ന്യൂദല്‍ഹി: കോണ്‍ഗ്രസിന് രാജിയുടെ ബുധനാഴ്ച. മൂന്നു സംസ്ഥാനങ്ങളിലെ പ്രമുഖരായ മൂന്നു നേതാക്കള്‍ വിവിധ സ്ഥാനങ്ങള്‍ രാജിവച്ചത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. പാര്‍ട്ടി ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ജയിച്ചതും കോണ്‍ഗ്രസിനെ വെട്ടിലാക്കി.
ഹിമാചല്‍ പൊതുമരാമത്തു മന്ത്രിയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെയും പിസിസി അധ്യക്ഷ പ്രതിഭ സിങ്ങിന്റെയും മകനുമായ വിക്രമാദിത്യ സിങ്, ആസാം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണ ഗോസ്വാമി, ബംഗാളിലെ കോണ്‍ഗ്രസ് വക്താവ് കൗസ്തവ് ബാഗ്ചി എന്നിവരാണ് ഇന്നലെ രാജിവച്ചത്. വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും രാത്രിയോടെ പിന്‍വലിച്ചെന്നാണ് റിപ്പോര്‍ട്ട്. റാണാ ഗോസ്വാമി, കൗസ്തവ് ബാഗ്ചി എന്നിവര്‍ പാര്‍ട്ടി തന്നെ വിട്ടു. അവഗണനയാണ് രാജിക്കു കാരണമെന്ന് ഇവര്‍ പറയുന്നു.
രാഹുലിന്റെ ഭാരത് ജോഡോ യാത്ര കടന്നുപോയ വഴിയിലെല്ലാം പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാണ്. ഇന്‍ഡി മുന്നണിയുടെ ഭാഗമായി ആം ആദ്മി, എസ്പിഎന്നിവയുമായുള്ള സീറ്റുപങ്കിടല്‍ സാധാരണ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.
ഹിമാചല്‍പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തോല്‍വിക്കു പിന്നാലെയായിരുന്നു വിക്രമാദിത്യ സിങ്ങിന്റെ രാജി. പാര്‍ട്ടിക്കും സര്‍ക്കാരിനും കനത്ത ആഘാതമായിത്. അച്ഛന്റെ പേരുപയോഗിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതെന്നും എന്നാല്‍ അദ്ദേഹത്തിന് അര്‍ഹമായ ആദരം നല്കാന് പാര്‍ട്ടി തയാറാകുന്നില്ലെന്നും വിക്രമാദിത്യ സിങ് പറഞ്ഞു. വീരഭദ്ര സിങ്ങിന്റെ ഒരു പ്രതിമ സ്ഥാപിക്കാന്‍ പോലുമായില്ലെന്നും വിക്രമാദിത്യ സിങ് ആരോപിച്ചിട്ടുണ്ട്.
ആസാം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുസ്ഥാനം രാജിവച്ച റാണാ ഗോസ്വാമി അപ്പര്‍ ആസാമിലെ പ്രമുഖ നേതാവാണ്. വിവിധ ചുമതലകള്‍ രാജിവച്ചതിനു പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും ജോര്‍ഹട്ടിലെ മുന്‍ എംഎല്‍എ കൂടിയായ റാണ രാജിവച്ചു.
ടിഎംസിയുമായി കോണ്‍ഗ്രസ് കൈ കോര്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ബാഗ്ചി പ്രതികരിച്ചു. ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന്, ബംഗാളില്‍ നിന്നു തൃണമൂല്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ ബിജെപിക്കേ കഴിയൂയെന്ന് പറയാനാഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്, സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ബസവ രാജ് പാട്ടീല്‍, മിലിന്ദ് ദേവ്റ, ബാബ സിദ്ദിഖ്, ഗുജറാത്തില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ നരണ്‍ രത്വ, ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപിയും മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയുമായ ഗീത കോഡ, തമിഴ്നാട്ടിലെ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എസ്. വിജയധരണി, ആസാം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കമലാഖ്യ ദേ പുര്‍കയസ്ത, എംഎല്‍എ ബസന്ത ദാസ് തുടങ്ങിയവര്‍ ഈയിടെയാണ് കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: