പ്രസ്താവനയെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. നാല് തവണ ഇന്ത്യക്കെതിരെ യുദ്ധം ചെയ്തിട്ടും പാകിസ്താന് കോണ്‍ഗ്രസിന് അയല്‍രാജ്യമാണ്. പാകിസ്താനെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ മനോഭാവം എന്താണെന്ന് ബികെ ഹരിപ്രസാദിന്റെ പ്രസ്താവനയിലൂടെ ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
ജവഹര്‍ലാല്‍ നെഹ്റുവും മുഹമ്മദ് അലി ജിന്നയും തമ്മിലുള്ള ബന്ധം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തലമുറയും തുടരുന്നുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നുവെന്നും ബിജെപി തുറന്നടിച്ചു. ഫെബ്രുവരി 27ന് കര്‍ണാടകയിലെ നാലില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലും കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതിന് പിന്നാലെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപി ഡോ. സയ്യിദ് നസീര്‍ ഹുസൈന്റെ അനുയായികള്‍ പാകിസ്താന് സിന്ദാബാദ് മുദ്രാവാക്യം ആഘോഷം നടത്തിയിരുന്നു.
സംഭവത്തില്‍ ഹുസൈനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരെ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാന നിയമസഭാ സമ്മേളനം ബുധനാഴ്ച നിര്‍ത്തിവച്ചു. ആരോപണവിധേയമായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തില്‍ ബിജെപി – ജെഡിഎസ് നേതാക്കള്‍ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: