ന്യൂദൽഹി: വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്നത് ബിജെപിയുടെ വലിയ ലക്ഷ്യമല്ലെന്നും ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ രാജ്യവ്യാപകമായി സീറ്റുകൾ നേടുകയാണ് പദ്ധതിയെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ടിവി9 നെറ്റ്‌വർക്ക് സംഘടിപ്പിച്ച ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് കൈക്കൊള്ളുന്ന എല്ലാ പുരോഗമനപരമായ നടപടികളെയും കോൺഗ്രസ് എതിർക്കുന്നുവെന്നും ഒരു കുടുംബത്തിന്റെ ക്ഷേമമാണ് അവരുടെ ഏക അജണ്ട എന്നും യാദവ് ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടുന്നതിനായി ബിജെപിക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) കൃത്രിമം കാണിക്കാമെന്ന കോൺഗ്രസിന്റെ ആരോപണത്തെക്കുറിച്ച് യാദവ് കൃത്യമായ മറുപടിയാണ് നൽകിയത്. “കോൺഗ്രസ് നിലവിൽ പൂർണ്ണമായും ദിശാബോധമില്ലാത്തവരാണെന്നും തോൽവികൾക്ക് ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു, അവരുടെ പ്രസ്താവനകളിൽ യുക്തിയില്ല.” – കേന്ദ്രമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്നത് ബിജെപിയുടെ വലിയ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് യാദവ് പറഞ്ഞു.
ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ് ബിജെപി രാജ്യത്തെ ഒന്നിപ്പിച്ചെന്നും കോൺഗ്രസ് അതിനെ പിന്തുണയ്‌ക്കണമായിരുന്നുവെന്നും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ വിമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനെ കോൺഗ്രസ് എതിർത്തിരുന്നുവെന്ന് ആരോപിച്ച് യാദവ് രാമയാത്ര പ്രഖ്യാപിച്ച് കോൺഗ്രസിന്റെ മധ്യപ്രദേശ് ഘടകത്തെയും പരിഹസിച്ചു. കോൺഗ്രസ് നേരത്തെ സുപ്രീം കോടതിയിൽ ശ്രീരാമൻ ഇല്ലെന്ന് സത്യവാങ്മൂലം സമർപ്പിച്ചു, അവരുടെ ഭക്തി വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന കോൺഗ്രസിന്റെ ആരോപണത്തെ അദ്ദേഹം പുഛിച്ച് തള്ളി. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ ഡാറ്റ സ്വകാര്യ മേഖലയിലെ തൊഴിൽ നിരക്കിൽ തുടർച്ചയായ വർദ്ധനവ് കാണിക്കുന്നതായി ഇതിന് മറുപടിയെന്നോണം യാദവ് ചൂണ്ടിക്കാട്ടി.
ഇതിനു പുറമെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ കണക്കുകളും ഈ പ്രവണതയെ പിന്തുണയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേന്ദ്രം ഓരോ മാസവും ഒരു ലക്ഷം പേർക്ക് ജോലി നൽകുന്നുണ്ട്. ഇത് സംസ്ഥാന സർക്കാരുകൾ സൃഷ്ടിക്കുന്ന തൊഴിലുകൾക്ക് പുറമേയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: